മീനാക്ഷിപുരം, മോളക്കാട്, അഞ്ചു വെള്ളക്കാട്, ഗോപാലപുരം, കുറ്റിപ്പളളം, വെമ്പ്ര വെസ്റ്റ് എന്നീ ആറ് ഷാപ്പുകളിലാണ് കഫ് സിറപ്പ് സാന്നിധ്യം കണ്ടെത്തിയത്
വീണ്ടും കള്ളിൽ കഫ് സിറപ്പ് കണ്ടെത്തി. പാലക്കാട് ജില്ലയിലെ ആറ് ഷാപ്പുകളിലാണ് കള്ളിൽ കഫ് സിറപ്പിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. മീനാക്ഷിപുരം, മോളക്കാട്, അഞ്ചു വെള്ളക്കാട്, ഗോപാലപുരം, കുറ്റിപ്പളളം, വെമ്പ്ര വെസ്റ്റ് എന്നീ ആറ് ഷാപ്പുകളിലാണ് കഫ് സിറപ്പ് സാന്നിധ്യം കണ്ടെത്തിയത്.
ALSO READ: തിരുവനന്തപുരം SAT ആശുപത്രിയിൽ ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ചു; ജീവനക്കാരിക്ക് ഗുരുതര പരിക്ക്
വിഷയം ഗൗരവമായി കാണുന്നുവെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. കർശന നടപടിയുണ്ടാകും, ഷാപ്പുകളുടെ ലൈസൻസ് റദ്ദ് ചെയ്യും. കേസ് എടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 15 കള്ള് ഷാപ്പുകൾ അടച്ചുപൂട്ടുമെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
കള്ളിൽ കഫ് സിറപ്പ് കണ്ടെത്തിയതിൽ ഷാപ്പുകൾ സിപിഎം നേതാക്കളുടേതെന്ന് കോൺഗ്രസ് ആരോപിച്ചു. മീനാക്ഷിപുരം കള്ള് ഷാപ്പ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടേതാണ് എന്നാണ് ആരോപണം. സിപിഐഎം - എക്‌സൈസ് - വ്യാജമദ്യ ലോബിയും തമ്മിലുള്ള കൂട്ടുകെട്ട് തെളിഞ്ഞുവെന്നും, ജുഡീഷ്യൽ അന്വേഷണം വേണമെന്നും കോൺഗ്രസ് ആരോപിച്ചു.
ഈ മാസം നേരത്തെയും പാലക്കാട് ജില്ലയിൽ ഷാപ്പുകളിൽ കഫ് സിറപ്പിൻ്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 2024 സെപ്തംബർ എട്ടിന് ചിറ്റൂർ മേഖലയിലെ അഞ്ച് കളള് ഷാപ്പുകളിൽ നിന്നും ശേഖരിച്ച സാമ്പിളിന്റെ രാസ പരിശോധന ഫലം പുറത്തുവന്നപ്പോഴാണ് കഫ് സിറപ്പിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കുറ്റിപ്പള്ളത്തെ TS അൻപത്തിയൊമ്പതാം നമ്പർ ഷാപ്പിൽ നിന്നും വണ്ണാമടയിലെ TS മുപ്പത്തിയാറാം നമ്പർ ഷാപ്പിൽ നിന്നും ശേഖരിച്ച സാമ്പിളിലാണ് കഫ് സിറപ്പായ ബെനാഡ്രിലിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ചിറ്റൂർ ആറാംപാടം സ്വദേശി ശിവരാജന്റെ ഉടമസ്ഥതയിലാണ് രണ്ട് ഷാപ്പുകളും പ്രവർത്തിക്കുന്നത്. സംഭവത്തിൽ ലൈസൻസിക്കെതിരെയും, കളള് ഷാപ്പ് ജീവനക്കാരായ രാജു, വിനോദ് എന്നിവർക്കെതിരെയും എക്‌സൈസ് കേസെടുത്തിരുന്നു. ഷാപ്പിൻ്റെ ലൈസൻസും സസ്പെൻഡ് ചെയ്തിരുന്നു.
കൊച്ചിയിലെ രാസ പരിശോധനാ ലാബിലായിരുന്നു കളളിന്റെ ഗുണനിലവാരം പരിശോധിച്ചത്. ലഹരി കൂട്ടുന്നതിന് കളളിൽ കഫ് സിറപ്പ് ചേർത്തതാണോയെന്നാണ് സംശയിക്കുന്നത്. ഇതിന് പുറമെ മാനസികാരോഗ്യ ചികിത്സക്കായും മറ്റും ഉപയോഗിക്കുന്ന ഡയസെപാമിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. കളളിലെ ബെനാഡ്രിലിന്റെ സാന്നിധ്യം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്. കള്ളിൽ വീര്യം കൂട്ടാൻ പല രീതിയിൽ മായം ചേർക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കഫ് സിറപ്പ് ഉപയോഗിക്കുന്നത് അപൂർവ്വമാണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.