കഴിഞ്ഞ ഏഴ് തവണയും ബജറ്റ് അവതരണ ദിനം ധനമന്ത്രി ധരിച്ചിരുന്ന വസ്ത്രം ഏറെ ശ്രദ്ധ നേടിയിരുന്നു
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റുമായി രാഷ്ട്രപതിയെ കാണാൻ പോകുന്നതിനുമുമ്പ്, ഉദ്യോഗസ്ഥ സംഘത്തോടൊപ്പം, നോർത്ത് ബ്ലോക്ക് ഓഫീസിന് പുറത്ത് പരമ്പരാഗതമായ 'ബ്രീഫ്കേസ്' ഫോട്ടോയ്ക്ക് നിർമല സീതാരാമൻ പോസ് ചെയ്തു. ബജറ്റ് ദിനം ഒരു ധനമന്ത്രിയെ സംബന്ധിച്ച് സുപ്രധാനമാണ്. അവരുടെ വാക്കുകൾ, പ്രവൃത്തികൾ എന്തിന് വസ്ത്രം പോലും ഈ ദിവസം പലതിന്റെയും സൂചനകളാണ്.
തുടർച്ചയായി എട്ടാമത്തെ തവണയാണ് ധനമന്ത്രി എന്ന നിലയിൽ നിർമല സീതാരാമാൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ പോകുന്നത്. കഴിഞ്ഞ ഏഴ് തവണയും ബജറ്റ് അവതരണ ദിനം ധനമന്ത്രി ധരിച്ചിരുന്ന വസ്ത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഓരോ വട്ടവും നിർമല സീതാരാമൻ ധരിച്ചിരുന്ന വ്യത്യസ്ത നിറങ്ങളിലുള്ള സാരികൾ ഓരോ കഥകൾ പറഞ്ഞിരുന്നു. മത്സ്യത്തെ ചിത്രീകരിക്കുന്ന എംബ്രോയ്ഡറിയും സ്വർണ ബോർഡറും ഉള്ള ഒരു ഓഫ്-വൈറ്റ് കൈത്തറി സിൽക്ക് സാരിയാണ് ഇത്തവണ നിർമല സീതാരാമൻ ധരിച്ചിരിക്കുന്നത്. മധുബനി എന്ന ചിത്രകല രീതിക്കുള്ള ആദരസൂചകമായാണ് ഈ സാരി ധനമന്ത്രി തിരഞ്ഞെടുത്തിരിക്കുന്നത്. സാരി നിർമിച്ചിരിക്കുന്നതോ പദ്മ അവാർഡ് ജേതാവ് ദുലാരി ദേവിയും.
ബിഹാറിലെ മിഥില മേഖലയിൽ നിന്നുള്ള പരമ്പരാഗത നാടോടി ചിത്രകലാരൂപമാണ് മധുബനി. ഊർജ്ജസ്വലമായ നിറങ്ങൾക്കും പ്രതീകാത്മക പ്രതിനിധാനങ്ങൾക്കും പേരുകേട്ടതാണ് ഈ ചിത്രകലാ രീതി. മധുബനി ചിത്രങ്ങളെ ദേശീയതലത്തിലേക്ക് ഉയർത്തിയതിന് പിന്നിൽ പ്രവർത്തിച്ചത് യൂണിയൻ ടെക്സ്റ്റയിൽസിന്റെ ചീഫ് ഡിസൈനറും സോഷ്യൽ വർക്കറുമായ ഭാസ്കർ കുൽക്കർണിയാണ്. 1962-ൽ അദ്ദേഹം ഇന്ത്യയുടെ നോർത്ത് ഈസ്റ്റിലേക്ക് നടത്തിയ യാത്രയിലാണ് മധുബനി പരിചയപ്പെടുന്നത്. ദാരിദ്ര്യത്തിലും വിശപ്പിലും ധ്യാനാത്മകമായി ഗ്രാമീണർ മൺചുമരുകളിൽ കലാരൂപങ്ങളും ചിത്രരചനകളും നടത്തുന്നത് കുൽക്കർണിയെ ആകർഷിച്ചു. തലമുറകളിൽ നിന്ന് കൈമാറി വന്നിരുന്ന ഈ ചിത്രകലാ രീതി അദ്ദേഹം ദേശീയ ശ്രദ്ധയിലേക്കെത്തിച്ചു.
Also Read: വെല്ലുവിളികളും പ്രതിസന്ധികളും ഏറെ; എട്ടാം കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ നിർമലാ സീതാരാമൻ
പ്രഗത്ഭ ചിത്രകാരിയായ ദുലാരി ദേവി തന്റെ തൊഴിലുടമയായ കർപൂരി ദേവിയിൽ നിന്നാണ് ഈ കലാരൂപം പഠിച്ചത്. ജീവിതത്തിൽ കടുത്ത വെല്ലുവിളികൾ നേരിട്ട ദുലാരി ശൈശവ വിവാഹം, എയ്ഡ്സ്, ഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് തന്റെ ചിത്രങ്ങളിലൂടെ അവബോധം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇതുവരെ ഏകദേശം 10,000 പെയിന്റിങ്ങുകളെങ്കിലും ഈ കലാകാരി വരച്ചിട്ടുണ്ട്. അവ 50-ലധികം പ്രദർശനങ്ങളിലായി പ്രദർശിപ്പിച്ചിട്ടുമുണ്ട്.
2019 ലെ തന്റെ ആദ്യ ബജറ്റ് അവതരണത്തിന് നിർമല സീതാരാമൻ സ്വർണ ബോർഡറുള്ള ലളിത്യം നിറഞ്ഞ പിങ്ക് മംഗൾഗിരി സാരി ധരിച്ചാണ് എത്തിയത്. ബജറ്റ് രേഖകൾ കൊണ്ടുപോകാൻ പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന തുകൽ ബ്രീഫ്കേസ് മാറ്റി പകരം ചുവന്ന തുണിയിൽ പൊതിഞ്ഞ പരമ്പരാഗത 'ബഹി-ഖട്ട'യും അവർ ഉപയോഗിച്ചു. 2020-ൽ, ബജറ്റ് അവതരിപ്പിക്കാൻ നിർമല എത്തിയത് തിളക്കമുള്ള മഞ്ഞ-സ്വർണ സിൽക്ക് സാരിയിലായിരുന്നു. 2021ൽ, ഇക്കാത് പാറ്റേണുകളും പച്ച ബോർഡറുമുള്ള ചുവപ്പും വെളുത്ത നിറത്തിലുള്ള സിൽക്ക് പോച്ചാംപള്ളി സാരി ധരിച്ചാണ് മന്ത്രി ബജറ്റ് അവതരിപ്പിച്ചത്. പരമ്പരാഗതമായി തെലങ്കാനയിലാണ് പോച്ചാംപള്ളി ഇക്കാത് നിർമിക്കുന്നത്. 2022ൽ, ഓഫ്-വൈറ്റ് ബോർഡറിൽ ഡീറ്റെയിലിങ്ങുള്ള തുരുമ്പിച്ച തവിട്ടുനിറത്തിലുള്ള ഒരു ബോംകായ് സാരിയാണ് ധനമന്ത്രി തിരഞ്ഞെടുത്തത്.
2025 ലെ ബജറ്റ് അവതരിപ്പിക്കാൻ, മധുബനി കലയ്ക്കുള്ള ആദരസൂചകമായി നിർമല സീതാരാമൻ തന്റെ സാരി ധരിക്കുന്നത്. ക്രെഡിറ്റ് ഔട്ട്റീച്ച് പ്രവർത്തനത്തിനായി ബീഹാറിലെ മധുബനി സന്ദർശിച്ചപ്പോഴാണ്, 2021ലെ പത്മശ്രീ അവാർഡ് ജേതാവായ ദുലാരി ദേവി ധനമന്ത്രിക്ക് സാരി സമ്മാനിച്ചിരുന്നു. ബജറ്റ് ദിനത്തിൽ ഈ സാരി ധരിക്കാൻ ധനമന്ത്രിയോട് ദുലാർ ദേവി അഭ്യർഥിച്ചിരുന്നു.