ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിലടക്കം സിപിഎമ്മനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബിജെപി ഒന്നാമതെത്തിയിരുന്നു
കായംകുളത്തെ സിപിഎമ്മില്‍ വീണ്ടും കൂട്ടരാജി. ആലുംമൂട്, സൊസൈറ്റി ബ്രാഞ്ചുകളിലെ 10 അംഗങ്ങളാണ് രാജിവെച്ചത്. പ്രാദേശിക നേതാക്കൾ ബിജെപിയുമായി പരസ്പര സഹായ സംഘമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി. ബിജെപി സൗഹൃദത്തെ എതിർക്കുന്നവർക്കെതിരെ പകപോക്കൽ നടപടി സ്വീകരിക്കുന്നുവെന്നും ഇവർ കുറ്റപ്പെടുത്തി. നേരത്തെ മാവേലി സ്റ്റോർ ബ്രാഞ്ചിലെ മുഴുവൻ അംഗങ്ങളും ഇതേ കാരണം ചൂണ്ടിക്കാട്ടി രാജിവെച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിലടക്കം സിപിഎമ്മനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബിജെപി ഒന്നാമതെത്തിയിരുന്നു. ബിജെപിയുടെ ശക്തമായ വളർച്ചക്ക് പിന്നിൽ പാർട്ടിക്കുള്ളിലെ പ്രാദേശിക വിഭാഗീയതയാണ് കാരണമെന്ന് വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രാമസഭയിൽ അഭിപ്രായം പറഞ്ഞതിന്‍റെ പേരിൽ ലോക്കൽ കമ്മിറ്റി അംഗം വിപിൻ ദാസ്, ബ്രാഞ്ച് സെക്രട്ടറിമാരായ ഷാം, രാജേന്ദ്രൻ, പാർട്ടി അംഗം മോഹനൻ പിള്ള എന്നിവർക്കെതിരെ നടപടി എടുത്തത്. നടപടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ ഇടപെട്ട് ഒഴിവാക്കിയെങ്കിലും ബ്രാഞ്ച് സമ്മേളനം തുടങ്ങിയതോടെ ഇവരെ വീണ്ടും പുറത്താക്കി.
ALSO READ: പരാതി തീരാതെ അന്‍വർ; പി. ശശിക്കെതിരെ ഇന്ന് സംസ്ഥാന സെക്രട്ടറിക്ക് കത്ത് നല്‍കും
ഇതിന് പിന്നാലെ മാവേലി സ്റ്റോർ ബ്രാഞ്ച് കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും രാജിവെച്ചു. പ്രാദേശിക നേതൃത്വത്തിന്‍റെ ബിജെപി കൂട്ടുക്കെട്ട് ചോദ്യം ചെയ്തതിനാണ് ഇവരെ പുറത്താക്കിയതെന്ന ആരോപണം ഇതോടെ ശക്തമായി. സമ്മേളന കാലത്തു മാവേലി സ്റ്റോർ ബ്രാഞ്ച് അംഗങ്ങളെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ചാണ് തൊട്ടടുത്ത ബ്രാഞ്ചിലെ 10 അംഗങ്ങൾ കൂടി രാജി സമർപ്പിച്ചത്. ഇതോടെ കായംകുളത്ത് രാജി വെച്ച പാർട്ടി അംഗങ്ങളുടെ എണ്ണം 22ആയി. ബിജെപിയെ വളർത്താൻ സഹായിക്കുന്ന പ്രാദേശിക നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് രാജി വെച്ചവർ പാർട്ടി സെക്രട്ടറിയ്ക്ക് കത്തയച്ചത്. പുറത്താക്കിവരെ തിരിച്ചെടുത്ത് സമ്മേളനത്തിൽ പങ്കെടുപ്പിക്കാത്ത പക്ഷം കൂടുതൽ രാജി ഉണ്ടാകുമെന്നും കത്തിൽ പറയുന്നു.