ഭൂരിപക്ഷ പ്രീണനമാണ് ഇനി സിപിഎം നയമെന്നും എന്‍. ഷംസുദീന്‍ എംഎല്‍എ ആരോപിച്ചു
നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച ആരംഭിച്ചു. എൻ. ഷംസുദീൻ എംഎൽഎയാണ് പ്രമേയം അവതരിപ്പിച്ചത്. എഡിജിപി, മുഖ്യമന്ത്രിയുടെ വിവാദമായ മലപ്പുറം പരാമർശം എന്നിവയാണ് ചർച്ചചെയ്യുന്നത്. എന്നാല്‍, എഡിജിപി വിവാദത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി സഭയിലില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം മുഖ്യമന്ത്രി മറുപടി പറയില്ലെന്ന് സ്പീക്കർ എന്‍. എന്‍. ഷംസീർ അറിയിച്ചു. പനിയും തൊണ്ടവേദനയും കാരണം മുഖ്യമന്ത്രിക്ക് ഡോക്ടർമാർ വിശ്രമം നിർദേശിച്ചതെന്നും സ്പീക്കർ പറഞ്ഞു.
കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം വരുന്നുണ്ടെങ്കിൽ തടയേണ്ടത് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ പണിയാണെന്ന് പ്രമേയത്തിൽ പറയുന്നു. അതിന് കഴിവില്ലെങ്കിൽ രാജിവച്ച് പുറത്തുപോകണം. എഡിജിപി -ആർഎസ്എസ് കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രിയോ മന്ത്രിമാരോ എഡിജിപിയോട് ചോദിച്ചില്ല. എഡിജിപി മുഖ്യമന്ത്രിയുടെ ദൂതനാണ്. പിന്നെങ്ങനെ ചോദിക്കുമെന്ന് എംഎൽഎ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പരിഹസിച്ചു. സ്വർണക്കടത്തും ഹവാലയും നടത്തുന്നത് എഡിജിപി അജിത് കുമാറാണെന്നും പ്രമേയത്തില്‍ ആരോപിച്ചു.
Also Read: പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി; സഭയിലെ കയ്യാങ്കളിയില്‍ നാല് പ്രതിപക്ഷ എംഎല്‍മാർക്ക് താക്കീത്
ദ ഹിന്ദുവിൽ വന്നത് സംഘടിപ്പിച്ച അഭിമുഖമാണ്. അതിൽ മലപ്പുറത്തെ ജനങ്ങളെ അവഹേളിക്കുന്ന പരാമർശമാണ് മുഖ്യമന്ത്രി നടത്തിയത്. അഭിമുഖം സംഘടിപ്പിച്ചവർ തന്നെയാണ് മലപ്പുറത്തിനെതിരെ എഴുതിക്കൊടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് പിആർ ഏജൻസിക്ക് വിവരം കൊടുത്തത്. മുഖ്യമന്ത്രി ഡൽഹിയിൽ പോയി പത്രസമ്മേളനം നടത്തിയത് ആരെ പ്രീതിപ്പെടുത്താനാണെന്നും എൻ. ഷംസുദീൻ ചോദിച്ചു. അടിയന്തര പ്രമേയത്തിൽ കൂടുതലും മലപ്പുറം പരാമർശത്തിനെതിരെയുള്ള വിമർശനമാണ്.
കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം അട്ടിമറിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സിപിഎം പ്ലേറ്റ് മാറ്റി ചവിട്ടുന്നു .ഭൂരിപക്ഷ പ്രീണനമാണ് ഇനി സിപിഎം നയമെന്നും എന്‍. ഷംസുദീന്‍ എംഎല്‍എ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ആരോഗ്യപ്രശ്നം ഇന്ന് വന്നത് യാദൃശ്ചികം ആകാമെന്നും എംഎല്‍എ പറഞ്ഞതിനെ തുടർന്ന് മുതിർന്ന അംഗം മാന്യമായി സംസാരിക്കണമെന്ന് സ്പീക്കർ പറഞ്ഞു. ഒന്നും മറച്ചുവെക്കാൻ ഇല്ലെങ്കിൽ എഡിജിപി ക്കെതിരായ അന്വേഷണ റിപ്പോർട്ട് സഭയിൽ വയ്ക്കണമെന്നും ഷംസുദീന്‍ കൂട്ടിച്ചേർത്തു.