പന്നയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടില്‍ നിന്നും ലഭിക്കുന്ന സൂചനകളെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു
ബംഗ്ലാദേശിലെ അവാമി ലീഗ് പാർട്ടിയിലെ ഉയർന്ന നേതാവ് ഇഷാഖ് അലി ഖാൻ പന്നയെ മേഘാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയതെന്ന് മേഘാലയ പൊലീസ് പറഞ്ഞു. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതിന് പിന്നാലെ പന്നയും രാജ്യം വിട്ടിരുന്നു. അവാമി ലീഗിനോട് ചേർന്ന് പ്രവർത്തിക്കുന്ന ബംഗ്ലാദേശ് ഛത്ര ലീഗ് ജനറല്‍ സെക്രട്ടറിയായിരുന്നു പന്ന.
കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ടതാണെന്ന് സംശയിക്കുന്ന സൂചനകളാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ളത്. ഓഗസ്റ്റ് 26ന് ഡോണാ ഭോയ് ഗ്രാമത്തിലെ കിഴക്കന്‍ ജൈന്തിയ മലയിലുള്ള അടയ്ക്ക തോട്ടത്തില്‍ നിന്നാണ് പന്നയുടെ പാതി ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയില്‍ നിന്നും 1.5 കിമീ മാത്രം ദൂരമാണ് ഈ പ്രദേശത്തിലേക്കുള്ളത്. ശരീരത്തില്‍ നിന്നും കണ്ടെത്തിയ പാസ്പോർട്ടില്‍ നിന്നാണ് പന്നയെ തിരിച്ചറിഞ്ഞതെന്ന് അധികൃതർ അറിയിച്ചു.
ALSO READ: ആന്ധ്രാ പ്രദേശിലെ വനിതാ ഹോസ്റ്റലില്‍ ഒളിക്യാമറ; ദൃശ്യങ്ങള്‍ പകർത്തി വിറ്റത് വിദ്യാർഥികള്‍ക്ക്
പന്നയുടെ ശരീരത്തില്‍ നിരവധി മുറുവുകള്‍ ഉണ്ടായിരുന്നു. തലയില്‍ ചതവും നിലത്ത് ഉരഞ്ഞ പാടുകളും കണ്ടെത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകമാണെന്ന നിഗമനത്തിലേക്ക് നയിച്ചത് ഈ തെളിവുകളാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി ശരീരം ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.