12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മീഷന്‍ അംഗീകരിച്ചു. ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം തള്ളിയാണ് പരിശോധനയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. 2011നു ശേഷം കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നത് ആദ്യമായാണ്. സുരക്ഷാ പരിശോധന 2016ൽ മതിയെന്ന തമിഴ്‍നാടിന്റെ ഒത്തുതീർപ്പ് വാദവും ജല കമ്മീഷൻ തള്ളിയിരുന്നു. അണക്കെട്ടിൻ്റെ അടിയന്തര കർമപദ്ധതി സമർപ്പിക്കാനും തമിഴ്നാടിന് നിർദേശം നൽകിയിട്ടുണ്ട്. അറ്റകുറ്റ പണികൾ നടത്തുന്നത് സംബന്ധിച്ച് കേരളം സമയ ബന്ധിതമായി തീരുമാനമെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ: മുല്ലപ്പെരിയാർ എന്ന ആശങ്ക, ചരിത്രവും വർത്തമാനവും...
മുല്ലപ്പെരിയാര്‍ ഡാമിൻ്റെ സുരക്ഷ അടിയന്തരമായി പരിശോധിക്കണമെന്ന കേരളത്തിൻ്റെ ആവശ്യം ചർച്ച ചെയ്യാനാണ് കേന്ദ്ര ജല കമ്മീഷൻ മേൽനോട്ട സമിതി യോഗം വിളിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റക്കുറ്റപ്പണി നടത്തണമെന്നായിരുന്നു തമിഴ്നാടിൻ്റെ ആവശ്യം. സുപ്രീംകോടതിയുടെ 2014ലെ നിർദേശത്തിൻ്റെ ചുവടുപിടിച്ചാണ് മേൽനോട്ടസമിതിയുടെ അംഗീകാരത്തോടെ അറ്റക്കുറ്റപ്പണിക്കായി തമിഴ്നാട് ശ്രമിക്കുന്നത്. എന്നാൽ കേരളത്തിൻ്റെ ആശങ്കൾ കണക്കിലെടുത്ത് സമർപ്പിച്ച ഹർജിയിൽ അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധന ആവശ്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ശേഷവും ഡാമിൻ്റെ അറ്റകുറ്റപ്പണികൾ നടക്കട്ടെ എന്നായിരുന്നു തമിഴ്നാടിൻ്റെ സമീപനം. ഇതിനെതിരെയാണ് കേരളം രംഗത്തിയത്. 2011 ലാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധന നടത്തിയത്. പത്തുവർഷത്തിലൊരിക്കൽ രാജ്യത്തെ പ്രധാന ഡാമുകളിൽ സുരക്ഷാപരിശോധന ആവശ്യമാണെന്ന് കേന്ദ്രജലകമ്മീഷൻ്റെ സുരക്ഷാ പുസ്തകത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മുല്ലപ്പെരിയാറിൻ്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ശക്തമാവുകയും ഡാം ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യം ശക്തമായി ഉയരുകയും ചെയ്തിരുന്നു. മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ലെന്നും പകരം മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കണമെന്നും മെട്രോമാൻ ഇ. ശ്രീധരനും പറഞ്ഞിരുന്നു. അതേസമയം, മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് കേരള സർക്കാർ.