ഭൂകമ്പത്തിന്റെ തീവ്രതയിൽ കാഠ്‌മണ്ഡു, ടിബറ്റ് എന്നിവിടങ്ങൾക്ക് പുറമെ പാട്ന, സിലിഗുഡി അടക്കമുള്ള ഇന്ത്യൻ നഗരങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
നേപ്പാളിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. തലസ്ഥാനമായ കാഠ്‌മണ്ഡുവിൽ നിന്ന് 65 കിലോമീറ്റർ അകലെ സിന്ധുപാൽചൗക്ക് ജില്ലയിലെ ഭൈരവകുണ്ഡയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ തീവ്രതയിൽ കാഠ്‌മണ്ഡു, ടിബറ്റ് എന്നിവിടങ്ങൾക്ക് പുറമെ പാട്ന, സിലിഗുഡി അടക്കമുള്ള ഇന്ത്യൻ നഗരങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
നേപ്പാളിന് പിന്നാലെ അഞ്ചേ കാലോടെ പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടു. 4.5 തീവ്രതയുള്ള ചലനമാണ് ഉണ്ടായത്. രണ്ട് ഭൂചലനങ്ങളിലും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഈ മാസം പലയിടങ്ങളിലായി പല തവണ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഫെബ്രുവരി 25ന് ബംഗാൾ ഉൾക്കടലിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പ്രകമ്പനം പശ്ചിമ ബംഗാളിലും കൊൽക്കത്തയിലും അനുഭവപ്പെട്ടിരുന്നു. ഒഡീഷയിലെ പുരിക്ക് സമീപമാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു. ബംഗാൾ ഉൾക്കടലിൽ 91 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നും അധികൃതർ അറിയിച്ചിരുന്നു. ഭൂകമ്പം കൊൽക്കത്ത നിവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും, നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിരുന്നില്ല.
ഈ മാസം 17ന് ഡൽഹിയിലും ബീഹാറിലും ഭൂചലനം ഉണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ ചലനമായിരുന്നു ഉണ്ടായത്. ബിഹാറിലെ സിവാനാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ ആളപായമില്ല. ഡൽഹിയിൽ ഉണ്ടായ ഭൂചലനത്തിന് തൊട്ട് പിന്നാലെയാണ്
17ന് ബീഹാറിൽ ഭൂചലനം ഉണ്ടായത്.
ഡൽഹിയിലെ ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം ധൗല കുവാനിലെ ദുർഗാഭായ് ദേശ്മുഖ് കോളേജ് ഓഫ് സ്പെഷ്യൽ എജ്യുക്കേഷന് സമീപമുള്ള ജീൽ പാർക്ക് മേഖലയാണ്. ഡൽഹിയിലും സമീപ പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.