ഊർജ നിലയങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണത്തിന് ശേഷം യുക്രെയ്നിൽ റഷ്യൻ കടന്നാക്രമണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഡ്രോണ്‍ ആക്രമണം
തെക്കൻ റഷ്യയിലെ എണ്ണ സംഭരണശാലയിലേക്ക് ഡ്രോണ്‍ ആക്രമണം. പിന്നില്‍ യുക്രെയ്നാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. റഷ്യയിലെ കോടെല്‍നിച്ചിലുള്ള സംഭരണിയിലാണ് ആക്രമണം നടന്നത്. യുക്രെയ്ന്‍ അതിർത്തിയില്‍ നിന്നും 1,000 കിമീ ദൂരത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഊർജ നിലയങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണത്തിന് ശേഷം യുക്രെയ്നിൽ റഷ്യൻ കടന്നാക്രമണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഡ്രോണ്‍ ആക്രമണം.
അപകടത്തിൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റിജിയണല്‍ ഗവർണർ അലക്സാണ്ടർ സൊളകോവ് പറഞ്ഞു. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. യുക്രെയ്ന്‍ ഡ്രോണുകള്‍ റഷ്യയുടെ മറ്റ് എണ്ണ സംഭരണശാലകള്‍ ലക്ഷ്യമാക്കിയും ആക്രമണം നടത്തിയിരുന്നു. അതേസമയം, യുക്രെയ്ന്‍ അയച്ച നാല് ഡ്രോണുകൾ തകർത്തെന്ന് റഷ്യൻ പ്രതിരോധം മന്ത്രാലയം വ്യക്തമാക്കി.
ALSO READ: ഇസ്രയേലിന്‍റെ വെസ്റ്റ് ബാങ്ക് ആക്രമണം; ഒമ്പതു പേർ കൊല്ലപ്പെട്ടു
യുക്രെയ്നിലേക്ക് റഷ്യ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രൂക്ഷമാകുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. റഷ്യൻ ആക്രമണത്തിൽ ആറ് പേർ കൂടി കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റുവെന്നും ഒരാളെ കാണാതായെന്നുമാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം റഷ്യ യുക്രൈനിലെ ഊർജ നിലയങ്ങളെ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ചിരുന്നു. റഷ്യയുടെ ഈ ആക്രമണത്തിൽ തിരിച്ചടിയുണ്ടാകുമെന്ന് യുക്രൈൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി വ്യക്തമാക്കി. ഇതിനായി നാറ്റോ സഖ്യകക്ഷികളോടും യുക്രെയ്ൻ സഹായം അഭ്യർഥിച്ചിട്ടുണ്ട്.
അതേസമയം, റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സമാധാന പദ്ധതിയുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്. ചർച്ചയിൽ മറ്റ് രാജ്യങ്ങളുടെയും പങ്കാളിത്തം വേണമെന്നും ചൈന ആവശ്യപ്പെട്ടു.