ഉത്പാദനം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്താനും മഖാന കർഷകരെ ശാക്തീകരിക്കാനുമാണ് പുതിയ പ്രഖ്യാപനം
മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ മഖാന എന്ന താമരവിത്തിനായി പ്രത്യേക ബോർഡ് പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമാൻ. ഉത്പാദനം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്താനും മഖാന കർഷകരെ ശാക്തീകരിക്കാനുമാണ് പുതിയ പ്രഖ്യാപനം. മഖാനയ്ക്കും മഖാന കർഷകർക്കും കേന്ദ്രം ഇതിനു മുന്നേയും കൂടുതൽ പരിഗണന നൽകിയിട്ടുണ്ട്. ബിഹാറിലെ മിഥിലയിൽ കൃഷിചെയ്യുന്ന താമരവിത്തിന് 2022 ൽ കേന്ദ്രസർക്കാർ ഭൗമസൂചികാ പദവിയടക്കം നൽകിയിരുന്നു. താമരവിത്ത് കർഷകരെ സഹായിക്കാനാണ് സർക്കാരിന്റെ ഈ നടപടി. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾക്ക് പരമാവധി വില ലഭിക്കാൻ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ. കേന്ദ്രസർക്കാർ ഇത്രയധികം മുൻഗണന നൽകുന്ന മഖാന അഥവാ താമരവിത്തിന്റെ ഗുണങ്ങളും, പ്രയേജനവും വിലയും പരിശോധിക്കാം.
ബിഹാറിലെ മിഥിലാഞ്ചലിലെ മധുബനിയിലാണ് മഖാന കൃഷി ആരംഭിച്ചത്. പരമ്പരാഗത രീതികൾ ഉപയോഗിച്ച് പ്രാദേശിക കർഷകർ ആദ്യം വളർത്തിയ മഖാന വിത്തുകളും പോപ്പുകളും പിന്നീട് ഇന്ത്യയിലും, പാകിസ്ഥാൻ, കാനഡ, ചൈന, മലേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചു. എന്നിരുന്നാലും മധുബനിയിലാണ് കൃഷി പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും മഖാന വിത്തുകൾക്ക് ദിനംപ്രതി ഡിമാൻഡ് വർധിക്കുകയാണ്.
ALSO READ: മധുബനി കലയോട് ആദരസൂചകമായി ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് ദിന സാരി
സസ്യാഹാരികളുടെ പ്രോട്ടീൻ എന്നറിയപ്പെടുന്ന മഖാന എന്ന താമരവിത്തിന് ഗുണങ്ങൾ ഏറെയാണ്. ഫോക്സ് നട്ട് എന്നും ഇതറിയപ്പെടുന്നുണ്ട്. നാരുകളും പ്രോട്ടീനുകളും കൊണ്ട് സമ്പുഷ്ടമാണ് മഖാന. മാത്രമല്ല കാർബോഹൈഡ്രേറ്റ് ഫൈബർ പൊട്ടാസ്യം മഗ്നീഷ്യം ഇരുമ്പ് തുടങ്ങിയത് ധാതുക്കളും സമീകൃതമായ അളവിൽ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഉയർന്ന പോഷകമൂല്യമുള്ളതിനാൽ മഖാന കഴിക്കുന്നതിന് കഴിക്കുന്നതിന് ധാരാളം ഗുണങ്ങളുണ്ട്.
ശരീരഭാരം നിയന്ത്രിക്കുന്നു: പോഷകമൂല്യങ്ങളാൽ സമ്പന്നമായതിനാൽ മഖാന കഴിക്കുന്നത് ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കും. കൂടാതെ, ഇതിൽ കൊളസ്ട്രോളും കൊഴുപ്പും കുറവാണ്, ഇത് ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യുന്നതാണ്.
ഹൃദയാരോഗ്യം: മഖാനയിൽ പ്രോട്ടീൻ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ള ഹൃദയത്തിന് സഹായിക്കും.
വൃക്കയുടെ പ്രവർത്തനത്തെ സഹായിക്കുന്നു: മഖാന വിഷാംശം ഇല്ലാതാക്കുന്ന ഒരു ഏജൻ്റായും പ്രവർത്തിക്കുന്നു. അതിനാൽ വിഷവസ്തുക്കളെ പുറന്തള്ളുകയും പ്ലീഹയെ ശുദ്ധീകരിക്കാനും ഇത് സഹായിക്കും.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു: മഖാനയിലെ ഉയർന്ന മഗ്നീഷ്യം രക്തസമ്മർദ്ദത്തിൻ്റെ അളവ് നിയന്ത്രിക്കുന്നതിനും നിലനിർത്തുന്നതിനും സഹായിക്കുന്നു.
പ്രമേഹ നിയന്ത്രണം: കലോറിക് മൂല്യവും ഗ്ലൈസെമിക് ഇൻഡക്സും കുറവായതിനാൽ മഖാന പ്രമേഹം നിയന്ത്രിക്കുന്നതിനും ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു.
നാഡീ പ്രവർത്തനം: താമര വിത്തുകളിൽ തയാമിൻ അടങ്ങിയിട്ടുണ്ട്, ഇത് വൈജ്ഞാനിക പ്രവർത്തനത്തെ സഹായിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. കൂടാതെ ന്യൂറോ ട്രാൻസ്മിഷൻ പ്രക്രിയയ്ക്ക് സംഭാവന നൽകുകയും നാഡി പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു: മഖാനയിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം ക്രമീകരിക്കാനും മലബന്ധം തടയാനും സഹായിക്കും.
മഖാനയുടെ വില
മഖാനയുടെ വില, അതിന്റെ തരത്തെയും വാങ്ങുന്ന സ്ഥലത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടാം. ഉണക്കിയ മഖാനയ്ക്ക് കിലോഗ്രാമിന് 500 മുതൽ 1000 രൂപ വരെ വില നൽകേണ്ടി വരും. ഉണ്ടാക്കാത്ത പുതിയ മഖാനയ്ക്ക് കിലോഗ്രാമിന് 300 മുതൽ 700 രൂപ വരെയാണ് വില. വറുത്ത മഖാനയ്ക്കും കിലോഗ്രാമിന് 500 മുതൽ 1000 രൂപ വരെ വില നൽകേണ്ടി വരും. സൂപ്പർമാർക്കറ്റ്, ഷോപ്പിങ് മാളുകൾ തുടങ്ങിയിടങ്ങളിൽ നിന്നും നേരിട്ടും, മറ്റ് ഓൺലൈൻ സേവന ദാതാക്കളായ ഫ്ലിപ്കാർട്, ആമസോൺ തുടങ്ങിയ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളിൽ നിന്നും മഖാന വാങ്ങാവുന്നതാണ്.