1949ല്‍ ബിഹാര്‍ സര്‍ക്കാര്‍ പാസാക്കിയ ബോധ്ഗയ ക്ഷേത്ര നിയമം പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം
വിഎച്ച് പി അടക്കമുള്ള ഹിന്ദുസംഘടനകള്‍ മഹാബോധിയില്‍ കയ്യാളുന്ന നിയന്ത്രണത്തിനെതിരെ ഫെബ്രുവരി 12 മുതല്‍ ബുദ്ധമത അനുയായികള്‍ പ്രതിഷേധത്തിലാണ്. ശ്രീ ബുദ്ധനൊപ്പം അംബേദ്കറിന്റേയും ചിത്രങ്ങളുയര്‍ത്തിയാണ് പ്രതിഷേധം. മഹാബോധിയെ ക്ഷേത്രമെന്ന് വിളിക്കുന്നതില്‍ തന്നെ അവര്‍ക്ക് എതിര്‍പ്പുണ്ട്. പക്ഷേ വിഗ്രഹാരാധനയും പൂജയുമടക്കം മഹാബോധി ഇപ്പോള്‍ പൂര്‍ണമായും ഹിന്ദു ആരാധനാ സമ്പ്രദായത്തിലും കമ്മിറ്റിയിലെ ഹിന്ദു ഭൂരിപക്ഷത്തിന്റെ നിയന്ത്രണത്തിലുമാണ്.
ഇതിനെല്ലാം വഴിയൊരുക്കിയ 1949ല്‍ ബിഹാര്‍ സര്‍ക്കാര്‍ പാസാക്കിയ ബോധ്ഗയ ക്ഷേത്ര നിയമം പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ബുദ്ധ വിഹാരത്തില്‍ ഹിന്ദു ഭൂരിപക്ഷ കമ്മിറ്റിക്ക് ഭരണാധികാരം നല്‍കുന്ന നിയമം പിന്‍വലിക്കും വരെ പിന്നോട്ടില്ലെന്നാണ് നിലപാട്. ബുദ്ധസന്യാസിമാരെ പൊലീസിനെയിറക്കി വിരട്ടാന്‍ ശ്രമിച്ചതോടെ സമരം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.
മഹാബോധിയുടെ ചരിത്രവും പ്രാധാന്യവും
2500 വര്‍ഷം മുന്‍പ് ശ്രീ ബുദ്ധന്‍ ജ്ഞാനോദയം നേടിയ ബോധി വൃക്ഷം നിലനിന്ന പ്രദേശമാണ് ബിഹാറിലെ ബോധ്ഗയയിലെ മഹാബോധി. ബുദ്ധമത ജന്മസ്ഥലമായും പ്രധാന തീര്‍ത്ഥാടന കേന്ദ്രമായും പരിഗണിക്കപ്പെടുന്ന സ്ഥലം. 2002 ജൂണ്‍ 29 മുതല്‍ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംനേടിയ സ്ഥലമാണിത്.
മഹാബോധി ക്ഷേത്രമെന്ന് ഹിന്ദുക്കള്‍ വാദിക്കുമ്പോള്‍ ക്ഷേത്രമല്ല, വിഹാരമെന്നാണ് ബുദ്ധമതക്കാര്‍ പറയുന്നത്. ബുദ്ധമതത്തില്‍ ക്ഷേത്ര സങ്കല്‍പ്പമില്ലെന്നും ബുദ്ധ വിശ്വാസികള്‍ പറയുന്നു.
ബി സി 260ല്‍ അശോക ചക്രവര്‍ത്തിയാണ് മഹാബോധി മഠം നിര്‍മിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ അശോകന്റെ അനുയായികളാണ് മഠം നോക്കി നടത്തിയത്. 13-ാം നൂറ്റാണ്ടില്‍ ഖില്‍ജി രാജവംശം ഈ പ്രദേശമെല്ലാം ആക്രമിച്ചപ്പോള്‍ ബുദ്ധമത അനുയായികള്‍ ബോധ്ഗയ ഉപേക്ഷിച്ച് പോകാന്‍ നിര്‍ബന്ധിതരായി.
1590 ല്‍ അക്ബറിന്റെ കാലത്താണ് ഹിന്ദു സന്യാസികള്‍ക്ക് സ്ഥലം വിട്ടുകൊടുക്കുന്നത്. 19-ാം നൂറ്റാണ്ട് മുതല്‍ മഹാബോധി തിരിച്ചുപിടിക്കാന്‍ ബുദ്ധര്‍ ശ്രമം തുടങ്ങിയിരുന്നു. ബ്രിട്ടീഷുകാര്‍ മഹാബോധി പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടപ്പാക്കി. 1903 ല്‍ അവകാശ തര്‍ക്കത്തില്‍ കഴ്‌സണ്‍ പ്രഭു ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ALSO READ: ഹിന്ദുക്കള്‍ പിടിച്ചടക്കിയ ബോധഗയ തിരിച്ചുപിടിക്കുമോ ബുദ്ധന്മാര്‍?
എന്താണ് ബോധ്ഗയ ക്ഷേത്ര നിയമം?
1949-ല്‍ ബിഹാര്‍ സര്‍ക്കാരാണ് ബോധ്ഗയ ക്ഷേത്ര നിയമം (BTA) പാസാക്കിയത്. ഇതുപ്രകാരം നടത്തിപ്പ് ചുമതല ബോധ്ഗയ ക്ഷേത്ര മാനേജ്‌മെന്റ് കമ്മിറ്റിക്കാണ്. ജില്ലാ മജിസ്‌ട്രേറ്റ് മേധാവി, നാല് ഹിന്ദുക്കളും നാല് ബുദ്ധമത വിശ്വാസികളും അംഗങ്ങളാകണം. എന്നാല്‍, സ്ഥിരമായി ചുമതലയില്‍ വരുന്ന ജില്ലാ മജിസ്‌ട്രേറ്റ് മേധാവി ഹിന്ദു വിശ്വാസിയാകുന്നതോടെ, കമ്മിറ്റിയില്‍ ഭൂരിപക്ഷം ഹിന്ദുക്കളാകുന്നു. മജിസ്‌ട്രേറ്റ് ഹിന്ദു അല്ലെങ്കില്‍ ഹിന്ദുവായ ഒരാളെ കൂടി നിയമിക്കാനും അനുമതിയുണ്ട്. ഈ നിയമം റദ്ദാക്കണമെന്നാണ് ബുദ്ധ വിശ്വാസികളുടെ നിരന്തര ആവശ്യം.
ഹിന്ദു സംഘടനകളുടെ വാദം
ബോധ്ഗയയുടെ അവകാശം ഹിന്ദുക്കള്‍ക്കാണെന്നാണ് ഹിന്ദു സംഘടനകളുടെ വാദം. ശ്രീ ബുദ്ധന്‍ മഹാവിഷ്ണുവിന്റെ ഒന്‍പതാം അവതാരമാണെന്നും ബുദ്ധമതക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പ്രാര്‍ത്ഥനയ്ക്കായി വരാമെന്നും സംഘടനകള്‍ പറയുന്നു. നാല് ബുദ്ധമതക്കാരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് ഉദാരതയാണെന്നും വാദിക്കുന്നു.
ബുദ്ധവിശ്വാസികളുടെ വാദം
കമ്മിറ്റിയില്‍ ഭൂരിപക്ഷം ഹിന്ദുക്കള്‍ക്ക് ആയതിനാല്‍ തന്നെ ബിടിഎ നിയമം പിന്‍വലിക്കണമെന്നാണ് ബുദ്ധ വിശ്വാസികളുടെ ആവശ്യം. പൈതൃകം തിരിച്ചറിഞ്ഞ് ബുദ്ധന്റെ പിന്‍ഗാമികള്‍ക്ക് മഹാബോധി വിട്ടുനല്‍കണമെന്നും അവര്‍ വാദിക്കുന്നു. ബുദ്ധന്‍ എതിര്‍ത്ത ആചാരങ്ങളും പൂജകളും വിഎച്ച്പി നടപ്പാക്കുന്നുവെന്നാണ് പ്രധാന ആരോപണം. ക്ഷേത്ര നടത്തിപ്പിന് കൂടുതലായി ബ്രാഹ്‌മണരെ കൊണ്ടുവരുന്നതിലും എതിര്‍പ്പുണ്ട്.
ലാലു പ്രസാദിന്റെ ഇടപെടല്‍
1992ല്‍ മഹാബോധി പൂര്‍ണമായും ബുദ്ധര്‍ക്ക് വിട്ടുകൊടുക്കാനായി ലാലു പ്രസാദ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിരുന്നു. ആരാധനാലയ ഭരണം ബുദ്ധര്‍ക്ക് നല്‍കുന്നതിനായി ബില്‍ കൊണ്ടുവന്നു. ഹിന്ദു വിഗ്രഹങ്ങള്‍ പൂര്‍ണമായും മാറ്റാനായിരുന്നു ശുപാര്‍ശ. എന്നാല്‍, ബില്‍ നിയമമാകും മുന്‍പ് ലാലുവിന്റെ ഭരണം അവസാനിച്ചു.
നിതീഷ് സര്‍ക്കാര്‍ ആര്‍ക്കൊപ്പം?
ഹിന്ദുക്കളുടെ ആവശ്യത്തിന് വഴങ്ങി നിയമം പരിഷ്‌കരിക്കാത്തതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. 13 വര്‍ഷമായി സുപ്രീംകോടതിയിലുള്ള ഹര്‍ജിയിലും ഇതുവരെ വാദം കേട്ടില്ല. ഫെബ്രുവരി 12 മുതല്‍ മഹാബോധിയില്‍ ബുദ്ധ സന്യാസിമാര്‍ പ്രതിഷേധത്തിലാണ്. ഫെബ്രുവരി 27ന് ബുദ്ധര്‍ക്കെതിരെ പൊലീസ് നടപടി ഉണ്ടായതോടെ പ്രതിഷേധം ശക്തമായി.