fbwpx
ഗാന്ധിജി കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചിരുന്നോ? ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പിരിച്ചു വിടാന്‍ പറഞ്ഞോ?
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Feb, 2025 01:38 PM

കൊല്ലപ്പെടുന്നതിന് തലേന്നും കൊല്ലപ്പെടുന്ന അന്നും അദ്ദേഹം കോണ്‍ഗ്രസിനുള്ള ഭരണഘടന എഴുതുകയായിരുന്നു

NATIONAL


മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പിരിച്ചു വിടാന്‍ പറഞ്ഞോ? അവസാനകാലത്ത് കോണ്‍ഗ്രസുമായി അകലം പാലിച്ചോ? മഹാത്മാഗാന്ധി കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചോ? കോണ്‍ഗ്രസുമായി ഒരു ബന്ധവും ഇല്ലെന്നു പ്രഖ്യാപിച്ചോ?

ഗാന്ധിജിയും കോണ്‍ഗ്രസും

കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്ന് ഗാന്ധിജി ഒരു കാലത്തും പറഞ്ഞിട്ടില്ല. കൊല്ലപ്പെടുന്നതിന് തലേന്നും കൊല്ലപ്പെടുന്ന അന്നും അദ്ദേഹം കോണ്‍ഗ്രസിനുള്ള ഭരണഘടന എഴുതുകയായിരുന്നു. അതാണ് പിന്നീട് Gandhiji's Last Will and Testament to the nation എന്ന് അറിയപ്പെട്ടത്. അതിനെ ഗാന്ധിജിയുടെ കോണ്‍ഗ്രസിനുള്ള വില്‍പ്പത്രം എന്നു വിളിക്കാം. 1948 ജനുവരി 29ന് രാത്രി ഒന്‍പതര വരെ ആ കരട് എഴുതി. വിശ്രമിക്കൂ എന്നു പറഞ്ഞ ശിഷ്യയോട് എനിക്കിത് എഴുതി തീര്‍ക്കണം എന്നാണ് ഗാന്ധിജി പറഞ്ഞത്. കൊല്ലപ്പെട്ട ദിവസമായ ഒക്ടോബര്‍ 30ന് പുലര്‍ച്ചെ മൂന്നരയ്ക്ക് എഴുന്നേറ്റു. നാലേമുക്കാല്‍ വരെ ഇരുന്ന് ആ കടലാസ് മാറ്റി എഴുതി.


കോണ്‍ഗ്രസിനുള്ള ആ കരട് എഴുതിപ്പൂര്‍ത്തിയാക്കിയ ശേഷമാണ് ഗാന്ധിജി ഒരു ഗ്ലാസ് നാരങ്ങാവെള്ളവും അല്‍പ്പം തേനും ചൂടുവെള്ളവും ഓറഞ്ച് ജൂസും കുടിക്കുന്നത്. എഴുതിയ കരട് ഇങ്ങനെ ആരംഭിച്ചു.


'രണ്ടായി വിഭജിക്കപ്പെട്ടു എന്നതു ശരി. എങ്കിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തീരുമാനിച്ച വഴികളിലൂടെ ഇന്ത്യ സ്വാതന്ത്ര്യം നേടി. ഇതോടെ ഇപ്പോഴത്തെ രൂപത്തിലും ഭാവത്തിലുമുള്ള കോണ്‍ഗ്രസ് അതിന്റെ ലക്ഷ്യം നേടിക്കഴിഞ്ഞു. നഗരങ്ങളില്‍ നിന്ന് ഭിന്നമായി ഏഴുലക്ഷം ഗ്രാമങ്ങളെ പരിഗണിക്കുമ്പോള്‍ ഇന്ത്യക്ക് ഇനിയും സാമൂഹികവും ധാര്‍മികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം നേടാനുണ്ട്. ജനാധിപത്യം ലക്ഷ്യം നേടാന്‍ സൈനിക ശക്തിക്കുമേല്‍ ജനശക്തി സ്വാധീനം നേടണം. ജനാധിപത്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെയും വര്‍ഗീയ ശക്തികളുടേയും അനാരോഗ്യകരമായ മാത്സര്യത്തില്‍ നിന്നും രക്ഷിക്കേണ്ടതുണ്ട്. ഇക്കാരണങ്ങളാല്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ഇപ്പോഴത്തെ സംഘടനയെ പിരിച്ചുവിടുകയും ലോക് സേവക് സംഘ് അഥവാ ജനസേവന സംഘമായി മാറുകയും വേണം.'


Also Read: ഏകീകൃത സിവില്‍ നിയമത്തിലും മതമേലധ്യക്ഷ ഭരണമോ? 


കോണ്‍ഗ്രസ് എന്ന സംഘടന ശരിയല്ലാത്തതുകൊണ്ട് പിരിച്ചുവിടണം എന്നല്ല ഗാന്ധിജി പറഞ്ഞത്. കോണ്‍ഗ്രസ് വിശാലവും സര്‍വതല സ്പര്‍ശിയുമായ മറ്റൊരു ദൗത്യത്തിലേക്കു മാറണം എന്നാണ് ഗാന്ധിജിയുടെ വില്‍പ്പത്രം എന്നു വിശേഷിപ്പിക്കുന്ന ആ കടലാസില്‍ എഴുതിയത്. രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന ആര്‍എസ്എസ് പടര്‍ന്നു പന്തലിക്കുന്ന നാട്ടില്‍ കോണ്‍ഗ്രസിനെ ജന സേവക് സംഘ് ആക്കി മാറ്റണം എന്ന വിശാല കാഴ്ചപ്പാടായിരുന്നു അത്. അങ്ങനെ രൂപീകരിക്കുന്ന കോണ്‍ഗ്രസിന്റെ ഏറ്റവും താഴെത്തട്ടിലുള്ളത് പഞ്ചായത്ത് എന്ന സമിതിയാണ്. അതേക്കുറിച്ച് അവസാന ദിവസം ഗാന്ധിജി എഴുതിയത് ഇങ്ങനെയാണ്:

'ആ പഞ്ചായത്ത് സമിതിയില്‍ പ്രായപൂര്‍ത്തിയായ അഞ്ച് പുരുഷന്മാരോ സ്ത്രീകളോ ആകും ഉണ്ടാവുക. ഓരോ അഞ്ചുപേരുടെ കൂട്ടവും ഒരോ പഞ്ചായത്തായി മാറും. അങ്ങനെ നൂറു പഞ്ചായത്തുകള്‍ ആകുമ്പോള്‍ ആദ്യത്തെ 50 ഒന്നാംനിര നേതാക്കള്‍ ഒരു മേല്‍ഘടകനേതാവിനെ തെരഞ്ഞെടുക്കും. ഇങ്ങനെ ഇന്ത്യമുഴുവന്‍ വ്യാപിക്കും വരെ പഞ്ചായത്തുകള്‍ രൂപീകരിച്ചുകൊണ്ടേ ഇരിക്കും.'


ഗാന്ധിജി ഈ പഞ്ചായത്ത് പ്രവര്‍ത്തകരുടെ ശൈലി വരെ അവസാന ദിവസം എഴുതിവച്ചു. എല്ലാവരും സ്വയം നൂറ്റ ഖാദി വസ്ത്രം ധരിക്കണം. മദ്യമോ മറ്റു ലഹരികളോ ഉപയോഗിക്കാത്തവരാകണം. ഹിന്ദുവാണെങ്കില്‍ സ്വന്തം നിലയ്‌ക്കോ കുടുംബത്തിലോ അയിത്തം വച്ചുപുലര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കണം. എല്ലാ മതങ്ങളേയും ഒരു പോലെ ബഹുമാനിക്കണം.

Also Read: ആര്യനു മേല്‍ ദ്രാവിഡം; തെളിയിക്കുന്നവര്‍ക്ക് സ്റ്റാലിന്റെ എട്ടരക്കോടി


'അങ്ങനെയുള്ള ലോക് സേവക് സംഘത്തിലെ ഓരോ പ്രവര്‍ത്തകനും തന്റെ പരിധിയിലുള്ള ഗ്രാമീണരുമായി സമ്പര്‍ക്കം പുലര്‍ത്തണം. ഗ്രാമീണരെ പരിശീലിപ്പിക്കുകയും അവരുടെ വിവരങ്ങള്‍ എഴുതി സൂക്ഷിക്കുകയും വേണം. ഓരോ ഗ്രാമങ്ങളും കൃഷിയും കരകൗശല ഉല്‍പ്പന്നങ്ങളും കൊണ്ട് സ്വാശ്രയമാകും വിധം വളര്‍ത്തിയെടുക്കണം. വ്യക്തിശുചിത്വം ഗ്രാമീണര്‍ക്കു പഠിപ്പിച്ചുകൊടുക്കണം. വോട്ടര്‍ പട്ടികയില്‍ ഗ്രാമീണരുടെ പേരില്ലെങ്കില്‍ ചേര്‍ക്കണം.'


രാഷ്ട്രീയ സ്വയം സേവക് സംഘിന് പകരമായി ജന സേവക് സംഘമായി മാറുന്ന ഒരു പുതിയ അഖിലേന്ത്യാ കോണ്‍ഗ്രസ് ആണ് ഗാന്ധിജി വിഭാവനം ചെയ്തത്. അല്ലാതെ കോണ്‍ഗ്രസ് പിരിച്ചുവിട്ട് മറ്റു പാര്‍ട്ടികള്‍ തമ്മില്‍ അടിച്ചുതീരുമാനിക്കട്ടെ എന്നല്ല ഗാന്ധിജി പറഞ്ഞത്. ഇന്ത്യ മുഴുവന്‍ സ്വാശ്രയ ഗ്രാമങ്ങള്‍ സൃഷ്ടിക്കാനായി പടര്‍ന്നു പന്തലിക്കുന്ന ജന സേവക് സംഘിനുള്ള ഭരണഘടന എഴുതിയ ആ ദിവസമാണ് ഗാന്ധിജി കൊല്ലപ്പെട്ടത്.


ഗാന്ധിജിയെ കൊന്നതിനു തൂക്കിലേറ്റിയ നാഥുറാം ഗോഡ്‌സെ ഹിന്ദു മഹാസഭയുടേയും ആര്‍എസ്എസിന്റേയും അംഗമായിരുന്നു. ഹിന്ദുമഹാസഭയുടെ സ്ഥാപക നേതാവായിരുന്ന വി.ഡി. സവര്‍കറെ ആണ് കേസില്‍ പ്രതിചേര്‍ത്തതും പിന്നീട് വിട്ടയച്ചതും. സവര്‍ക്കര്‍ 15,000 രൂപ നിക്ഷേപിച്ചു തുടങ്ങിയ ഹിന്ദു രാഷ്ട്ര പ്രകാശന്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ പ്രസിദ്ധീകരണമായ അഗ്രണിയുടെ എഡിറ്ററായിരുന്നു നാഥുറാം ഗോഡ്‌സേ. പിന്നീട് ആ രാഷ്ട്രീയ സ്വയം സേവക് സംഘിന് ബദലാകുമായിരുന്ന ജന സേവക് സംഘ് ആണ് ഗാന്ധിജി രൂപകല്‍പന ചെയ്തത്.


ഇനി ആ പ്രധാനപ്പെട്ട ചോദ്യത്തിലേക്ക്. ഗാന്ധിജി കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചിട്ടുണ്ടോ. രാജിവച്ചു. അത് കൊല്ലപ്പെടുന്നതിനും 14 വര്‍ഷം മുന്‍പ് 1934 ഒക്ടോബര്‍ 28ന് ആണ്. കോണ്‍ഗ്രസുമായി ഗാന്ധിജി ബന്ധം മുറിച്ചോ? കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തില്‍ നിന്നു മാത്രമാണ് ഗാന്ധിജി രാജിവച്ചത്. കോണ്‍ഗ്രസിനൊപ്പം തന്നെയാണ് കൊല്ലപ്പെടും വരെ പ്രവര്‍ത്തിച്ചത്. രാജിവച്ച ശേഷമാണ് ഗാന്ധിജി നെഹ്‌റുവിനെ നേതാവായി വാഴിക്കുന്നതും ഒപ്പം പ്രവര്‍ത്തിക്കുന്നതും. ഗാന്ധിജി അവസാനം വരെ കോണ്‍ഗ്രസുകാരന്‍ ആയിരുന്നു. ആ കോണ്‍ഗ്രസിന്റെ ലക്ഷ്യം സുശക്തമായ പഞ്ചായത്തീ രാജ് ആയിരുന്നു. ഇന്നു കാണുന്ന പഞ്ചായത്തീരാജുമായി അതിന് ബന്ധവും ഉണ്ടായിരുന്നില്ല. കോട്ടയത്ത് മഹാത്മാഗാന്ധി സര്‍വകലാശാല മാത്രമല്ല ഈ 2006ല്‍ തൊഴിലുറപ്പ് പദ്ധതി ആരംഭിക്കുമ്പോള്‍ അതിനു ഗാന്ധിജിയുടെ പേരിട്ടതും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തന്നെ ആയിരുന്നു.

WORLD
'മൂന്ന് ബന്ദികളെ ശനിയാഴ്ച മോചിപ്പിക്കും'; ഗാസ വെടിനിർത്തല്‍ കരാർ തകരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹമാസ്
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
കോട്ടയം റാഗിങ് കേസിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പ്രതികൾ SFI പ്രവർത്തകരെന്ന് KSU, കൂടുതൽ ഇരകൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് എസ്‌പി