1970 നവംബർ 13ന് നടന്ന അട്ടിമറിയിലൂടെയാണ് അസദ് കുടുംബത്തിലെ ആദ്യ പ്രസിഡൻ്റ് ഹഫീസ് അൽ അസദ് അധികാരത്തിലെത്തുന്നത്
അസദ് കുടുംബം
സിറിയയിലെ ആഭ്യന്തര സംഘർഷം കനത്തതോടെ പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധം കൂടി ഉടലെടുക്കുമെന്ന ഭീതി ലോകത്തിനുണ്ടായിരുന്നു. എന്നാൽ വിമതർ തലസ്ഥാനനഗരമായ ദമാസ്കസും കയ്യേറിയതോടെ, അസദ് ഭരണകൂടത്തിൻ്റെ അടി പതറിയിരിക്കുകയാണ്. വിമത സംഘമായ തഹ്രീർ അൽ ഷാമിൻ്റെ കൈകളിലാണ് ഇനി സിറിയ. പ്രസിഡൻ്റ് ബാഷർ അൽ അസദ് രാജ്യം വിട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെ അരനൂറ്റാണ്ടിലേറെയായി തുടരുന്ന അസദ് കുടുംബത്തിൻ്റെ ഭരണം സിറിയയിൽ അവസാനിക്കുകയാണ്.
അസദ് കുടുംബം സ്വന്തമാക്കിയ സിറിയ
1970 നവംബർ 13ന് നടന്ന അട്ടിമറിയിലൂടെയാണ് അസദ് കുടുംബത്തിലെ ആദ്യ പ്രസിഡൻ്റ് ഹഫീസ് അൽ അസദ് അധികാരത്തിലെത്തുന്നത്. സ്വാതന്ത്ര്യാനന്തര കാലത്തെ രാഷ്ട്രീയ അനിശ്ചിതത്വം തന്നെയായിരുന്നു അക്കാലത്തെ സിറിയയുടെ മുഖമുദ്ര. അലവൈറ്റ് ന്യൂനപക്ഷത്തിലെ അംഗമായിരുന്ന ഹഫീസിന് സിറിയയിൽ ആധിപത്യം സ്ഥാപിച്ചെടുക്കാൻ കഴിയുമോ എന്നായിരുന്നു പലരുടെയും സംശയം. എന്നാൽ സിറിയൻ വ്യോമസേനയിലെ കമാൻ്ററായും, പ്രതിരോധമന്ത്രിയായും പ്രവർത്തിച്ച ഹഫീസിന് സൈന്യത്തിൻ്റെ വലിയ പിന്തുണ അനായാസം ലഭിക്കുമായിരുന്നു. അധികാരം പിടിച്ചെടുക്കാനിറങ്ങി തിരിച്ച ഹഫീസിന് ഈ പിന്തുണ നൽകിയ ധൈര്യം ചെറുതല്ല.
അത്ര സുഖകരമായ ഭരണരീതിയായിരുന്നില്ല ഹഫീസ് അൽ അസദിൻ്റേത്. രാഷ്ട്രീയ അനിശ്ചിതത്വം തുടുരുന്ന രാജ്യത്തെ ഏറ്റവുമെളുപ്പം തൻ്റെ പരിധിയിൽ വരുത്തണമെങ്കിൽ, വിഭജിച്ചുള്ള ഭരണം തന്നെ വേണമെന്ന് ഹഫീസ് തീരുമാനിച്ചു. സിറിയയുടെ വംശീയവും മതപരവും രാഷ്ട്രീയവുമായ ഭിന്നതകളെ മുതലെടുത്തുകൊണ്ട് വിഭജനമുണ്ടാക്കുക, ഭരിക്കുക - ഈ തന്ത്രത്തെയാണ് ഹഫീസ് ആശ്രയിച്ചത്. രാജ്യത്തെ ഒരുമിച്ച് നിർത്തുന്ന അത്താണി താനാണെന്ന് വരുത്തിതീർക്കാനും ഹഫീസിന് സാധിച്ചു. എന്നാൽ ദുർബലമായൊരു ഭരണസംവിധാനമായിരുന്നു ഹഫീസ് അസദ് ഭരണത്തിൻ്റെ അനന്തരഫലം.
സിറിയ തൻ്റെ കൈപ്പിടിയിലായിരിക്കണമെന്നും ഇനി ഭരണം കൈവിട്ട് പോവരുതെന്നും ഹഫീസിന് നിർബന്ധമുണ്ടായിരുന്നു. അതിനായി സിറിയയിൽ പരമ്പരാഗതമായി പാർശ്വവത്കരിക്കപ്പെട്ട അലവൈറ്റ് സമുദായത്തെ ഹഫീസ് ഉയർത്തികൊണ്ടുവന്നു. സർക്കാരിലും, സൈന്യത്തിലും എന്നുവേണ്ട സിറിയയിലെ അധികാരസ്ഥാനങ്ങളെല്ലാം അലവൈറ്റുകൾ അലങ്കരിച്ചു. ഇതുവഴി തൻ്റെ പിൻഗാമികൾക്കും സിറയയിൽ ആധിപത്യമുണ്ടാക്കിയെടുക്കാൻ ഹഫീസിന് കഴിഞ്ഞു.
ആധിപത്യം സ്ഥാപിക്കുന്നതിൽ ഭീഷണിയായേക്കാവുന്ന എല്ലാ സാധ്യതകളേയും പഴുതിട്ട് പൂട്ടാൻ ഹഫീസ് പ്രത്യേകം ശ്രദ്ധിച്ചു. അതിനായി സിറിയയിലെ വിഭാഗീയവും സമുദായികപരവുമായ പിഴവുകളെയായിരുന്നു ഹഫീസ് കൂട്ടുപിടിച്ചത്. 1946ൽ സിറിയ സ്വാതന്ത്ര്യം നേടിയതോടെ, രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സൈന്യത്തിലും അലവൈറ്റുകൾ മുൻപന്തിയിലായിരുന്നു.
ഭരണം ഒരു നേത്രരോഗവിദഗ്ധനിലേക്ക്
തൻ്റെ കാലം അവസാനിക്കാറായെന്ന് തിരിച്ചറിഞ്ഞ ഹഫീസ് അൽ അസാദ്, ഇനി ഭരണം മൂത്ത മകൻ ബാസൽ അൽ അസദിന് നൽകാമെന്ന് പദ്ധതിയിട്ടു. എന്നാൽ വിധി ഹഫീസിൻ്റെ പദ്ധതികൾക്കനുകൂലമായിരുന്നില്ല. 1994-ൽ നടന്ന ഒരു വാഹനാപകടത്തിൽ ബാസലിന് ജീവൻ നഷ്ടമായി. ബാസലിൻ്റെ അകാല മരണം, സിറിയൻ ഭരണത്തെ ഹഫീസിൻ്റെ രണ്ടാമത്തെ മകനും നേത്രരോഗവിദഗ്ധനുമായ ബാഷറിലേക്ക് എത്തിച്ചു. 2000-ൽ ഹഫീസ് മരിച്ചപ്പോൾ, 97 ശതമാനം വോട്ട് നേടി റഫറണ്ടത്തിലൂടെ ബാഷർ പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്തു.
ബാഷർ അൽ അസദ് (നടുവിൽ)
തുടക്കത്തിൽ ശുഭാപ്തി വിശ്വാസത്തോടെയാണ് ബാഷറിൻ്റെ ഭരണം സിറിയക്കാർ നോക്കികണ്ടത്. ഹഫീസ് തുടർന്നുപോന്ന സ്വേച്ഛാധിപത്യഭരണം ഇതോടെ അവസാനിക്കുമെന്നും, സിറിയയിൽ പുതിയ പരിഷ്കാരങ്ങളുണ്ടാവുമെന്നും രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിച്ചു. എന്നാൽ ആ പ്രതീക്ഷകൾക്ക് ആയുസുണ്ടായിരുന്നില്ല. ബാഷർ ഹഫീസിൻ്റെ പാരമ്പര്യം തന്നെ പിന്തുടർന്ന് പോന്നു.
പിതാവിൻ്റെ അനുയായികളെ പിരിച്ചുവിട്ട് തനിക്ക് വേണ്ടപ്പട്ടവരെ അധികാരസ്ഥാനങ്ങളിലേക്ക് നിയമിക്കുകയെന്നതായിരുന്നു ഭരണത്തിലെത്തിയ ബാഷർ ആദ്യം ചെയ്തത്. സഹോദരൻ മഹറും കസിൻ റാമി മഖ്‌ലൂഫുമായിരുന്നു ബാഷർ സർക്കാരിലെ പ്രധാനികൾ. എന്നാൽ ഈ നീക്കത്തിലൂടെ ബാഷറിന് സിറിയിയലെ ഗ്രാമീണരുമായുള്ള ബന്ധം നഷ്ടപ്പെട്ടു.
സാമ്പത്തിക കെടുകാര്യസ്ഥതയും വർധിച്ച അസമത്വവുമാണ് ബാഷർ ഭരണത്തിൻ്റെ മുഖമുദ്രകൾ. വ്യാപകമായ ദാരിദ്ര്യം, തൊഴിലില്ലായ്മ, അഴിമതി എന്നിവ ബാഷർ സർക്കാരിലുള്ള പൊതുജനങ്ങളുടെ അതൃപ്തി വർധിപ്പിച്ചു. 2000-കളുടെ അവസാനത്തിലുണ്ടായ കടുത്ത വരൾച്ച, ലക്ഷക്കണക്കിന് ഗ്രാമീണ സിറിയക്കാരെ നഗരപ്രദേശങ്ങളിലേക്ക് ചേക്കേറാൻ നിർബന്ധിതരാക്കി. ഈ സമയത്ത് സിറിയയുടെ സമ്പദ്‌വ്യവസ്ഥയുടെ 60 ശതമാനത്തിലധികം നിയന്ത്രിച്ചിരുന്നത് റാമി മഖ്‌ലഫായിരുന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്വകാര്യ സൈന്യങ്ങളും, വ്യക്തിഗത താൽപര്യങ്ങളുമായി ഒരു ഷാഡോ സ്റ്റേറ്റ് മാതൃകയിലായിരുന്നു അസദ് കുടുംബത്തിൻ്റെ ഭരണം. ഇതുവഴി രാജ്യത്ത് നിയന്ത്രണം നിലനിർത്താൻ അവർക്ക് കഴിഞ്ഞെങ്കിലും, ഭരണം അതാര്യവും ഉത്തരവാദിത്തമില്ലാത്തതുമായി മാറി. സിറിയയിൽ തെരഞ്ഞെടുപ്പുകളും ഭരണഘടനാ പരിഷ്കാരങ്ങളുമെല്ലാം പേരിന് മാത്രമായി. അസദ് ഭരണകാലത്ത് സിറിയയിൽ അരങ്ങേറിയത് സ്വേച്ഛാധിപത്യം തന്നെയായിരുന്നു.
സ്വേച്ഛാധിപത്യത്തിൻ്റെ ക്രൂരത
ഹഫീസ് അസറിൻ്റെ ഭരണം എത്രത്തോളം ക്രൂരമാണെന്ന് തെളിയിക്കുന്നതായിരുന്നു 1982ലെ പ്രക്ഷോഭം. അന്ന് മുസ്ലീം ബ്രദർഹുഡ് നടത്തിയ സായുധ പ്രക്ഷോഭത്തെ, ഹഫീസ് സൈന്യത്തെ ഉപയോഗിച്ച് നേരിട്ടു. 10,000 മുതൽ 40,000 വരെ ആളുകൾ അന്ന് മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഈ ക്രൂരത ബാഷർ ഭരണത്തിലും അലയടിച്ചിരുന്നു.
2011ൽ അസദ് ഭരണകൂടത്തിൻ്റെ അടിച്ചമർത്തലുകൾക്കെതിരെ ദേരയിൽ ഒരു സമാധാനപരമായ പ്രക്ഷോഭം അരങ്ങേറിയിരുന്നു. എന്നാൽ ബാഷർ സർക്കാർ അതിക്രൂരമായാണ് അതിനോട് പ്രതികരിച്ചത്. ഇത് സിറിയയിൽ ആഭ്യന്തര യുദ്ധത്തിലേക്ക് വഴി തുറന്നു. റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുടെയും, ഇറാൻ്റെ പിന്തുണയുള്ള സൈന്യങ്ങളുടേയും സഹായത്തോടെ അസദ് സർക്കാർ പല പ്രധാന നഗരങ്ങളും കൈക്കലാക്കി. ഭൂരിപക്ഷം പ്രദേശങ്ങളും സർക്കാരിൻ്റെ പരിധിയിലായിരുന്നില്ലെങ്കിൽ പോലും വലിയ സംഘർഷങ്ങൾ രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ടു. പതിനായിരങ്ങൾക്ക് ജീവൻ നഷ്ടമായി. ലക്ഷകണക്കിന് ആളുകൾക്ക് രാജ്യം വിടേണ്ടി വന്നു.
പ്രതിഷേധക്കാർ ബാഷറിൻ്റെ ചിത്രം കീറുന്നു
2011ലെ സംഘർഷത്തിൽ പൈശാചിക മാർഗങ്ങളുപയോഗിച്ചായിരുന്നു സായുധ പ്രതിപക്ഷത്തെ അസദ് ഭരണകൂടം നേരിട്ടത്. 2013ൽ സൈന്യം നേർവ് ഗ്യാസ് ഉപയോഗിക്കുകയും ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും ചെയ്തിരുന്നു. എന്നാൽ എല്ലാ തെരഞ്ഞെടുപ്പുകളിലും റെക്കോർഡ് ഭൂരപക്ഷത്തിൽ ബാഷർ അസദ് പ്രസിഡൻ്റ് സ്ഥാനത്തെത്തിയെന്നതാണ് വിരോധാഭാസം. വഞ്ചനാപരമെന്നായിരുന്നു 2021ൽ നടന്ന ഏറ്റവുമൊടുവിലത്തെ തെരഞ്ഞെടുപ്പിനെ പാശ്ചാത്യ രാജ്യങ്ങൾ വിശേഷിപ്പിച്ചത്.
ഇനി വിമതഭരണം
അറബ് വസന്തത്തിൽ നിന്ന് പിറവിയെടുത്ത ഭരണകൂട വിരുദ്ധ പ്രക്ഷോഭമാണ് ഇപ്പോൾ അസദ് ഭരണകൂടത്തെ താഴെയിറിക്കിയിരിക്കുന്നത്. ഇതോടെ അഞ്ച് ലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്ത സിറിയൻ ആഭ്യന്തരയുദ്ധവും അവസാനിക്കുകയാണ്.
ഇനി സിറിയ സ്വതന്ത്രമാണെന്നായിരുന്നു ഷിയാ സർക്കാരിനെതിരായി യുദ്ധം ചെയ്യുന്ന സുന്നി ഇസ്ലാമിക് സംഘടനയായ തഹ്രീർ അൽ ഷാമിന്‍റെ പ്രഖ്യാപനം. 2016ൽ സിറിയൻ സർക്കാർ വിമത സൈന്യത്തെ തുരത്തിയോടിച്ച ശേഷം ഇതാദ്യമായാണ് സിറിയയിൽ ഇതുപോലെ വലിയൊരു സർക്കാർ വിരുദ്ധ സൈനിക നീക്കം നടക്കുന്നത്. അരനൂറ്റാണ്ടായി തുടരുന്ന അസദ് കുടുംബ വാഴ്ച അവസാനിച്ചു. സിറിയ ഇനി വിമതരുടെ കീഴിലാണ്. സിറിയയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഇനി എങ്ങോട്ട് നീങ്ങുമെന്ന കാത്തിരിക്കുകയാണ് ലോകം.