fbwpx
"വന്യജീവി ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടു, വനമന്ത്രി രാജി വെയ്ക്കണം"; നിലപാട് കടുപ്പിച്ച് കോൺഗ്രസ് നേതാക്കൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Feb, 2025 12:06 PM

വന്യജീവി ആക്രമണം തടയുന്നതിൽ എ.കെ. ശശീന്ദ്രൻ പരാജയപ്പെട്ടെന്നും അതിനാൽ ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ മന്ത്രിക്ക് അർഹതയില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു

KERALA


വന്യജീവി ആക്രമണത്തിൽ വനമന്ത്രി എ.കെ. ശശീന്ദ്രനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് നേതാക്കൾ. എ.കെ. ശശീന്ദ്രൻ രാജിവെക്കണമെന്ന് തറപ്പിച്ച് പറയുകയാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും കെ. മുരളീധരനും. വന്യജീവി ആക്രമണം തടയുന്നതിൽ എ.കെ. ശശീന്ദ്രൻ പരാജയപ്പെട്ടെന്നും അതിനാൽ ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ മന്ത്രിക്ക് അർഹതയില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.


ഇനി മേലാൽ കേരളത്തിൽ ആത്മഹത്യയും റോഡ് അപകടവും ഉണ്ടാകില്ലെന്ന് പറയാന്‍ സാധിക്കുമോ എന്നും ഇതേ തരത്തിലാണ് വന്യജീവി ആക്രമണമെന്നുമായിരുന്നു എ.കെ. ശശീന്ദ്രൻ ഇന്ന് നൽകിയ വിശദീകരണം. എന്നാൽ ഇതിനെതിരെ രമേശ് ചെന്നിത്തല വലിയ വിമർശനമുയർത്തി. റോഡ് അപകടം പോലെയാണോ വന്യജീവികൾ റോഡിൽ ഇറങ്ങി ആളുകളെ കൊല്ലുന്നതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ചോദ്യം. എ.കെ. ശശീന്ദ്രൻ്റെ വാദം അംഗീകരിക്കാൻ കഴിയില്ലെന്നും, ഇതെല്ലാം പരാജയം മറച്ചുവെക്കാനുള്ള നീക്കമാണെന്നും കോൺഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു.


ALSO READ: വന്യജീവി ആക്രമണത്തിൽ ശാശ്വത പരിഹാരമില്ല, പരമാവധി ചെയ്യുകയാണ് സർക്കാർ നിലപാട്: എ.കെ. ശശീന്ദ്രൻ


പാവങ്ങളെയും കർഷകരെയും വന്യജീവികൾ ആക്രമിച്ചു കൊല്ലുകയാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കാപ്പിത്തോട്ടത്തിൽ പോയി ജോലി ചെയ്യുന്ന പാവങ്ങളെയാണ് കൊന്നുകൊണ്ടിരിക്കുന്നത്. തമിഴ്നാടും കർണാടകവും ഫലപ്രദമായി വന്യജീവി ആക്രമണം തടയുന്നുണ്ടെന്നും സർക്കാർ ആത്മ പരിശോധന നടത്തണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

വന്യമൃഗ പ്രതിരോധ സംരക്ഷണത്തിൽ ഇടപെടാൻ കഴിയാത്ത മന്ത്രി രാജിവെക്കണമെന്ന് തന്നെയായിരുന്നു കോൺഗ്രസ് നേതാവ് കെ. മുരളീധരൻ്റെയും പക്ഷം. വനം വകുപ്പ് കൈകാര്യം ചെയ്യാൻ അറിയാത്ത ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. പിണറായിയെ സഖാക്കൾക്ക് മാത്രമാണ് പേടി. വന്യമൃഗങ്ങൾക്ക് ആ പേടിയില്ലെന്നത് മനസ്സിലാക്കണം. സാധാരണക്കാരുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കാൻ വനം വകുപ്പ് മന്ത്രിക്ക് സമയമില്ല. അദ്ദേഹം മന്ത്രിസ്ഥാനം സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.


ALSO READ: മൂന്നാറിൽ ബൈക്ക് യാത്രക്കാരിയെ എടുത്തെറിഞ്ഞ് പടയപ്പ; തൃശൂർ സ്വദേശിയുടെ ഇടുപ്പെല്ല് പൊട്ടി


അതേസമയം ശശീന്ദ്രൻ രാജിവെക്കണമെന്ന ബിഷപ്പുമാരുടെ അഭിപ്രായത്തോട് സർക്കാരിന് യോജിപ്പില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. വനം മന്ത്രി ബിഷപ്പുമാരേ വിമർശിച്ചല്ലോ എന്ന ചോദ്യത്തിന് വനം വകുപ്പ് മന്ത്രി പറയുന്ന എല്ലാ കാര്യത്തിലും തനിക്ക് പ്രതികരിക്കാനാവില്ലെന്നും അത് മന്ത്രിയോട് തന്നെ ചോദിക്കണമെന്നുമായിരുന്നു കൺവീനറുടെ മറുപടി.



വന്യജീവി ആക്രമണത്തിൽ ശാശ്വതപരിഹാരം എന്നൊരു വാക്കില്ലെന്നായിരുന്നു വനം മന്ത്രി എ.കെ. ശശീന്ദ്രൻ്റെ പക്ഷം. ഇത് തടയാൻ പരമാവധി കാര്യങ്ങൾ ചെയ്യുക എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഒപ്പം തൻ്റെ രാജി ആവശ്യപ്പെട്ട ബിഷപ്പിനെതിരെയും മന്ത്രി വിമർശനമുയർത്തി.


"ഒരു മന്ത്രിയെ വിലയിരുത്താൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ട്. രാജിവെയ്ക്കണം എന്നു പറയുന്നത് ഒരു രാഷ്ട്രീയ ആവശ്യമാണ്. ബിഷപ്പ് ഉയർത്തിയത് അങ്ങനെയാണോ എന്ന് സംശയമുണ്ട്. രാജിവെച്ചാൽ ഉയർന്നുവന്ന പ്രശ്നം തീരുമോ? രാജി പ്രശ്നപരിഹാരമല്ല. എന്താണ് ഇതിനൊരു ശാശ്വത പരിഹാരം, അതാണ് വേണ്ടത്," എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു.




KERALA
കോട്ടയം റാഗിങ് കേസിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പ്രതികൾ SFI പ്രവർത്തകരെന്ന് KSU, കൂടുതൽ ഇരകൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് എസ്‌പി
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
കോട്ടയം റാഗിങ് കേസിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പ്രതികൾ SFI പ്രവർത്തകരെന്ന് KSU, കൂടുതൽ ഇരകൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് എസ്‌പി