ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 10 ശതമാനമാണ് തീരുവ
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പുതിയ താരിഫ് നയം ഇന്നു മുതൽ പ്രാബല്യത്തിൽ. മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഇന്നു മുതൽ 25 ശതമാനം തീരുവ ചുമത്തും. ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 10 ശതമാനമാണ് തീരുവ.
അതേസമയം, കനേഡിയൻ എണ്ണയ്ക്ക് 10 ശതമാനം കുറഞ്ഞ താരിഫ് ഫെബ്രുവരി 18 നു പ്രാബല്യത്തിൽ വരുമെന്നും ട്രംപ് പറഞ്ഞു. ഭാവിയിൽ യൂറോപ്യൻ യൂണിയനിൽ താരിഫ് ചുമത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി
ഫെബ്രുവരി 1 മുതൽ ഉത്പന്നങ്ങൾക്ക് തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസിലേക്കുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തും അവസാനിച്ചാൽ മാത്രമേ മെക്സിക്കോയുടെയും കാനഡയുടെയും ഇറക്കുമതി തീരുവ നീക്കം ചെയ്യപ്പെടുകയുള്ളൂവെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.
ഫെൻ്റനൈൽ മയക്കുമരുന്നിൻ്റെ കള്ളക്കടത്ത് തടയുന്നത് വരെ ചൈനയും ഉയർന്ന താരിഫുകൾക്ക് വിധേയമാകും. എന്നാൽ അമേരിക്ക താരിഫ് ഉയർത്തുകയാണെങ്കിൽ മെക്സിക്കോയും താരിഫ് ഉയർത്തുമെന്നായിരുന്നു ഷീൻബോം പ്രതികരിച്ചത്.
പുതിയ താരിഫ് നയം ആഗോള സാമ്പത്തിക പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. നയ പ്രഖ്യാപനത്തിന് ശേഷം, കനേഡിയൻ ഡോളറും മെക്സിക്കൻ പെസോയും ദുർബലമാകുകയും, യുഎസ് സ്റ്റോക്ക് മാർക്കറ്റുകളിൽ ഇടിവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.