അഴിമതി നിരോധന നിയമപ്രകാരമാണ് കേസ് എടുത്തത്. ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്
അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരെ കേസെടുത്ത് സിബിഐ. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ് എടുത്തത്. ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിൻ്റെ എഫ്ഐആർ ഇന്ന് തിരുവനന്തപുരം സിബിഐ കോടതിയിൽ സമർപ്പിക്കും.
ഇന്നലെ വൈകീട്ടോടെയാണ് സിബിഐയുടെ കൊച്ചി യൂണിറ്റ് കെ.എം. എബ്രഹാമിനെ പ്രതി ചേർത്തുകൊണ്ട് കേസെടുത്തത്. 2015ൽ ധനവകുപ്പ് സെക്രട്ടറി ആയിരിക്കെ കെ.എം. ജേക്കബ് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് പരാതി ഉണ്ടായിരുന്നത്. മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലെ അപ്പാർട്ട്‌മെൻ്റും കൊല്ലം കടപ്പാക്കടയിലെ കെട്ടിട നിർമാണവും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. വിജിലൻസിൽ ഇത് സംബന്ധിച്ച് ജോമോൻ പുത്തൻപുരയ്ക്കൽ ആയിരുന്നു പരാതി നൽകിയത്.
ALSO READ: അനധികൃത സ്വത്ത് സമ്പാദന പരാതി; സിബിഐ അന്വേഷണം നിയമപരമായി നേരിടാൻ കെ. എം. എബ്രഹാം
അന്ന് വിജിലൻസ് നടത്തിയ പരിശോധനയിൽ ചില പാളിച്ചകൾ ഉണ്ടായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രണ്ടാഴ്ച മുൻപ് ഹൈക്കോടതി പാളിച്ചകൾ ചൂണ്ടിക്കാട്ടി ഇത് സംബന്ധിച്ച അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന നിർദേശം നൽകിയത്. വർഷങ്ങൾ നീണ്ട നിയമ വ്യവഹാരങ്ങൾക്ക് ഒടുവിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പരാതിക്കാരൻ്റെ മൊഴി, വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട്, മറ്റ് സുപ്രധാന രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാനായിരുന്നു ഹൈക്കോടതി നിർദേശം. ജസ്റ്റിസ് കെ. ബാബുവാണ് സിബിഐക്ക് നിർദേശം നൽകിയത്. സിബിഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിനാണ് കോടതി അന്വേഷണത്തിനുള്ള നിർദ്ദേശം നൽകിയത്. വിജിലൻസിനോട് ബന്ധപ്പെട്ട മുഴുവൻ രേഖകളും കൈമാറണമെന്നും നിർദേശം നൽകിയിരുന്നു. തൻ്റെ ഭാഗം കേട്ടില്ലെന്ന്, ഉത്തരവ് വന്നതിന് പിന്നിലെ കെ.എം. എബ്രഹാം ആരോപിച്ചിരുന്നു.