പുലർച്ചെ ഒരു മണിക്കാണ് ബ്രിട്ടനിലെ ക്ലോക്കുകൾ ഒരു മണി എന്നതിന് പകരം രണ്ട് മണിയായി പുനഃക്രമീകരണം നടക്കുക
യു. കെയിൽ ഇന്ന് രാത്രി ഒരു മണി ഇല്ല. രാത്രി 12.59 കഴിയുന്നത്തോടെ യു. കെയിലെ ക്ലോക്കുകളിൽ രണ്ട് മണി അടിക്കും. ബ്രിട്ടണിൽ ഇന്ന് മുതൽ സമയം മാറുകയാണ്. ”ഡേ ലൈറ്റ് സേവിങ് ടൈം” എന്നറിയപ്പെടുന്ന സമയ പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് ഈ മാറ്റം. പുലർച്ചെ ഒരു മണിക്കാണ് ബ്രിട്ടനിലെ ക്ലോക്കുകൾ ഒരു മണി എന്നതിന് പകരം രണ്ട് മണിയായി പുനഃക്രമീകരണം നടക്കുക. എല്ലാ വർഷവും മാർച്ചിലെ അവസാനത്തെ ഞായറാഴ്ച നടക്കുന്ന സമയ പുനഃക്രമീകരണം ആണിത്. അതോടെ ഗ്രീൻവിച്ച് മീൻ ടൈം ബ്രിട്ടീഷ് സമ്മർ ടൈം ആയി മാറും. ഒക്ടോബറിലെ അവസാന ഞായറാഴ്ച തിരിച്ച് ഗ്രീൻവിച്ച് മീൻ ടൈം ആയി മാറുകയും ചെയ്യും.
സമ്മർ മാസങ്ങളിലെ പകൽ വെളിച്ചം പരമാവധി ഉപയോഗപ്പെടുന്നതിനായാണ് ഈ സമയമാറ്റം. ക്ലോക്കിൽ സമയമാറ്റം നടത്തുന്നത്തോടെ ജോലിക്ക് ശേഷം ഉള്ള സമയമൊക്കെ വ്യായാമത്തിനും വാക്കിങ്ങിനും ഒക്കെ ഉപയോഗിക്കാലോ. ആദ്യമായിട്ട് ഈ മാറ്റം മുന്നോട്ടുവെച്ചത് 1916ൽ ജർമനിയാണ്. പിന്നാലെ യു.കെയും ഈ പാത പിന്തുടർന്നു.
ALSO READ: മെഡിക്കൽ ലോണോ അതോ പേഴ്സണൽ ലോണോ?; അത്യാവശ്യ ഘട്ടത്തിൽ ഏത് തെരഞ്ഞെടുക്കും!
അപ്പൊ നിങ്ങൾ ആലോചിക്കും ഏത് ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണപ്പോഴാണ് ഈ ഐഡിയ വന്നത് എന്ന്. ശാസ്ത്രജ്ഞനായ ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ ആണ് ഈ ഐഡിയ കണ്ടുപിടിച്ചത് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ മറ്റൊരാളാണ് ഇതിനു പിന്നിൽ. ന്യൂസിലൻഡിൽ നിന്നുള്ള പ്രാണി നിരീക്ഷണം നടത്തുന്ന ജോർജ് ഹഡ്സൺ ആണ് 1895ൽ ഈ കണ്ടുപിടിത്തം നടത്തിയത്. തന്റെ ജോലി സമയം കഴിഞ്ഞ് പ്രാണി നിരീക്ഷണത്തിന് കൂടുതൽ സമയം ആഗ്രഹിച്ചാണ് ഹഡ്സൺ ഇങ്ങനെ ഒരു ഐഡിയ മുന്നോട്ടുവെച്ചത്.
195 ലോകരാഷ്ട്രങ്ങളിൽ 70 രാജ്യങ്ങളിലും ഈ സമയമാറ്റം ബാധകമാകും. ഇന്ത്യയും യു.കെയും തമ്മിൽ നാലര മണിക്കൂർ വ്യത്യാസമുള്ളതുകൊണ്ട് ഇന്ത്യയിൽ ഇതൊന്നും വിഷയമല്ല. ഇന്ത്യയിൽ മാത്രമല്ല, ഏഷ്യൻ രാജ്യങ്ങളിൽ പൂർണമായും, ആഫ്രിക്കയിലെ ഭൂരിഭാഗം രാജ്യങ്ങളിലും സമയമാറ്റം ബാധകമല്ല.