മഹാരാഷ്ട്രയിലെ ഹിന്ദുത്വ ആത്മീയ നേതാവ് രാംഗിരി മഹാരാജിനെ പിന്തുണച്ചായിരുന്നു ബിജെപി എംഎൽഎയുടെ പരാമർശം.
മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി എംഎൽഎ വിവാദത്തിൽ. പള്ളിയിൽ കയറി മുസ്ലിങ്ങളെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ എംഎൽഎ നിതേഷ് റാണെക്കെതിരെ അഹമ്മദ്‌നഗർ ജില്ലാ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ നടന്ന സകാൽ ഹിന്ദു സമാജ് പരിപാടിലാണ് മുസ്ലിങ്ങൾക്കെതിരെ ബിജെപി എംഎൽഎ നിതേഷ് റാണെ കൊലവിളി പ്രസംഗം നടത്തിയത്.
മുസ്ലിങ്ങളെ പള്ളിയിൽ കയറി കൊല്ലുമെന്നായിരുന്നു പ്രസംഗത്തിലെ പ്രകോപനപരമായ പരാമർശം. മഹാരാഷ്ട്രയിലെ ഹിന്ദുത്വ ആത്മീയ നേതാവ് രാംഗിരി മഹാരാജിനെ പിന്തുണച്ചായിരുന്നു ബിജെപി എംഎൽഎയുടെ പരാമർശം. രാംഗിരിക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ താൻ പള്ളിയിൽ കയറി ഓരോരുത്തരെയായി തല്ലിക്കൊല്ലുമെന്ന് റാണെ ഭീഷണിപ്പെടുത്തി.
ഇത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ റാണക്കെതിരെ പൊലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെയും എംഎൽഎ അപകീർത്തി പ്രസംഗം നടത്തിയിരുന്നു.
ALSO READ: കൊൽക്കത്തയിലെ ബലാത്സംഗക്കൊല: ആർജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ
റാണെയ്‌ക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ രംഗത്തെത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാനത്ത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്ന് പാർട്ടി ആരോപിച്ചു. മുസ്ലിങ്ങൾക്കെതിരെ വിവാദ പ്രസ്താവന നടത്തിയതിൻ്റെ പേരില്‍ നിതേഷ് റാണെക്കെതിരെ നേരത്തെയും പൊലീസ് കേസെടുത്തിട്ടുണ്ട്.