കാല താമസമില്ലാതെ ടൗൺഷിപ്പ് പൂർത്തിയാക്കുക എന്നതാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി
വയനാട് പുനരധിവാസത്തിനുള്ള ടൗൺഷിപ്പിന് ഇന്ന് തറക്കല്ലിടും. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിക്കും. പ്രിയങ്ക ഗാന്ധിഎംപിയും പ്രതിപക്ഷ നേതാവും ചടങ്ങിൽ പങ്കെടുക്കും. 8മാസം നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്.
ജൂലായ് 30 ന് ഉണ്ടായ ദുരന്തത്തിൽ മുണ്ടക്കൈ ചൂരൽമല അട്ടമല വാർഡുകളിലായി 300 ഓളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.ദുരന്തത്തിന് പിന്നാലെയുള്ള സർക്കാരിന്റെ പ്രധാന പ്രഖ്യാപനമായിരുന്നു പുനരധിവാസത്തിന്റെ ഭാഗമായി നിർമിക്കുന്ന ടൗൺഷിപ്പ്. ദുരന്ത ബാധിതർക്ക് ഒരുമിച്ച് പുനരധിവാസം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ടൗൺഷിപ്പ് എന്ന ആശയത്തിലേക്ക് സർക്കാർ എത്തിയത്. നെടുമ്പാല, എൽസ്റ്റൺ എസ്റ്റേറ്റിലായി രണ്ട് ടൗൺഷിപ്പ് എന്നതായിരുന്നു ആദ്യ പ്രഖ്യാപനം.
പിന്നീട് ദുരന്തനിവാരണ നിയമപ്രകാരം സർക്കാർ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചു. എന്നാൽ എസ്റ്റേറ്റ് ഉടമകൾ കോടതിയെ സമീപിച്ചു. ഇതോടെ കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലേക്ക് ടൗൺഷിപ്പ് ചുരുങ്ങുകയായിരുന്നു. ഒടുവിൽ ഡിസംബർ 27നാണ് കോടതിയുടെ അനുമതി കിട്ടുന്നത്.പിന്നീട് മൂന്ന് മാസം കൊണ്ടാണ് സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
കഴിഞ്ഞ ദിവസം കോടതിയിൽ 26 കോടി രൂപ കെട്ടി വെച്ചാണ് സർക്കാർ ഭൂമി ഏറ്റെടുത്തത്.നിർമാണം പൂർത്തിയാക്കണമെന്നാണ് ദുരന്തഭൂമിയിലുള്ളവരുടെ പ്രധാന ആവശ്യം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല. കോടതിയുടെ അനുമതി കിട്ടിയാൽ എത്രയും വേഗം നിർമാണം തുടങ്ങുമെന്നും ഡിസംബറിനുള്ളിൽ വീടുകൾ കൈമാറാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അരുൺ ബാബു പറഞ്ഞു.
ടൗണ്‍ഷിപ്പില്‍ വീടുകള്‍ക്ക് പുറമെ, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയുമുണ്ടാകും. 1000 ചതുരശ്രയടിയിലാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. ഒറ്റ നിലയില്‍ പണിയുന്ന കെട്ടിടം ഭാവിയില്‍ ഇരു നില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് ടൗണ്‍ഷിപ്പിലെ വീടിന്റെ ഭാഗമായി ഉള്‍പ്പെടുന്നത്.
ഡിസംബറിൽ വീട് നിർമാണവും മാർച്ചോടെ മറ്റ് നിർമാണങ്ങളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അനിശ്ചിതത്വങ്ങൾ നീങ്ങി തറക്കല്ലിടൽ കർമം നടക്കുന്നതിന്റെ ആശ്വാസത്തിലാണ് ദുരന്ത ബാധിതർ. കാല താമസമില്ലാതെ ടൗൺഷിപ്പ് പൂർത്തിയാക്കുക എന്നതാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി.