എമ്പുരാന്‍ ടീം പങ്കുവെച്ച പുതിയ പോസ്റ്ററാണിപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാവുന്നത്
രാജ്യമൊട്ടാകെയുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന എമ്പുരാന്‍ നാളെ തിയേറ്ററിലെത്തും. ഇനി വെറും ഒരു ദിവസം മാത്രമാണ് എമ്പുരാന്റെ റിലീസിനായി ബാക്കിയുള്ളത്. എമ്പുരാന്‍ ടീം പങ്കുവെച്ച പുതിയ പോസ്റ്ററാണിപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാവുന്നത്. 'അന്തിമമായൊരു നാമം ഉണ്ടായിരുന്നു. ആ നാമം ലൂസിഫറിന്റെ പക്കലായിരുന്നു. ആ നാമവും ലൂസിഫര്‍ തന്നെയായിരുന്നു', എന്ന ക്യാപ്ക്ഷനോടെയാണ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ലൂസിഫര്‍ ഗോവര്‍ദ്ധന് എഴുതിയ കത്ത് പങ്കുവെച്ചിരിക്കുന്നത്.
കത്തിന്റെ പൂര്‍ണ്ണരൂപം:
പ്രിയപ്പെട്ട ഗോവര്‍ദ്ധന്‍,
താങ്കള്‍ എന്നെ കുറിച്ച് മനസിലാക്കിയതൊക്കെ നേരാണ്. കേരളം ഭയക്കാതിരുന്ന എന്നാല്‍ ഭയക്കേണ്ട ഏറ്റവും വലിയ വിഷസര്‍പ്പം ''രാജവെമ്പാല' ഞാന്‍ തന്നെയാണ്. നിങ്ങള്‍ കണ്ടെത്തിയ മറ്റെല്ലാ സത്യങ്ങളും സത്യം തന്നെയാണ്. നിങ്ങള്‍ തെരഞ്ഞെടുത്ത വഴികളിലൂടെ തുടര്‍ന്നുകൊണ്ടേ ഇരിക്കുക.
സത്യാന്വേഷികളെ ഈ നാടിന് ആവശ്യമാണ്. ഈ കത്ത് നിങ്ങള്‍ വായിക്കുമ്പോള്‍ നിങ്ങള്‍ അറിയാതെ നിങ്ങളെ കാത്തിരിക്കുന്ന മറ്റൊരു സമ്മാനമുണ്ട്. ആശ്രയത്തിലേക്ക് ചെല്ലുക.
സസ്‌നേഹം
നിങ്ങള്‍ എന്നും വെറുക്കേണ്ട, നിങ്ങള്‍ മാത്രം കണ്ടെത്തിയ നിങ്ങളുടെ സ്വന്തം എല്‍.
ALSO READ: തമോഗോളങ്ങളുടെ എമ്പുരാന്‍; നാളെ തിയേറ്ററിലേക്ക്
2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.
ഖുറേഷി അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഒരു ഇന്റര്‍നാഷണല്‍ അപ്പീലാണ്.