പൊലീസ് ഏകപക്ഷീയമായി കെഎസ്‌യു അനുകൂല നിലപാട് സ്വീകരിച്ചെന്നാണ് എസ്എഫ്ഐയുടെ പരാതി
ഡി സോൺ കലോത്സവത്തിലെ സംഘർഷത്തിലെ പൊലീസ് നടപടിയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി എസ്എഫ്ഐ. പൊലീസ് കെഎസ്‌യു അനുകൂല നിലപാട് സ്വീകരിച്ചെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമാണ് എസ്എഫ്ഐ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും എസ്എഫ്ഐ പരാതിയിൽ ആവശ്യപ്പെട്ടു.
പൊലീസ് ഏകപക്ഷീയമായി കെഎസ്‌യു അനുകൂല നിലപാട് സ്വീകരിച്ചെന്നാണ് എസ്എഫ്ഐയുടെ പരാതി. മർദനത്തിന് നേതൃത്വം കൊടുത്ത കെഎസ് യു പ്രവർത്തകർക്ക് രക്ഷപ്പെടാൻ പൊലീസ് അവസരമൊരുക്കി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് പരാതിയിൽ എസ്എഫ്ഐ ആവശ്യപ്പെട്ടു.
കാലിക്കറ്റ് സർവകലാശാല കലോത്സവത്തിനിടെ എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചതിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി തന്നെ ഇന്ന് രംഗത്തെത്തിയിരുന്നു. കെഎസ്‌യുവിനെ അക്രമങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ രാഷ്ട്രീയ നേതൃത്വം തയ്യാറാകുന്നില്ലെന്നും കോൺഗ്രസ് അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നെന്നുമായിരുന്നു പിണറായി വിജയൻ്റെ വിമർശനം.
അതേസമയം പാലക്കാട് മണ്ണാർക്കാട് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി എ സോൺ കലോത്സവത്തിനിടെയുണ്ടായ പൊലീസ് ലാത്തിചാർജിൽ എസ്എഫ്ഐ നേതാക്കൾക്ക് പരിക്കേറ്റു. ലാത്തി ചാർജിൽ എസ്എഫ്ഐ മണ്ണാർക്കാട് ഏരിയാ സെക്രട്ടറിയുടെ കൈ ഒടിഞ്ഞു. പൊലീസിന്റേത് ഏകപക്ഷീയ നടപടിയാണെന്ന് എസ്എഫ്ഐയും, എസ്ഐ വാടക ഗുണ്ടയെ പോലെ പെരുമാറുന്നുവെന്ന് സിപിഎമ്മും ആരോപിച്ചു. എന്നാൽ എസ്എഫ്ഐ തുടക്കംമുതൽ കലോത്സവം അലങ്കോലമാക്കാൻ ശ്രമിക്കുന്നുവെന്നാണ് കെഎസ്‌യു ആരോപണം.
മണ്ണാർക്കാട് നടക്കുന്ന എ സോൺ കലോത്സവത്തിൽ വിധി പ്രഖ്യാപനം സുതാര്യമല്ലെന്ന് ആരോപിച്ച്, എസ്എഫ്ഐ പിന്തുണയോടെ മത്സരാർഥികളിൽ ഒരു വിഭാഗം സ്റ്റേജിൽ കുത്തിയിരുന്നതോടെയാണ് സംഘർഷം തുടങ്ങുന്നത്. ഇവരെ പിരിച്ചു വിടാൻ മണ്ണാർക്കാട് എസ് ഐ അജാസുദീന്റെ നേതൃത്വത്തിൽ ലാത്തി വീശുകയായിരുന്നു.