പാലക്കാട് നിന്ന് പാർട്ടി ഒഴിവാക്കിയവരെ ഇസ്മായിൽ പിന്തുണച്ചതാണ് സിപിഐ നേതൃത്വത്തിനെ പ്രകോപിപ്പിച്ചത്
പാർട്ടിക്കുള്ളിലെ വിമത നീക്കത്തെ പിന്തുണയ്ക്കുന്ന മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിലിനെതിരെ നടപടിക്കുള്ള നീക്കം ശക്തമാക്കി സിപിഐ നേതൃത്വം. നടപടിയുടെ ആദ്യഘട്ടമെന്ന നിലയ്ക്ക് ഇസ്മായിലിന് കാരണം കാണിക്കൽ നോട്ടീസ് നല്‍കാന്‍ തീരുമാനം. സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. പാലക്കാട് നിന്ന് പാർട്ടി ഒഴിവാക്കിയവരെ ഇസ്മായിൽ പിന്തുണച്ചതാണ് സിപിഐ നേതൃത്വത്തിനെ പ്രകോപിപ്പിച്ചത്.
സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് പാലക്കാട് ഒരു വിഭാഗം പ്രവർത്തകരെ സിപിഐ പുറത്താക്കിയത്. പുറത്തുപോയവർ സേവ് സിപിഐ ഫോറം രൂപീകരിച്ച് വിമത പ്രവർത്തനം തുടങ്ങി. പാർട്ടിക്കുള്ളിൽ നിന്ന് ഉയർന്നുവരുന്ന വ്യത്യസ്ത അഭിപ്രായങ്ങളെ തള്ളിക്കളയരുത് എന്നായിരുന്നു ജില്ലാ കൗൺസിലിലെ ക്ഷണിതാവായ കെ.ഇ. ഇസ്മായിലിന്‍റെ പ്രതികരണം. ഇതിനെതിരെയാണ് ജില്ലാ കൗൺസിൽ രംഗത്തെത്തിയത്.
വിമതരെ പിന്തുണയ്ക്കുന്നു എന്നായിരുന്നു ഇസ്മായിലിനെതിരായ പ്രധാന ആരോപണം. നടപടി ആവശ്യം ഉയർന്നെങ്കിലും മുൻ ദേശീയ കൗൺസിൽ അംഗമായ ഇസ്മായിലിനെതിരെ സംസ്ഥാന കൗൺസിൽ നടപടി സ്വീകരിക്കട്ടെ എന്ന് ജില്ലാ കൗൺസിലിൽ അഭിപ്രായപ്പെടുകയായിരുന്നു.പിന്നാലെ ഇന്നലെ ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ ഇസ്മായിലിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. അതിന്‍റെ ഭാഗമാണ് കാരണം കാണിക്കൽ നോട്ടീസ്. നോട്ടീസ് വരും ദിവസങ്ങളിൽ ഇസ്മായിലിന് നൽകും.
നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വിശദീകരിക്കാൻ ചൂണ്ടിക്കാട്ടിയാകും നോട്ടീസ് നൽകുക. നിലവിൽ പാർട്ടിയുടെ പ്രധാന പദവികളിൽ ഇല്ലാത്ത ഇസ്മായിലിനെതിരെ കടുത്ത നടപടികളിലേക്ക് പോകാൻ സിപിഐക്ക് കഴിയില്ലെങ്കിലും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയത്തിന്‍റെ പേരിൽ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ കഴിയും.ഇസ്മായിലിന്‍റെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാകും സംസ്ഥാന നേതൃത്വം അന്തിമ തീരുമാനം എടുക്കുക.