കേസ് പരിഗണിച്ചാൽ സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷന്‍ വാദമണ് ആദ്യത്തേത്
നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം ഇന്ന് തുടങ്ങിയേക്കും. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിലെ പ്രതികൾ. ദിലീപ് എട്ടാം പ്രതിയാണ്. വാദം തുടങ്ങാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്‍റെ സാക്ഷിവിസ്താരം ഒരുമാസം മുമ്പ് പൂർത്തിയായിരുന്നു. കേസ് പരിഗണിച്ചാൽ സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷന്‍ വാദമാണ് ആദ്യത്തേത്. തുടർന്ന് പ്രതിഭാഗം മറുപടി നൽകും.
അതേസമയം, നീതി തേടി അതിജീവിത കഴിഞ്ഞദിവസം രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് തെളിഞ്ഞിട്ടും നടപടിയില്ല. ഹൈക്കോടതിക്കും സുപ്രീം കോടതിക്കും പരാതി കൊടുത്തിട്ടും ഫലം ഉണ്ടായില്ലെന്നും കാട്ടിയാണ് കത്തയച്ചത്. രാഷ്ട്രപതി ഇടപെടണമെന്നും അതിജീവിത കത്തിൽ പറയുന്നു. മെമ്മറി കാർഡ് അനധികൃമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി കോടതികൾ തള്ളിയിരുന്നു.
ALSO READ: നടിയെ ആക്രമിച്ച കേസ്; രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത
കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി നേരത്തെ തളളിയിരുന്നു. ഇക്കാര്യം അന്വേഷിച്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്നും കോടതി മേൽനോട്ടത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. ഇതനുവദിക്കാതിരുന്ന സാഹചര്യത്തിലാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചത്. ചട്ട വിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും അതിൽ കോടതികൾ ഇടപെട്ടില്ല. ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നൽകി, എന്നിട്ടും ഉത്തരവാദികൾക്കെതിരെ ഒരു നടപടിയുമുണ്ടായില്ലെന്നും അതിജീവിത കത്തിൽ പറയുന്നു.