2019 ഒക്ടോബർ 12ന് മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്രൈം നമ്പർ 279/19 ആണ് ആദ്യത്തെ കേസ്
ഡോക്ടർമാരുടെ അനാസ്ഥ കാരണം ഇരുട്ടുമുറിയിൽ അടയ്ക്കപ്പെട്ടിരിക്കുകയാണ് പെരിനാറ്റൽ സൈക്കോസിസ് ബാധിച്ചവരുടെ ജീവിതം. രോഗ ബാധിതയായി കുഞ്ഞിനെ കൊന്ന മലപ്പുറം സ്വദേശി അനീസ ഇന്നും ട്രോമയിൽ തുടരുകയാണ്. 2019ൽ കൊല്ലപ്പെട്ടത് അനീസയുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ്. പെരിനാറ്റൽ സൈക്കോസിസ് മൂലം മാനസികനില തെറ്റിയത് പരിഗണിക്കാതെ അമ്മയ്ക്ക് മേൽ കൊലക്കുറ്റം ചുമത്തുകയാണ് പൊലീസ് ചെയ്തത്. മകളുടെ രോഗാവസ്ഥ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് വേണ്ട ചികിത്സ നൽകാൻ ഡോക്ടർമാർക്ക് പോലും കഴിഞ്ഞില്ലെന്ന് ആരോപിക്കുകയാണ് അനീസയുടെ കുടുംബം.
2019 ഒക്ടോബർ 12ന് മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്രൈം നമ്പർ 279/19 ആണ് ആദ്യത്തെ കേസ്. തേഞ്ഞിപ്പലത്തെ സ്വന്തം വീട്ടിൽ മൂന്നാമത്തെ പ്രസവം കഴിഞ്ഞു കിടക്കുകയായിരുന്നു 30കാരിയായ അനീസ. അസാധാരണമായ ബ്ലീഡിങ് കാരണം അസ്വാഭാവിക മാനസികാസ്വാസ്ഥ്യം നേരിടുകയായിരുന്നു ഈ വീട്ടമ്മ. അന്ന് അനീസയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചിരുന്നു. കുഞ്ഞിനെ മടിയിൽ വെച്ച് ഉമ്മ ആസ്യയാണ് കൂടെയുണ്ടായിരുന്നത്. അന്ന് അഞ്ചര മണി വരെ ആശുപത്രിയിൽ ഉണ്ടായിട്ടും ഡോക്ടർമാർ അനീസയുടെ മാനസികാരോഗ്യം തകർന്ന നിലയിലാണെന്ന് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു.
വീട്ടിൽ തിരിച്ചെത്തിയ അനീസ അന്ന് രാത്രി 2 മണിക്കാണ് സ്വന്തം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയും പിന്നീട് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തത്. പ്രസവാനന്തര മാനസികാരോഗ്യത്തിൻ്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് അനീസ അന്ന് കടന്നുപോയതെന്നാണ് മകളെ ചികിത്സിച്ച ഗൈനക്കോളജിസ്റ്റ് ഉമ്മ ആസ്യയോട് വെളിപ്പെടുത്തിയത്.