വൈകിട്ട് നാലര മണിക്ക് ലഫ്റ്റനൻ്റ് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിൽ നടക്കുന്ന ചടങ്ങിൽ അഞ്ച് മന്ത്രിമാരും ചുമതലയേൽക്കും
ഡൽഹി മുഖ്യമന്ത്രിയായി എഎപി നേതാവ് അതിഷി മർലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലര മണിക്ക് ലഫ്റ്റനൻ്റ് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിൽ നടക്കുന്ന ചടങ്ങിൽ അഞ്ച് മന്ത്രിമാരും ചുമതലയേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങ് വലിയ ആഘോഷമാക്കേണ്ടതില്ലെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.
സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡല്‍ഹിയുടെ മുഖ്യമന്ത്രി പദത്തില്‍ എത്തുന്ന മൂന്നാമത്തെ വനിതയാണ് അതിഷി. ഡൽഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന ഖ്യാതിയും ഇനി അതിഷിക്ക് സ്വന്തം. ഡല്‍ഹി സര്‍ക്കാരിലെ ഏക വനിതാ മന്ത്രിയായ അതിഷി തന്നെയാണ് ഏറ്റവും അധികം വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നതും. ധനകാര്യം, പൊതുമരാമത്ത്, റവന്യൂ ഉൾപ്പെടെ 13 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്. വൈകിട്ട് നാലര മണിക്ക് ലഫ്റ്റനൻ്റ് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിൽ വെച്ചാണ് അതിഷിയുടെയും പുതിയ മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ്.
READ MORE: ഹിസ്ബുള്ളയുടെ ഹസന്‍ നസ്റള്ള: ലെബനനിലെ അപകടകാരിയായ നേതാവും ശക്തമായ ശബ്ദവും
മുഖ്യമന്ത്രി പദവി രാജിവച്ച അരവിന്ദ് കെജ്‌രിവാള്‍ ഇനി ഹരിയാനയില്‍ തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ സജീവമാകും. കെജ്‌രിവാള്‍ മന്ത്രിസഭയിലെ ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവര്‍ പുതിയ മന്ത്രിസഭയിലും തുടരും. മുഖ്യമന്ത്രി ഉള്‍പ്പെടെ ഏഴു പേരാണ് കെജ്‌രിവാള്‍ മന്ത്രിസഭയില്‍ മുമ്പുണ്ടായിരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ സത്യേന്ദര്‍ ജയിനും മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയും രാജിവെച്ചതിനെ തുടര്‍ന്നാണ് അതിഷിയും സൗരഭ് ഭരദ്വാജും മന്ത്രിമാരായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മന്ത്രിസ്ഥാനം രാജിവച്ച് ബിഎസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ച രാജ്കുമാര്‍ ആനന്ദ് പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. രാജ്കുമാര്‍ ആനന്ദ് രാജിവച്ച ഒഴിവിലേക്കാണ് മുകേഷ് കുമാര്‍ അഹ്ലാവത്ത് മന്ത്രിയായി എത്തുന്നത്.
READ MORE: ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള കമാന്‍ഡർ ഇബ്രാഹിം അഖീല്‍ കൊല്ലപ്പെട്ടു
ഉൾപ്പാർട്ടി പ്രശ്നങ്ങളും ഭരണവിരുദ്ധവികാരവും ബിജെപിയെ പിടിച്ചുലച്ച നാളുകളിലാണ് സുഷമ സ്വരാജ് ഡെൽഹി മുഖ്യമന്ത്രിയായെത്തിയത്. 26 വർഷങ്ങൾക്കിപ്പുറം ഡൽഹി മറ്റൊരു രാഷ്ട്രീയ, ഭരണ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് അതിഷിയുടെ ദൗത്യം. 1998-ൽ സുഷമയിലൂടെ ബിജെപി നടത്തിയ പരീക്ഷണം ഫലം കണ്ടില്ല. ശക്തമായ ഭരണവിരുദ്ധ വികാരം ഡൽഹിയിൽ കോൺഗ്രസിനുള്ള വോട്ടായി മാറി. ഷീലാ ദീക്ഷിതിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് ഡൽഹിയിൽ അധികാരത്തിലെത്തി. അടുത്ത തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ആം ആദ്മി പാർട്ടിയുടെ നിലവിലെ നീക്കം. മദ്യനയക്കേസില്‍ മാര്‍ച്ച് 21ന് അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായ ശേഷം പാര്‍ട്ടിയുടെ പല ഉത്തരവാദിത്തങ്ങളും നിര്‍വഹിച്ച് ആംആദ്മിയുടെ മുഖമായി മാറിയ അതിഷിയെ മുഖ്യമന്ത്രിയാക്കുന്നത് അടുത്ത തെരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്നാണ് ആംആദ്മി പാർട്ടിയുടെ കണക്കുകൂട്ടൽ.