മുല്ലപെരിയാര്‍ ഡാമിന്റെ എല്ലാ സുരക്ഷ സംബന്ധമായ വിഷയങ്ങളും മേല്‍നോട്ട സമിതിയാണ് പരിഗണിക്കുക
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ പുതിയ ഏഴംഗ മേല്‍നോട്ട സമിതി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് മേല്‍നോട്ട സമിതി രൂപീകരിച്ചത്. ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയര്‍മാനാണ് മേല്‍നോട്ട സമിതിയുടെ തലവന്‍.
കേരള-തമിഴ്‌നാട് വാട്ടര്‍ റിസോര്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ഇരു സംസ്ഥാനങ്ങളിലെയും ഇറിഗേഷന്‍ ചുമതലയുള്ള ചീഫ് എഞ്ചിനിയര്‍മാര്‍, കാവേരി സെല്‍ ചെയര്‍മാന്‍ എന്നിവര്‍ അടങ്ങിയതാണ് മേല്‍നോട്ട സമിതി. മുല്ലപെരിയാര്‍ ഡാമിന്റെ എല്ലാ സുരക്ഷ സംബന്ധമായ വിഷയങ്ങളും മേല്‍നോട്ട സമിതിയാണ് പരിഗണിക്കുക.
ജല കമ്മീഷന്‍ ചെയര്‍മാനായിരുന്നു നേരത്തെ മേല്‍നോട്ട സമിതിയുടെ അധ്യക്ഷന്‍. നിലവിലുണ്ടായിരുന്ന മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി പിരിച്ചുവിട്ടതിന് ശേഷം പുതിയ മേല്‍നോട്ട സമിതിക്ക് രൂപംകൊടുക്കുകയായിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുകയും ചെയ്തു. 2021ല്‍ പാര്‍ലമെന്റ് പാസാക്കിയ ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഡാം സുരക്ഷാ അതോറിറ്റി രൂപീകരിക്കപ്പെടുന്നത്.