പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
അന്തരിച്ച മുന്‍ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിക്ക് സ്മാരകം നിർമിക്കാനുള്ള സ്ഥലം അനുവദിച്ച് കേന്ദ്രസർക്കാർ. രാജ്ഘട്ടിലെ രാഷ്ട്രപതിമാർക്കും ഉപരാഷ്ട്രപതിമാർക്കും പ്രധാനമന്ത്രിമാർക്കും വേണ്ടിയുള്ള നിയുക്ത സ്മാരക സമുച്ചയമായ രാഷ്ട്രീയ സ്മൃതി സ്ഥലിലാണ് സ്മാരകത്തിനായി സ്ഥലം അനുവദിച്ചത്. പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്മാരകം നിർമിക്കാനുള്ള തീരുമാനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശര്‍മിഷ്ഠ മുഖര്‍ജി നന്ദി അറിയിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും സ്മാരകത്തിന് അനുമതി നല്‍കികൊണ്ടുള്ള ലാന്‍ഡ് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസിന്റെ കത്തും തന്റെ എക്സിൽ ശര്‍മിഷ്ഠ മുഖര്‍ജി പങ്കുവെച്ചിട്ടുണ്ട്.
ALSO READ: മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക നയങ്ങളാണ് ഇന്ത്യയുടെ വളർച്ചയുടെ അടിത്തറ; എം.കെ. സ്റ്റാലിൻ
"രാജ്യ ബഹുമതികൾ ആവശ്യപ്പെടരുത്, അത് നൽകണം എന്ന് ബാബ പറയാറുണ്ടായിരുന്നു. ബാബയുടെ സ്മരണയ്ക്കായി പ്രധാനമന്ത്രി മോദി സ്മാരകം നിർമിക്കാൻ അനുമതി നൽകിയതിൽ നന്ദിയുണ്ട്. എൻ്റെ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകൾക്ക് കഴിയില്ല" ശര്‍മിഷ്ഠ മുഖര്‍ജി എക്സിൽ കുറിച്ചു.
അതേസമയം, അന്തരിച്ച മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സ്മാരകത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കേന്ദ്ര സർക്കാരിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് നേതാക്കൾ ചോദിച്ചു. ഇന്ത്യയുടെ ആദ്യ സിഖ് പ്രധാനമന്ത്രിയെ ബോധപൂർവം അപമാനിക്കുകയാണ് ഇത് ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
2004-2014 വരെ 10 വർഷം അധികാരത്തിലിരുന്ന കോൺഗ്രസ് മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിനായി ഒരു സ്മാരകം നിർമിച്ചിട്ടില്ലെന്ന് ബിജെപി തിരിച്ചടിച്ചു. 2015 ൽ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിയപ്പോൾ ആണ് നരസിംഹ റാവുവിനായി ഒരു സ്മാരകം പണിയുകയും മരണാനന്തരം 2024 ൽ ഭാരതരത്നം നൽകി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തതെന്നും ബിജെപി വക്താവ് സി.ആർ. കേശവൻ പറഞ്ഞു.