ടൗണ്‍ഷിപ്പില്‍ വീടിന് പകരം ഉയര്‍ന്ന തുക നഷ്ടപരിഹാരം വേണമെന്ന പ്രദേശവാസിയുടെ ആവശ്യത്തിലാണ് ഹൈക്കോടതിയുടെ മറുപടി
വയനാട് ദുരന്തബാധിതർക്ക് പുനരധിവാസത്തിനായി ഉയര്‍ന്ന നഷ്ടപരിഹാര തുക ആവശ്യപ്പെടാൻ കഴിയില്ലെന്ന് ഹൈക്കോടതി. ദുരന്തബാധിതർക്ക് ടൗണ്‍ഷിപ്പില്‍ വീട് ആവശ്യമില്ലെങ്കില്‍ അതിന് പകരം ഉയര്‍ന്ന തുക ആവശ്യപ്പെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ദുരന്തബാധിതര്‍ക്ക് ആഡംബരം ആവശ്യപ്പെടാനാകില്ലെന്നും മാനുഷിക പരിഗണനയിലാണ് സര്‍ക്കാര്‍ പുനരധിവാസം നടപ്പാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ടൗണ്‍ഷിപ്പില്‍ വീടിന് പകരം ഉയര്‍ന്ന തുക നഷ്ടപരിഹാരം വേണമെന്ന പ്രദേശവാസിയുടെ ആവശ്യത്തിലാണ് ഹൈക്കോടതിയുടെ മറുപടി.
ഉയർന്ന നഷ്ടപരിഹാരതുകയെന്നത് ദുരന്തബാധിതരുടെ അവകാശമല്ലെന്നായിരുന്നു കോടതിയുടെ പ്രസ്താവന. ദുരന്തബാധിതര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ല. ദുരന്തബാധിതരുടെ പ്രയോജനത്തിനാണ് സംസ്ഥാന സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പ് പദ്ധതി. വ്യക്തിപരമായ മുന്‍ഗണന നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
സര്‍ക്കാരിന്റെ ചുമതലയെന്ത് എന്ന ചോദ്യമാണ് ദുരന്തബാധിതരോട് ചോദിക്കാനുള്ളതെന്ന് ഹൈക്കോടതി പറയുന്നു. ലഭ്യമായ വിഭവങ്ങള്‍ തുല്യമായി വീതിച്ച് നല്‍കുകയാണ് സര്‍ക്കാരിന്റെ ചുമതല. ഇതില്‍ ദുരന്തബാധിതര്‍ക്ക് ആഡംബരം ആവശ്യപ്പെടാനാകില്ല. ഉരുൾപൊട്ടല്‍ മാത്രമല്ല ദുരന്തം, മറ്റ് ദുരന്തങ്ങളെ നേരിട്ടവരുമുണ്ട്. അവര്‍ക്ക് വേണ്ടിയും പുനരധിവാസം ഉറപ്പാക്കേണ്ടതുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സുരക്ഷിതമായ സ്ഥലത്താണ് സര്‍ക്കാര്‍ പുനരധിവാസ സൗകര്യം ഒരുക്കുന്നത്. സര്‍ക്കാരിന്റെ ഫണ്ട് ഉചിതമായ രീതിയില്‍ വിനിയോഗിക്കുകയാണ് വേണ്ടത്. സുരക്ഷിതമായ ജീവിത സാഹചര്യമൊരുക്കാനാണ് ടൗണ്‍ഷിപ്പ് പദ്ധതിയെന്നും സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാനില്ല. വയനാട്ടിലേത് പ്രകൃതി ദുരന്തമാണ്, മനുഷ്യ നിര്‍മ്മിതി ദുരന്തമല്ലെന്ന് പറഞ്ഞ ഹൈക്കോടതി, മാനുഷിക പരിഗണനയിലാണ് സര്‍ക്കാര്‍ പുനരധിവാസം നടപ്പാക്കുന്നതെന്നും വ്യക്തമാക്കി.