fbwpx
EXCLUSIVE | പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്തതിന് കേസ്; യുവാവിനെതിരെ വിചിത്ര നടപടിയുമായി കാസർഗോഡ് പൊലീസ്
logo

ന്യൂസ് ഡെസ്ക്

Posted : 07 Dec, 2024 09:46 AM

2024 സെപ്തംബര്‍ 13ന് യുണൈറ്റഡ് മെഡിക്കല്‍ സെൻ്റർ ആശുപത്രിയിലെ ഓണാഘോഷമാണ് സംഭവങ്ങളുടെ തുടക്കം

KERALA


കേരളത്തിലെ നീതി ന്യായ സംവിധാനം കഴിവുറ്റതും കാര്യക്ഷമവുമാണെന്ന് പറയുമ്പോള്‍ തന്നെ അതിനു വിപരീതമായ അനുഭവങ്ങളുള്ളവരും ഈ നാട്ടിലുണ്ട്. അതിനുദാഹരണമാണ് യുണൈറ്റഡ് മെഡിക്കല്‍ സെൻ്റർ ജീവനക്കാരായ യുവാവും യുവതിയും. ഈ യുവാവിനെതിരെ കാസർഗോഡ് പൊലീസ് കേസെടുത്തത് സഹപ്രവർത്തകയായ പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ യാത്രചെയ്തതിനാണ്. അതും തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്തി. കേസില്‍ യുവാവിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും ഹർജിയെ ചോദ്യം ചെയ്ത് പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ച ഒരു വാദം ഏറെ ആശങ്ക ഉണർത്തുന്നതാണ് - ജാമ്യം നല്‍കിയാല്‍ അത് വര്‍ഗീയ പ്രശ്‌നമായിമാറുമത്രേ!


2024 സെപ്തംബര്‍ 13ന് യുണൈറ്റഡ് മെഡിക്കല്‍ സെൻ്റർ ആശുപത്രിയിലെ ഓണാഘോഷമാണ് സംഭവങ്ങളുടെ തുടക്കം. ആഘോഷങ്ങള്‍ കഴിഞ്ഞ് ജീവനക്കാർ ഒരുമിച്ചിരിക്കുന്ന വേളയില്‍ രണ്ട് മാസത്തെ ട്രെയിനിങ്ങിനായി ആശുപത്രിയില്‍ എത്തിയ 17കാരിയായ നഴ്‌സിങ്ങ് വിദ്യാര്‍ഥിനി, ലക്ഷദ്വീപ് സ്വദേശിയായ യുവാവിനോട് ഒരു ബൈക്ക് യാത്രപോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ഇരുവരും ഒന്നിച്ച് നഗരത്തിലൊന്ന് ചുറ്റി വന്നു. എന്നാല്‍ ഇരു മത വിഭാഗങ്ങളിൽപ്പെട്ടവർ ഒരുമിച്ച് ബൈക്കില്‍ സഞ്ചരിച്ചത് അംഗീകരിക്കാനാവില്ലെന്ന നിലപാടായിരുന്നു ആശുപത്രിയില്‍ ജോലിചെയ്യുന്ന ബിജെപി അനുകൂലികള്‍ക്കെന്ന് യുവാവ് പറയുന്നു. ഇതിനു പിന്നാലെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.

ഇരുവരുടെയും ബൈക്ക് യാത്രയില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നും അപ്രതീക്ഷിതമായി ഒരു വിചിത്ര നടപടിയുണ്ടാകുന്നു. പൊലീസ് വിഷയത്തില്‍ സ്വമേധയാ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുരുദ്ദേശ്യത്തോടെ ചെറുപ്പക്കാരൻ തട്ടിക്കൊണ്ടുപോയെന്നാണ് എഫ്ഐആറില്‍ കാസര്‍ഗോഡ് വനിതാ പൊലീസ് എഴുതിയിരുന്നത്. യുണൈറ്റഡ് മെഡിക്കല്‍ സെന്‍റര്‍ നല്‍കിയ കത്താണ് കേസെടുക്കാനുള്ള കാരണമായി പൊലീസ് കാണിക്കുന്നത്. സെപ്തംബര്‍ 19 നാണ് ആശുപത്രി മാനേജ്‌മെന്‍റ് പൊലീസിന് ഇത്തരത്തിലൊരു കത്ത് നല്‍കിയത്. പെണ്‍കുട്ടിയും ആണ്‍കുട്ടിയും രാത്രി ഒരുമിച്ച് പുറത്തുപോയെന്നും തിരിച്ചുവന്ന ട്രെയിനിയായ പെണ്‍കുട്ടി ആശുപത്രി ഹോസ്റ്റലില്‍ താമസിച്ച് അടുത്ത ദിവസം രാവിലെ വീട്ടിലേക്ക് തിരിച്ചു പോയി. ഇതിൽ 'വിവേകപൂര്‍വമുള്ള അന്വേഷണം' വേണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആവശ്യം. കത്തില്‍ സൂചിപ്പിച്ച വിവേകപൂർവമുള്ള അന്വേഷണം ഒഴിച്ച് ബാക്കി ഭാഗങ്ങളെല്ലാം പൊലീസ് സ്വീകരിച്ചുവെന്നാണ് തുടർനടപടികള്‍ സൂചിപ്പിക്കുന്നത്.



പരാതി അന്വേഷിക്കാനും മൊഴിയെടുക്കാനുമെന്ന പേരിൽ പെണ്‍കുട്ടിയുടെ വീട്ടില്‍ പൊലീസ് പലതവണ എത്തി. യുവാവിനെതിരെ ഒരു പരാതിയും തനിക്കില്ലെന്ന് പെൺകുട്ടി ആവർത്തിച്ചു പറഞ്ഞു. ഒരു തരത്തിലുള്ള പരാതിയുമില്ലെന്ന് കുട്ടിയുടെ അമ്മയും ഉറപ്പിച്ചു പറഞ്ഞു. പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തോ എന്നറിയാൻ വൈദ്യപരിശോധന നടത്തിയേ പറ്റൂ എന്നായി പൊലീസ്. സമ്മര്‍ദ്ദം ശക്തമായപ്പോള്‍ പെണ്‍കുട്ടിക്ക് അതിനും സമ്മതിക്കേണ്ടി വന്നു. വൈദ്യപരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നിട്ടും ഭാരതീയ ന്യായ സംഹിത 137 (2) വകുപ്പ് പ്രകാരം തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്തി യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കാസര്‍ഗോഡ് വനിതാ പൊലീസ് സ്റ്റേഷനിലെ എസ്ഐ അജിത. കെയാണ് കേസെടുത്തത്.




കേസെടുത്ത നിലയ്ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി യുവാവ് കാസര്‍ഗോഡ് സെഷന്‍സ് കോടതിയിലെത്തി. ജാമ്യം നല്‍കിയാല്‍ അത് വര്‍ഗീയ പ്രശ്‌നമായിമാറുമെന്നായിരുന്നു ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ച വാദം. പക്ഷേ പെണ്‍കുട്ടിയുടെ അമ്മ കോടതിയിലെത്തി തങ്ങള്‍ക്ക് പരാതിയില്ലെന്ന് വ്യക്തമാക്കി. പലതവണ ആവര്‍ത്തിച്ചിട്ടും പൊലീസ് കേള്‍ക്കാൻ തയ്യാറാകാത്ത സ്വന്തം ഭാഗം കേള്‍ക്കാന്‍ കോടതിയെങ്കിലും തയ്യാറാകണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. കുട്ടിയുടെ അമ്മയെ സാക്ഷിയാക്കാന്‍ തയ്യാറായില്ലെങ്കിലും കോടതി ഡിസംബര്‍ 3ന് യുവാവിന് ജാമ്യം അനുവദിച്ചു.


ഒരാണും പെണ്ണും കൂടി നടത്തിയ വെറുമൊരു ബൈക്ക് യാത്രയാണ് പുരോഗമനപരമെന്ന് മേനി നടിക്കുന്ന കേരളത്തില്‍ കോടതികയറിയത്. ആ ബൈക്ക് യാത്രയിൽ അസ്വസ്ഥരായവരും അത് മതസ്പര്‍ധ വളരാന്‍ കാരണമാകുമെന്ന് കോടതിയില്‍ വാദിക്കുന്ന പ്രോസിക്യൂഷനും കൂടി തുലാസിലാക്കിയ ഇരുപത്തിമൂന്നുകാരൻ്റെ ഭാവിക്ക് താല്‍ക്കാലികമായെങ്കിലും രക്ഷയായത് പെണ്‍കുട്ടിയുടെ അമ്മയുടെ സാമൂഹിക ബോധവും സഹജീവി സ്‌നേഹവും ദൃഢനിശ്ചയവുമാണ്. അപ്പോഴും പൊലീസെടുത്ത തട്ടിക്കൊണ്ട് പോകല്‍ കേസെന്ന വാള്‍ യുവാവിന്‍റെ തലക്കുമേല്‍ ഇപ്പോഴുമുണ്ട്.

Also Read
user
Share This

Popular

KERALA
KERALA
"സ്ത്രീത്വത്തെ അപമാനിച്ചു"; ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് എറണാകുളം സെൻട്രൽ പൊലീസ്