അതാകട്ടെ ആഴ്ചയിൽ രണ്ട് ഒപി മാത്രമാണുള്ളത്
പാലക്കാട് ജില്ലാ ആശുപത്രിയിൽ കാർഡിയോളജി ഡോക്ടറെ കാണാനുള്ള ഒപി ടിക്കറ്റിനായി രോഗികളുടെ ദുരിത കാത്തിരിപ്പ്. ഒരു കാർഡിയോളജി ഡോക്ടർ മാത്രമുളള ജില്ലാ ആശുപത്രിയിൽ ആഴ്ചയിൽ രണ്ട് ഒപി മാത്രമാണുള്ളത്. ഈ ദിവസങ്ങളിൽ ഒപി ടിക്കറ്റ് കിട്ടാനാണ് രോഗികൾ ഉൾപ്പടെ രാത്രി മുതൽ ഉറക്കമൊഴിച്ച് കാത്തിരിക്കുന്നത്.
പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉണ്ടായിരുന്ന കാർഡിയോളജി ചീഫ് കൺസൾട്ടന്റ് തിരുവനന്തപുരത്തേയ്ക്കും, കൺസൾട്ടന്റ് എറണാകുളത്തേക്കും മാറിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. നിലവിൽ ഒരു അസിസ്റ്റന്റ് സർജൻ മാത്രമാണ് ആശുപത്രിയിലുള്ളത്. അതുകൊണ്ട് തന്നെ ആഴ്ചയിൽ തിങ്കളും, വ്യാഴവും മാത്രമാണ് ഒ.പിയുള്ളത്.
ഈ ദിവസങ്ങളിൽ എൺപത് പേർക്കാണ് ഒപി ടിക്കറ്റ് നൽകുക. അതുകൊണ്ടു തന്നെ ഒപിയുള്ള ദിവസത്തിന് തലേന്ന് മുതൽ രോഗികൾ ഉൾപ്പടെ ടിക്കറ്റിനായി ഉറക്കമൊഴിച്ച് കാത്തിരിക്കേണ്ട അവസ്ഥയാണ്. കാർഡിയോളജി വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരെ അനുവദിക്കാതെ ഈ ദുരിതത്തിന് മാറ്റമുണ്ടാകിലെന്നാണ് രോഗികൾ പറയുന്നത്.