താമരശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട് നൽകിയത്.
കോഴിക്കോട് കട്ടിപ്പാറയിൽ ശമ്പളം കിട്ടാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയ അധ്യാപികയുടെ നിയമനം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിൻ്റെ റിപ്പോർട്ട് പുറത്ത്. നിയമന കാര്യത്തിൽ മാനേജ്മെൻ്റിന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറഞ്ഞു. താമരശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട് നൽകിയത്.
അലീന ബെന്നിയുടെ നിയമനം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2024ൽ കോടഞ്ചേരി സെൻറ് ജോസഫ് സ്കൂളിലേക്ക് മാറ്റിയെങ്കിലും നിയമനാംഗീകാരം ലഭ്യമാക്കുന്നതിന് ആവശ്യമായ ഫയലുകൾ ഇല്ലാത്തതിനാൽ മടക്കുകയായിരുന്നു. പിന്നീട് ഈ വർഷം ജനുവരി 24നാണ് പൂർണ്ണമായ രേഖകൾ മാനേജ്മെൻറ് ഹാജരാക്കിയത്. മറ്റൊരു ടീച്ചറുടെ ഒഴിവിലേക്കായിരുന്നു മാനേജ്‌മെൻ്റ് അലീനയെ തീരുമാനിച്ചത്. നസ്രത്ത് എൽപി മൂത്തോറ്റിക്കൽ സ്കൂളിലെ ടീച്ചറെ സർവീസിൽ നിന്ന് നീക്കം ചെയ്ത ഉത്തരവ് ലഭിക്കാത്തതിനാൽ ഈ ഒഴിവിലേക്ക് അലീന ബെന്നിയുടെ നിയമനം വിദ്യാഭ്യാസ വകുപ്പ് നിരസിച്ചിരുന്നു. കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂളിലെ നിയമനവും വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ല.
സംവരണ മാനദണ്ഡം അനുസരിച്ച് ഭിന്നശേഷി നിയമനം പൂർത്തിയാക്കണമായിരുന്നു. എന്നാൽ മാനേജ്‌മെൻ്റ് അവശ്യമായ രേഖകൾ സമർപ്പിക്കാത്തതിനാൽ ഈ നിയമനവും അംഗീകരിച്ചിരുന്നില്ല. ഭിന്നശേഷി മാനദണ്ഡപ്രകാരമുള്ള നിയമനങ്ങൾ കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിലുള്ള സ്കൂളുകളിൽ പൂർത്തീകരിക്കാത്തതിനാൽ അലീനയ്ക്ക് സ്ഥിരം നിയമനം നൽകാൻ കഴിയില്ലെന്നും വിദ്യാഭ്യാസ വകുപ്പ് മാനേജ്മെന്റിനെ അറിയിച്ചിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം അധ്യാപികയുടെ മരണത്തിന് ഉത്തരവാദികൾ സർക്കാറാണെങ്കിലും മാനേജ്മെൻ്റാണെങ്കിലും നടപടി സ്വീകരിക്കണമെന്ന് കെപിഎസ്‌ടിഎ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദ് പറഞ്ഞു. ആരാണ് ഉത്തരവാദി എന്ന് അന്വേഷിക്കണം. എയ്ഡെഡ് വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്ത് നിയമനങ്ങൾ നടത്തട്ടെ. നിയമനത്തിനായി കോഴ വാങ്ങിയോ എന്നറിയില്ലെന്നും സർക്കാരിന് വീഴ്ച സംഭവിച്ചുവെന്നും കെ. അബ്ദുൾ മജീദ് ചൂണ്ടിക്കാട്ടി.
ALSO READ: അധ്യാപിക ജീവനൊടുക്കിയ സംഭവം: റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി
എന്നാൽ മകൾ മരിച്ചതിന് ശേഷവും മാനേജ്മെൻ്റ് പ്രതിനിധികൾ ഇതുവരെ ബന്ധപ്പെട്ടില്ലെന്ന് അലീനയുടെ പിതാവ് ബെന്നി പറഞ്ഞു. സ്ഥിര നിയമനം ലഭിക്കാതിരുന്നത് മാനേജ്മെൻ്റ് കൃത്യമായി വേണ്ട നടപടികൾ സ്വീകരിക്കാത്തത് കൊണ്ടെന്നും പിതാവ് ചൂണ്ടിക്കാട്ടി. ആറ് വർഷം ജോലി ചെയ്തിട്ടും നൂറു രൂപ പോലും ശമ്പളമായി നൽകിയിട്ടില്ലെന്ന് ബെന്നി പറഞ്ഞു. ഇതിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. മാനേജ്മെൻ്റ് ശരിയായ നടപടി സ്വീകരിച്ചാൽ മാത്രമേ സർക്കാരിന് സ്ഥിര നിയമനം നൽകാനാകൂ എന്ന് പറഞ്ഞ ബെന്നി തൻ്റെ മകൾക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടു.