ഹർജി ഇന്ന് കോടതി പരിഗണിച്ചേക്കും
നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപിക്കെതിരെ അതിജീവിത. ആർ.ശ്രീലേഖയ്ക്കെതിരെ കോടതി അലക്ഷ്യ ഹർജി നൽകി. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് ഹർജി. വിചാരണക്കോടതിയിലാണ് നടി ഹർജി നൽകിയത്. ഹർജി ഇന്ന് കോടതി പരിഗണിച്ചേക്കും.
ALSO READ: നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം ഇന്ന് തുടങ്ങിയേക്കും
അതേസമയം, കേസിൽ അന്തിമവാദം ഇന്ന് തുടങ്ങിയേക്കും. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിലെ പ്രതികൾ. ദിലീപ് എട്ടാം പ്രതിയാണ്. വാദം തുടങ്ങാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്‍റെ സാക്ഷിവിസ്താരം ഒരുമാസം മുമ്പ് പൂർത്തിയായിരുന്നു. കേസ് പരിഗണിച്ചാൽ സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷന്‍ വാദമായിരിക്കും ആദ്യം നടക്കുക. തുടർന്ന് പ്രതിഭാഗം മറുപടി നൽകും.
കേസിൽ ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് തെളിഞ്ഞിട്ടും നടപടിയില്ലെന്ന് കാട്ടി കഴിഞ്ഞദിവസം അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ഹൈക്കോടതിക്കും സുപ്രീം കോടതിക്കും പരാതി കൊടുത്തിട്ടും ഫലം ഉണ്ടായില്ലെന്നും കാട്ടിയാണ് കത്തയച്ചത്. രാഷ്ട്രപതി ഇടപെടണമെന്നും അതിജീവിത കത്തിൽ പറയുന്നു. മെമ്മറി കാർഡ് അനധികൃമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി കോടതികൾ തള്ളിയിരുന്നു.