തെലങ്കാനയിലെ ഖമ്മം ജില്ലയിൽ നിന്നുള്ള ദൊന്തു പദ്മാവതി എന്ന ഭക്തയാണ് പരാതിയുമായി രംഗത്തെത്തിയത്
ലഡു നിർമാണത്തിനായി മൃഗ കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന വിവാദത്തിന് പിന്നാലെ ലഡുവിൽ പുകയില കണ്ടെത്തിയെന്ന പരാതിയുമായി ഭക്ത. തെലങ്കാനയിലെ ഖമ്മം ജില്ലയിൽ നിന്നുള്ള ദൊന്തു പദ്മാവതി എന്ന ഭക്തയാണ് പരാതിയുമായി രംഗത്തെത്തിയത്.
ഖമ്മം ജില്ലയിലെ ഗൊല്ലഗുഡം പഞ്ചായത്തിലെ താമസക്കാരിയായ പദ്മാവതി ഈ മാസം 19നാണ് തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. അവിടെ നിന്ന് ലഭിച്ച പ്രസാദമായ ലഡു ബന്ധുക്കൾക്കും അയൽക്കാർക്കും നൽകാനായി വീട്ടിലേക്ക് കൊണ്ടു വന്നിരുന്നു. ഈ ലഡുവിലാണ് പുകയില കണ്ടെത്തിയത്. പ്രസാദം പവിത്രമായിരിക്കണം. എന്നാൽ ലഡുവിൽ പുകയില കണ്ടതോടെ ഞെട്ടിയെന്നാണ് അവർ പറയുന്നത്.
READ MORE: തിരുപ്പതി ലഡു വിവാദം: ശുദ്ധികലശം നടത്തി ക്ഷേത്ര പുരോഹിതർ
വൈഎസ്ആർ കോൺഗ്രസിൻ്റെ ഭരണകാലത്ത് ലഡു തയാറാക്കിയത് മൃഗക്കൊഴുപ്പ് ഉപയോഗിച്ചാണെന്ന ആരോപണത്തെ തുടർന്ന് ഹൈന്ദവ സംഘടനകൾ വൻ പ്രതിഷേധമാണ് ഉയർത്തുന്നത്. ക്ഷേത്രത്തിൽ മായം കലർന്ന നെയ്യ് വിതരണം ചെയ്‌തെന്ന് ചൂണ്ടികാട്ടി തിരുമല തിരുപ്പതി ദേവസ്ഥാനം നെയ് വിതരണം ചെയ്ത എ.ആർ ഡയറി ഫുഡ് കമ്പനിക്കെതിരെ നിയമനടപടി ആരംഭിക്കുകയും ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച കമ്പനി ഗുണമേന്മയുള്ള നെയ്യാണ് വിതരണം ചെയ്തതെന്ന് വിശദീകരിച്ചു.
അതേസമയം, ക്ഷേത്ര പ്രസാദ നിർമാണരീതികൾ പരിശോധിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ. കേദാർനാഥ്, ബദരീനാഥ്, യമുനോത്രി, ഗംഗോത്രി ധാം എന്നീ ചാർധാം ക്ഷേത്രങ്ങളുടേത് ഉൾപ്പെടെ പരിശോധന കർശനമാക്കും. ക്ഷേത്ര അടുക്കളകൾ, പ്രസാദം തയ്യാറാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ എന്നിവ കർശന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സാംസ്കാരിക മന്ത്രി സത്പാൽ മഹാരാജ് പറഞ്ഞു. ക്ഷേത്രങ്ങളിൽ അർപ്പിക്കുന്ന പ്രസാദം അശുദ്ധമല്ലെന്ന് ഉറപ്പാക്കാൻ ലാബുകളിൽ പരിശോധന നടത്തുമെന്നും മന്ത്രി ഉറപ്പു നൽകി.