സിപിഐഎം പാലക്കാട് ജില്ലാക്കമ്മറ്റിയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ രണ്ടു കോടി രൂപയും കോൺഗ്രസ് ജില്ലാ കമ്മറ്റി ഒരു കോടി രൂപയും കൈക്കൂലി കൈപ്പറ്റിയതായാണ് കൃഷ്ണകുമാർ ആരോപിക്കുന്നത്
എലപ്പുള്ളിയിലെ മദ്യക്കമ്പനിക്ക് അനുമതി നൽകാൻ സിപിഐഎം പണം വാങ്ങിയെന്ന് ആരോപിച്ച് ബിജെപി ഇഡിക്ക് പരാതി നൽകി. ആരോപണവുമുന്നയിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാർ കേന്ദ്ര സർക്കാരിനും ഇഡിക്കുമാണ് പരാതി നൽകിയത്. തപാൽ മാർഗമാണ് പരാതി നൽകിയതെന്ന് പറഞ്ഞ കൃഷ്ണകുമാർ പരാതികൾ അയച്ചതിൻ്റെ രേഖകൾ ഫേസ് ബുക്ക് വഴി പങ്കുവച്ചു.
സിപിഐഎം പാലക്കാട് ജില്ലാക്കമ്മറ്റിയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ രണ്ടു കോടി രൂപയും കോൺഗ്രസ് ജില്ലാ കമ്മറ്റി ഒരു കോടി രൂപയും കൈക്കൂലി കൈപ്പറ്റിയതായാണ് വിവരം ലഭിച്ചത്. സിപിഐഎം മുൻ പുതുശ്ശേരി ഏരിയ സെക്രട്ടറിക്ക് മദ്യക്കമ്പനി വക ഇന്നോവ ക്രിസ്റ്റ കാർ സംഭാവനയായി നൽകിയെന്നും കൃഷ്ണകുമാർ ആരോപിച്ചിരുന്നു. അക്കൗണ്ടിൽ ഈ അടുത്ത ദിവസങ്ങളിൽ വന്നിരിക്കുന്ന കോടികൾ സംഭാവന,കൈക്കൂലി പണം അല്ലെ? ആരിൽ നിന്ന്, എന്തിനു സ്വീകരിച്ചു എന്നു വ്യക്തമാക്കണമെന്ന് പാർട്ടികൾ വ്യക്തമാക്കണമെന്നും കൃഷ്ണകുമാർ പറഞ്ഞു.
ഒയാസിസ് കമ്പനിയിൽ നിന്ന് കോൺഗ്രസും കോടികൾ വാങ്ങിയെന്ന് കൃഷ്ണകുമാർ ആരോപിച്ചിരുന്നു. കോൺഗ്രസിന് ഒരു കോടി രൂപയാണ് സംഭാവന നൽകിയത്. ജില്ലയിലെ കോൺഗ്രസിൻ്റെ നേതാവിന് 25 ലക്ഷം രൂപ വ്യക്തിപരമായും കൈക്കൂലി നൽകിയിട്ടുണ്ടെന്നും കൃഷ്ണകുമാർ ആരോപിച്ചു. കോൺഗ്രസും സിപിഐഎമ്മും അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടണമെന്നും കൃഷ്ണകുമാർ ആവശ്യപ്പെട്ടിരുന്നു. അക്കൗണ്ടിൽ ഈ അടുത്ത ദിവസങ്ങളിൽ വന്ന കോടികളുടെ സംഭാവന, കൈക്കൂലി പണം അല്ലെ?അത് ആരിൽ നിന്ന്, എന്തിനു സ്വീകരിച്ചു എന്നും വ്യക്തമാക്കണമെന്നും കൃഷ്ണകുമാർ പറഞ്ഞു.
ALSO READ: മദ്യക്കമ്പനിയിൽ നിന്ന് സിപിഎമ്മും കോൺഗ്രസും കോടികൾ വാങ്ങി; ആരോപണവുമായി ബിജെപി
ഈ സത്യം പുറത്തു കൊണ്ടുവരാൻ ശ്രമിച്ച എനിക്ക് മനോനില ഇല്ലെന്ന നിലയിലാണ് സിപിഐഎം ജില്ലാ സെക്രട്ടറി പ്രസ്താവന ഇറക്കിയത്. ബ്രൂവറി അഴിമതിയും സിപിഐഎം ഭരിക്കുന്ന പാലക്കാട്ടെ ചില സഹകരണ ബാങ്കുകളിലേക്ക് എത്തുന്ന അന്വേഷണങ്ങളും നടന്നു കഴിഞ്ഞ് റിപ്പോർട്ട് പുറത്തു വരുമ്പോൾ മനോനില തെറ്റുന്നത് ആരുടേതെന്ന് കാണാം എന്നു മാത്രം പറയട്ടെയെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
സിപിഐഎം നേതൃത്വത്തിൽ എത്തിക്കഴിഞ്ഞാൽ സ്ഥാവരജംഗമ വസ്തുക്കളിൽ ഉണ്ടാകുന്ന മാറ്റം നാട്ടുകാർ ശ്രദ്ധിക്കുന്നുണ്ട്. ഇവരൊക്കെ പെട്ടന്ന് കോടീശ്വരർ ആകുന്നത് എങ്ങനെയെന്ന ചോദ്യം നാട്ടിൽ പരക്കെ ഉണ്ടെന്നും സിപിഐഎം ജില്ലാ സെക്രട്ടറിയെ ഓർമിപ്പിക്കുന്നതായി കൃഷ്ണകുമാർ പറഞ്ഞു. ഞാൻ കേരളത്തിലെ അന്വേഷണ ഏജൻസികൾക്ക് പരാതി നൽകാത്തത് അവരുടെ അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാലാണ് എന്നും ബിജെപി നേതാവ് പറഞ്ഞു.
സിപിഎം-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് വിവാദ മദ്യക്കമ്പനിക്കു വേണ്ടി ഒന്നിച്ചാണ് നീങ്ങുന്നത് എന്നതിന് തെളിവാണ്. "രാജ്യത്തു തന്നെ ഏറ്റവും വരൾച്ചയുള്ള പ്രദേശത്ത് ജലചൂഷണം നടത്താനാണ് സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷം മദ്യക്കമ്പനിയിൽ നിന്ന് കൈക്കൂലി കൈപ്പറ്റിയിരിക്കുന്നത്. ഇരു പാർട്ടികളെയും ഞങ്ങൾ വെല്ലുവിളിക്കുന്നു. പാർട്ടിയുടെ അക്കൗണ്ട് വിവരങ്ങൾ പുറത്തു വിടണം", സി. കൃഷ്ണ കുമാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാർ ഇഡിയെ സമീപിച്ചത്.