ഷഹബാസ് പഠിക്കാൻ മിടുക്കനായിരുന്നെന്നും മുമ്പ് യാതൊരു വിധ അച്ചടക്കലംഘനവും കാണിച്ചിട്ടില്ലെന്നുമാണ് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നത്
ഡെപ്യൂട്ടി എച്ച്എം
താമരശേരി വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. വെള്ളിമാട്‌കുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് പ്രതികളെ മാറ്റും. പരീക്ഷ എഴുതാൻ അനുവദിക്കുമെന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് വ്യക്തമാക്കി. ഷഹബാസിന്റെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു.
ഷഹബാസ് പഠിക്കാൻ മിടുക്കനായിരുന്നെന്നും മുമ്പ് യാതൊരു വിധ അച്ചടക്കലംഘനവും കാണിച്ചിട്ടില്ലെന്നുമാണ് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നത്. ഷഹബാസിൻ്റെ ഭാഗത്തുനിന്നും മുമ്പ് യാതൊരു തെറ്റും ഉണ്ടായിട്ടില്ലെന്ന് എംജെഎച്ച്എസ് സ്കൂൾ പിടിഎ പ്രസിഡൻ്റ് സിദ്ദീഖ് മലബാറി പറഞ്ഞു. 13ന് തന്നെ സ്കൂളിൽ സെൻഡ് ഓഫ് നടന്നിരുന്നു. അതിന് പുറമെ ആണ് സ്വകാര്യ ട്യൂഷൻ സെൻ്റർ സെൻ്റ് ഓഫ് ഒരുക്കിയത്.
ട്യൂഷൻ സെൻ്ററിലെ ആഘോഷത്തിലാണ് കുട്ടികൾ ഡിജെ പാർട്ടി അടക്കം നടത്തിയതെന്ന് പിടിഎ പ്രസിഡൻ്റ് പറഞ്ഞു. സ്കൂളിലെ വിദ്യാർഥികൾ നേരത്തെ സോഷ്യൽ മീഡിയ ഗ്രൂപ്പ് ഉണ്ടാക്കിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ നടപടിയെടുത്തിരുന്നു. ഇപ്പോഴത്തെ ഗ്രൂപ്പിനെ കുറിച്ച് വാർത്തകൾ പുറത്തു വന്നപ്പോൾ മാത്രമാണ് അറിഞ്ഞത്. സംഘർഷവുമായി സ്കൂളിലെ വിദ്യാർഥികൾക്ക് ബന്ധമുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും പിടിഎ പ്രസിഡൻ്റ് വ്യക്തമാക്കി.
ALSO READ: താമരശേരിയിൽ മർദനമേറ്റ് വിദ്യാർഥിയുടെ മരണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു
ഷഹബാസ് മികച്ച വിദ്യാർഥിയാണെന്ന് സ്കൂൾ ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ മുഹമ്മദ് ഇസ്മായിലും പറഞ്ഞു. ഷഹബാസ് ഇതിനു മുൻപ് അച്ചടക്ക ലംഘനം കാണിച്ചിട്ടില്ല. കോരങ്ങാട് സ്കൂളിലെയും എംജെഎച്ച്എസിലേയും വിദ്യാർഥികൾ തമ്മിൽ ഇതിന് മുമ്പ് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. വിദ്യാർഥികളുടെ സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിൽ അധ്യാപകർ കയറാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ ഉണ്ടാക്കിയ ഗ്രൂപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടില്ലായിരുന്നെന്നും മൊബൈൽ ഫോണുകൾ കുട്ടികൾ സ്കൂളിൽ കൊണ്ട് വരാറില്ലെന്നും ഡെപ്യൂട്ടി എച്ച്എം പറഞ്ഞു.
കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ്‌കുമാറും ഷഹബാസിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഷഹബാസിൻ്റെ കൊലപാതകം വളരെ വേദനാജനകമാണ്. കുട്ടികൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് വിദ്യാർഥി കൊല്ലപ്പെട്ടത് എന്നത് ഗൗരവതരം. ക്രിസ് ട്യൂഷൻ സെന്ററിൽ ഡി.ജെ. പാർട്ടി നടന്നിരുന്നു. ഇതിൽ പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്രമായ അന്വേഷണം നടത്തുമെന്നും ഡിഡിഇ വ്യക്തമാക്കി.
വിഷയത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദനമെന്നത് ഗൗരവകരമാണ്. ട്യൂഷൻ സെൻ്റർ നടത്തുന്നത് എയ്ഡഡ് അധ്യാപകനാണെങ്കിൽ നടപടി എടുക്കും. സെൻ്റ് ഓഫിൻ്റെ മറവിൽ ഡിജെ പാർട്ടി നടത്തുന്നതിനോട് യോജിക്കാനാകില്ലെന്നും ഡിഡിഇ കൂട്ടിച്ചേർത്തു.
ALSO READ: ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും; വിദ്യാർഥികളുടെ കൊലവിളി സന്ദേശം പുറത്ത്
കടയിൽ പോവുകയായിരുന്ന ഷഹബാസിനെ സുഹൃത്തുക്കൾ ചേർന്നാണ് താമരശേരിയിലെ ട്രൈസ് ട്യൂഷൻ സെൻ്ററിലേക്ക് വിളിച്ചു കൊണ്ടുപോയത്. അവിടെ വെച്ചുണ്ടായ വാക്കുതർക്കവും, സംഘർഷവുമാണ് മരണത്തിനിടയാക്കിയത്. സംഘർഷത്തിൽ ബാഹ്യമായ പരിക്കുകൾ ഒന്നും ഇല്ലാത്തതിനാൽ ആരോഗ്യപ്രശ്നങ്ങളൊന്നും കാര്യമാക്കിയില്ല. എന്നാൽ തലയ്ക്കേറ്റ പരിക്ക് തലച്ചോറിനെ ബാധിക്കുന്ന വിധത്തിലായിരുന്നു. ആശുപത്രിയിലെത്തിയപ്പോൾ 70 ശതമാനവും പ്രതീക്ഷയ്ക്ക് വകയില്ലെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചിരുന്നത്.
സംഘർഷം കഴിഞ്ഞ് വീട്ടിലെത്തിയ ഷഹബാസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും, ശക്തമായ തലവേദനയാണെന്ന് പറഞ്ഞ് വിശ്രമിക്കുകയായിരുന്നു. പിന്നീട് ഛർദിയെത്തുടർന്ന് അവശനായ ഷഹബാസിനെ ആശുപത്രിയിലെത്തിക്കുന്നത്. ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും,പിന്നീട് മെഡിക്കൽ കോളേജിലേക്കും എത്തിച്ചു. കോമ സ്റ്റേജിലായിരുന്ന ഷഹബാസ് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് പിന്നീട് ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് പുലർച്ചെ 12.30ഓടെയാണ് ഷഹബാസിൻ്റെ മരണം സ്ഥിരീകരിച്ചത്.