കുട്ടി സ്കൂളിലേക്ക് പോകുന്ന ഓട്ടോറിക്ഷയിലെ ഡ്രൈവറാണ് പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചത്
പഞ്ചാബ് പട്യാലയിൽ അഞ്ചാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി ഓട്ടോ ഡ്രൈവർ. കുട്ടി സ്കൂളിലേക്ക് പോകുന്ന ഓട്ടോറിക്ഷയിലെ ഡ്രൈവറാണ് പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവർ ശുഭം കനോജിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോയും പിടിച്ചെടുത്തു.
അഞ്ചാം ക്ലാസിൽ പഠിക്കുന്ന പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടി. ഓട്ടോറിക്ഷയിലാണ് അവൾ എന്നും സ്കൂളിലേക്ക് പോകുന്നതും വരുന്നതും. ഒരു ദിവസം പെൺകുട്ടിയ്ക്ക് കലശലായ വയറ് വേദന പിടിപെട്ടു. മാതാപിതാക്കൾ അവളെയും കൂട്ടി ഡോക്ടറുടെ അടുത്തേയ്ക്കെത്തി. പരിശോധനയ്ക്ക് ശേഷം കുട്ടി 5 മാസം ഗർഭിണിയാണെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. മാതാപിതാക്കൾ പെൺകുട്ടിയെ ചോദ്യം ചെയ്തു. ഇതോടെ സ്കൂളിൽ പോകാറുള്ള ഓട്ടോറിക്ഷയിലെ ഡ്രൈവർ ഏഴ് മാസമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് ആ അഞ്ചാം ക്ലാസുകാരി തുറന്ന് പറഞ്ഞു.
ALSO READ: പഞ്ചാബില്‍ ഹെറോയിനുമായി പൊലീസ് കോണ്‍സ്റ്റബിള്‍ പിടിയില്‍; അറസ്റ്റിലായത് റീല്‍സ് താരം
കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഓട്ടോ ഡ്രൈവർ ശുഭം കനോജിയ പെൺകുട്ടിയെ പീഡിപ്പിക്കുകയാണ്. സ്കൂളിൽ നിന്നു വീട്ടിലേക്ക് തിരിച്ചു വരുമ്പോഴാണ് പീഡനം. പെൺകുട്ടിയോടൊപ്പം ഓട്ടോറിക്ഷയിൽ വരുന്ന കുട്ടികളെയെല്ലാം അയാൾ അവരവരുടെ വീട്ടിൽ ഇറക്കി വിടും. ശേഷം പെൺകുട്ടിയെയും കൊണ്ട് നഗരത്തിലെ ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് പോകും. അവിടെ വെച്ചാണ് അയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് 27 കാരൻ ശുഭംകനോജിയയെ അറസ്റ്റ് ചെയ്തു. ഇയാളുടെ ഓട്ടോയും പിടിച്ചെടുത്തിട്ടുണ്ടെന്ന് പട്യാല പൊലീസ് സബ് ഇൻസ്പെക്ടർ സുഖ്ദേവ് സിങ് അറിയിച്ചു.
ഭാരതീയ ന്യായസംഹിത പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് ശുഭം കനോജിയയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിരിക്കുകയാണ്. പീഡനത്തിനിരയായ പെൺകുട്ടി രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.