കെ. രാധാകൃഷ്ണൻ എംപിയും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്
കേരള കലാമണ്ഡലം കല്‍പ്പിത സർവകലാശാലയിലെ കൂട്ടപിരിച്ചുവിടൽ തീരുമാനം റദ്ദു ചെയ്യാൻ സംസ്കാരിക വകുപ്പ് മന്ത്രിയുടെ നിർദേശം. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം അധ്യാപകരും അനധ്യാപകരും ഉൾപ്പെടെയുള്ള ജീവനക്കാരെ പിരിച്ചുവിടാനുള്ള രജിസ്‌ട്രാറുടെ ഉത്തരവാണ് മന്ത്രി സജി ചെറിയാൻ ഇടപെട്ട് റദ്ദു ചെയ്യുന്നത്. കെ. രാധാകൃഷ്ണൻ എംപിയും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം റദ്ദുചെയ്യണമെന്ന ധാരണയിലെത്തിയത്.
വിവിധ തസ്തികകളില്‍ ജീവനക്കാരുടെ ഒഴിവ് നികത്താത്തത് കാരണം, സുഗമമായ നടത്തിപ്പിന് വേണ്ടി നിയമിച്ച താല്‍ക്കാലിക അധ്യാപകരെയും അനധ്യാപകരെയും പിരിച്ചുവിടാനായിരുന്നു കലാമണ്ഡലത്തിൻ്റെ നീക്കം. ഉത്തരവ് നടപ്പായാൽ 68 അധ്യാപകർ ഉൾപ്പടെ 85 പേർക്ക് ജോലി നഷ്‌ടപ്പെടുമായിരുന്നു.
ALSO READ: സാമ്പത്തിക പ്രതിസന്ധി: കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടല്‍; ജോലി നഷ്ടമാകുന്നത് 85 ജീവനക്കാർക്ക്
പദ്ധതിയേതര വിഹിതത്തില്‍ നിന്നും ആവശ്യമായ തുക ലഭിക്കാത്തത് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ഉത്തരവില്‍ പറയുന്നു. താല്‍ക്കാലിക ജീവനക്കാരുടെ സേവനം ഡിസംബർ ഒന്ന് മുതല്‍ ഇനിയൊരു ഉത്തരവ് വരെ അവസാനിപ്പിക്കാനും നിർദേശം നൽകിയിരുന്നു. ഈ ഉത്തരവാണ് മന്ത്രിയും എംപിയും ഇടപെട്ട് റദ്ദാക്കിയത്.