നിലമ്പൂർ മുൻ എംഎൽഎയായിരുന്ന പി.വി.അൻവറാണ് കേരളത്തിലെ ഏറ്റവും സമ്പന്നനായ എംഎൽഎ. 64.14 കോടി രൂപയാണ് അൻവറിൻ്റെ ആസ്തി. രാജി വയ്ക്കുന്നതിന് മുൻപുള്ള കണക്കാണിത്
പരാഗ് ഷാ, നിർമൽ കുമാർ ധാര
രാജ്യത്തെ എംഎല്‍എമാരുടെ സ്വത്ത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ട് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ). 28 സംസ്ഥാന നിയമസഭകളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4,092 എംഎൽഎമാരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. രാജ്യത്ത് ആകെയുള്ള എംഎൽഎമാരുടെ വരുമാനം 73,348 കോടിയാണെന്നാണ് എഡിആർ പുറത്തുവിട്ട കണക്ക്.
ധനികരായ ജന പ്രതിനിധികളുടെ പട്ടികയിൽ ബിജെപി, കോൺഗ്രസ് എംഎൽഎമാർക്കൊപ്പം ആന്ധ്രയിലെ വൈഎസ്ആർസിപി, ടിഡിപി എംഎൽഎമാരും ഉൾപ്പെട്ടിട്ടുണ്ട്. പട്ടിക പ്രകാരം ഏറ്റവും സമ്പന്നന്നായ എംഎൽഎ 3,400 കോടി ആസ്‌തിയുള്ള മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ പരാഗ് ഷായാണ്. പരാഗ് ഷായ്ക്ക് തൊട്ട് പിന്നിൽ കർണാടക കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറാണ്. 1413 കോടിയാണ് ശിവകുമാറിൻ്റെ ആസ്തി.
ALSO READ: രണ്ടാനമ്മ എന്നാൽ നെഗറ്റീവ് ഫീലോ?; എങ്കിൽ ബോണസ് മോം ആയാലോ ?
1700 രൂപ മാത്രം വരുമാനമുള്ള ബംഗാളിൽ നിന്നുള്ള ബിജെപി എംഎൽഎയായ നിർമൽ കുമാർ ധാരയാണ് ഏറ്റവും ‘പാവപ്പെട്ട’ നിയമസഭാംഗം. നിയമസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനായി എംഎൽഎമാർ സമർപ്പിച്ച സത്യവാങ്മൂലം അടിസ്ഥാനമാക്കി കൊണ്ടാണ് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് റിപ്പോർട്ട് തയാറാക്കിയത്. എംഎൽഎമാരുടെ വരുമാനം, വിദ്യാഭ്യാസം,ചുമത്തപ്പെട്ടിട്ടുള്ള കേസുകളുടെ വിവരങ്ങൾ തുടങ്ങിയവയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും ധനികരായ എംഎൽഎമാരിൽ, ശ്രദ്ധേയരായ വ്യക്തികൾ
*എൻ. ചന്ദ്രബാബു നായിഡു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി: 931 കോടി രൂപ.
*ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി: 757 കോടി രൂപ
*കെഎച്ച് പുട്ടസ്വാമി ഗൗഡ, സ്വതന്ത്ര എംഎൽഎ, കർണാടക: 1,267 കോടി രൂപ
*പ്രിയകൃഷ്ണ, കോൺഗ്രസ് എംഎൽഎ, കർണാടക: 1,156 കോടി
*പി നാരായണ, ടിഡിപി എംഎൽഎ, ആന്ധ്രാപ്രദേശ്: 824 കോടി രൂപ
*വി പ്രശാന്തി റെഡ്ഡി, ടിഡിപി എംഎൽഎ, ആന്ധ്രാപ്രദേശ്: 716 കോടി രൂപ
സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്ക് പരിശോധിച്ചാൽ കർണാടകയിലെ മൊത്തം എംഎൽഎ മാരുടെ ആസ്തി 14,179 കോടിയാണ്.രാജ്യത്തെ തന്നെ ഉയർന്ന കണക്കാണിത്. മഹാരാഷ്ട്രയിലെ 286 എംഎൽഎമാരുടെ മൊത്തം ആസ്തി 12,424 കോടി രൂപയും, ആന്ധ്രാപ്രദേശ് എംഎൽഎമാരുടേത് 11,323 കോടിയുമാണ്. ഏറ്റവും കുറഞ്ഞ ആസ്തി ഉള്ള സംസ്ഥാനങ്ങളുടെ ലിസ്റ്റ് നോക്കിയാൽ അതിൽ മണിപ്പൂരും, ത്രിപുരയും ഉൾപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയ പാർട്ടികൾ തിരിച്ചുള്ള കണക്ക് പരിശോധിച്ചാൽ രാജ്യത്താകെയുള്ള ബിജെപി എംഎൽഎമാരുടെ ആസ്തി 26,270 കോടിയും,കോൺഗ്രസിലെ 646 എംഎൽഎമാരുടെ ആസ്തി 17,357 കോടിയുമാണ്. ടിഡിപി എംഎൽഎമാരുടെ വരുമാനം 9108 കോടി രൂപയും, ശിവസേന എംഎൽഎമാരുടേത് 1758 കോടി രൂപയും എഎപി എംഎൽഎമാരുടേത് 7.33 കോടിയുമാണ്. നിലമ്പൂർ മുൻ എംഎൽഎയായിരുന്ന പി.വി.അൻവറാണ് കേരളത്തിലെ ഏറ്റവും സമ്പന്നനായ എംഎൽഎ. 64.14 കോടി രൂപയാണ് അൻവറിൻ്റെ ആസ്തി. രാജി വയ്ക്കുന്നതിന് മുൻപുള്ള കണക്കാണിത്. പാലാ എംഎൽഎ മാണി സി.കാപ്പന് 27.93 കോടി ആസ്തിയുണ്ട്. സമ്പന്നരുടെ ലിസ്റ്റിൽ മൂന്നാംസ്ഥാനത്ത് കൊല്ലം എംഎൽഎ മുകേഷാണ്.