വീഴ്ചകൾ ചൂണ്ടിക്കാണിച്ച് നടപടിക്ക് ശുപാർശ ചെയ്ത് എസ്പി ഡിഐജിയ്ക്ക് കൈമാറി
എറണാകുളം കൂത്താട്ടുകുളത്തെ രാഷ്ട്രീയ സംഘർഷത്തിൽ പൊലീസിന് വീഴ്ചയെന്ന് റിപ്പോർട്ട്. റൂറൽ പൊലീസ് അഡീഷണൽ എസ്പി എം. കൃഷ്‌ണൻ, ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. വീഴ്ചകൾ ചൂണ്ടിക്കാണിച്ച് നടപടിക്ക് ശുപാർശ ചെയ്ത് എസ്പി - ഡിഐജിയ്ക്ക് കൈമാറി. നഗരസഭ കൗൺസിലറെ തട്ടിക്കൊണ്ടു പോകാൻ സിപിഎമ്മിന് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സംഘം ഒത്താശ ചെയ്തു എന്നായിരുന്നു പ്രതിപക്ഷ ആരോപണം.
കൂത്താട്ടുകുളത്തെ രാഷ്ട്രീയ വിവാദത്തില്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സിപിഎം ദിവസങ്ങൾക്ക് മുൻപ് പുറത്ത് വിട്ടിരുന്നു. ഒപ്പം നില്‍ക്കാന്‍ യുഡിഎഫ് സഹായം വാഗ്ദാനം ചെയ്‌തെന്ന കലാ രാജുവിന്റെ വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കൂത്താട്ടുകുളത്ത് യുഡിഎഫ് കുതിരക്കച്ചവടത്തിനുള്ള ശ്രമം നടത്തിയെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം.
കൂത്താട്ടുകുളത്ത് പൊലീസുകാരെ ആക്രമിച്ചെന്ന കേസില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെയും പൊലീസ് പ്രതി ചേര്‍ത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.