മിഹിറിനെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കാക്കനാട് ജെംസ് ഇൻ്റർ നാഷണൽ സ്കൂൾ വൈസ് പ്രിൻസിപ്പാളിനെ പൊലീസ് ചോദ്യം ചെയ്യും
മിഹിർ അഹമ്മദിൻ്റെ ആത്മഹത്യയിൽ സ്കൂളുകൾക്കെതിരെ പ്രതിഷേധം ശക്തം. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക്ക് സ്കൂളിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് സംഘർഷഭരിതമായി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മാനേജ്മെൻ്റ് ഉറപ്പ് നൽകിയതിനെ തുടർന്ന് എസ്എഫ്ഐ സമരം അവസാനിപ്പിച്ചു. മിഹിറിനെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കാക്കനാട് ജെംസ് ഇൻ്റർ നാഷണൽ സ്കൂൾ വൈസ് പ്രിൻസിപ്പാളിനെ പൊലീസ് ചോദ്യം ചെയ്യും.
മിഹിർ അഹമ്മദെന്ന 15 വയസുകാരൻ്റെ അത്മഹത്യയിൽ കൊച്ചി തിരുവാണിയൂർ ഗ്ലോബൽ പബ്ളിക്ക് സ്കൂളിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സ്കൂളിൽ നടന്ന ക്രൂരമായ റാഗിങ്ങിനെ തുടർന്നാണ് മിഹിർ ആത്മഹത്യ ചെയ്തതെന്ന മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം. എസ്എഫ്ഐ പ്രവർത്തകർ സ്കൂളിലേക്ക് നടത്തിയ മാർച്ച് സംഘർഷഭരിതമായി. ഇതേ തുടർന്ന് സ്കൂൾ മാനേജ്മെൻ്റും എസ്എഫ്ഐ നേതാക്കളുമായി ചർച്ച നടത്തി.
ക്രൂരമായ റാഗിങ്ങിനാണ് മിഹിർ വിധേയനായതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി പറഞ്ഞു. ഗ്ലോബൽ പബ്ളിക്ക് സ്കൂളിന് പുറമേ മിഹിർ മുൻപ് പഠിച്ചിരുന്ന കാക്കനാട് ജെംസ് ഇൻ്റർനാഷണൽ സ്കൂളിലും കുട്ടി കടുത്ത മാനസിക പീഡനം നേരിട്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ജെംസ് സ്കൂളിലെ വൈസ് പ്രിൻസിപ്പാളിനെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. വൈസ് പ്രിൻസിപ്പാൾ കുട്ടിയെ അകാരണമായി മാനസികമായി പീഡിപ്പിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.