കയർ ബോർഡ് മേൽ ഉദ്യോഗസ്ഥരിൽ നിന്നും മാനസിക പീഡനം നേരിട്ടു എന്ന് ചൂണ്ടികാണിച്ചാണ് ജോളിയുടെ കുടുംബം പരാതി നൽകിയത്
കയർ ബോർഡ് ജീവനക്കാരി ആയിരുന്ന ജോളി മധുവിന്റെ മരണത്തിൽ പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് നൽകും. കുടുംബം ഡിജിപിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കയർ ബോർഡ് മേൽ ഉദ്യോഗസ്ഥരിൽ നിന്നും മാനസിക പീഡനം നേരിട്ടു എന്ന് ചൂണ്ടികാണിച്ചാണ് ജോളിയുടെ കുടുംബം പരാതി നൽകിയത്.
കയർ ബോർഡ് ജീവനക്കാരിയായിരുന്ന ജോളിയുടെ മരണത്തിൽ തൊഴിൽപീഡനത്തിന്റെ കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. കയർ ബോർഡ് ചെയർമാന്റെ തൊഴിൽ പീഡനം വ്യക്തമാക്കുന്ന ജോളി മധുവിന്റെ കത്തും ശബ്ദരേഖയുമാണ് പുറത്തുവന്നത്. കയർ ബോർഡ് ചെയർമാനും മുൻ സെക്രട്ടറി ജിതേന്ദ്ര ശുക്ലയും ചേർന്ന് വേട്ടയാടിയെന്ന് ജോളി പറയുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്. അഴിമതിക്ക് കൂട്ടുനിൽക്കാത്തതാണ് വൈരാഗ്യത്തിന് കാരണമെന്നും ജോളി പറയുന്നുണ്ട്. നിലവിലെ ചെയർമാൻ വിഭുൽ ഗോയലിനെ സെക്രട്ടറി ജിതേന്ദർ ശുക്ല പണം കൊടുത്ത് കയ്യിലാക്കിയെന്നും, ശുക്ല പറയും പോലെയാണ് കാര്യങ്ങൾ നടക്കുന്നതെന്നും, തന്നോട് പകപോക്കുകയാണെന്നും, കാലുപിടിക്കാനില്ല ദൈവം എന്തെങ്കിലും വഴികാണിക്കുമെന്നും ജോളി മധു ശബ്ദരേഖയിൽ പറയുന്നുണ്ട്.
ALSO READ: "ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു"; CWC ചെയർപേഴ്സണും CPIM പ്രവർത്തകരും മർദിച്ചെന്നും പരാതി
'എന്റേത് തൊഴിലിടത്തെ സ്ത്രീയ്ക്ക് നേരെയുള്ള ഉപദ്രവമാണ്, അത് എന്റെ ജീവനും, ആരോഗ്യത്തിനും ഭീഷണിയാകുന്നു, കുറച്ചുകാലം കൂടി സർവീസിലിരിക്കാൻ ദയവായി നിങ്ങൾ എന്റെ പരാതികൾ പരിശോധിച്ച് എന്നോട് കരുണ കാണിക്കണം' ജോളി കുറിപ്പിൽ എഴുതി. തൊഴിലിടത്ത് തനിക്ക് മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ജോളി കത്തിൽ ആരോപിക്കുന്നത്. ഈ കത്ത് എഴുതുമ്പോഴാണ് ജോളി കുഴഞ്ഞു വീണതും തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചതും.
അതേസമയം, ജോളി മധുവിന്റെ മരണത്തിന് പിന്നാലെ കയർ ബോർഡിനെതിരെ പരാതി പ്രവാഹം ഉയരുന്നുണ്ട്. ജോളി മധുവിനെ പോലെ പ്രതികാര നടപടി നേരിട്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ്റെ മകൻ വെളിപ്പെടുത്തി. കയർ ബോർഡ് ഇൻവെസ്റ്റിഗേറ്റർ സുനിൽ കുമാർ സി.ബിയുടെ മകനാണ് ആരോപണവുമായി രംഗത്തെത്തിയത്. അഴിമതിക്ക് കൂട്ട് നിൽക്കാത്തതിനാൽ അച്ഛനെ കൊൽക്കത്തയിലേക്ക് സ്ഥലം മാറ്റിയെന്ന് സിദ്ധാർഥ് ന്യൂസ് മലയാളത്തോട് പറഞ്ഞു.