ആബിദ സുല്‍ത്താന്റെ പാകിസ്ഥാനിലേക്കുള്ള കുടിയേറ്റമാണ് സര്‍ക്കാര്‍ സ്വത്തുക്കള്‍ കണ്ടെടുക്കുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ കുടുംബത്തിന്റെ കയ്യിലുള്ള 15,000 കോടി വരുന്ന സ്വത്തു വകകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തേക്കും. പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള സ്വത്തുക്കള്‍ ശത്രു സ്വത്താണെന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സെയ്ഫ് അലി ഖാന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
2014ലിലായിരുന്നു സര്‍ക്കാര്‍ സെയ്ഫ് അലി ഖാന്റെ സ്വത്തുക്കള്‍ക്കെതിരെ മധ്യപ്രദേശ് നോട്ടീസ് നല്‍കിയത്. പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള സ്വത്തുക്കള്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ചാണ് കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപര്‍ട്ടി വിഭാഗം നടന് നോട്ടീസ് നല്‍കിയത്. എന്നാല്‍ 2015ല്‍ സെയ്ഫ് ഇതില്‍ സ്റ്റേ വാങ്ങി.
ഫ്‌ളാഗ് സ്റ്റാഫ് ഹൗസ്, നൂര്‍ അസ് സഭാ പാലസ്, ദാര്‍ ഉസ് സലാം, ബംഗ്‌ളാവ് ഓഫ് ഹബീബി, അഹ്‌മദാബാദ് കൊട്ടാരം, കൊഹേഫിസ സ്വത്തു വകകള്‍ എന്നിവ അടക്കമാണ് സര്‍ക്കാര്‍ ഏറ്റെടുത്ത സ്വത്തുക്കളില്‍ പെടുക.
വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് പോയി പൗരത്വം നേടിയവരുടെ ഇന്ത്യയില്‍ അവശേഷിക്കുന്ന സ്വത്തുക്കളെയാണ് ശത്രു സ്വത്തായി പ്രഖ്യാപിക്കുന്നത്. ഭോപ്പാലിലെ അവസാന നവാബായിരുന്ന ഹമിദുള്ള ഖാന് മൂന്ന് മക്കളായിരുന്നു. മൂത്ത മകള്‍ ആബിദ സുല്‍ത്താന്‍ 1950ല്‍ പാകിസ്ഥാനിലേക്ക് കുടിയേറി. രണ്ടാമത്തെ മകള്‍ സാജിദ സുല്‍ത്താന്‍ ഇന്ത്യയില്‍ തന്നെ തുടരുകയും നവാബ് ഇഫ്തിഖര്‍ അലി ഖാന്‍ പട്ടൗഡിയെ വിവാഹം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നിയമപരമായി അവകാശികളായി ഇവര്‍ മാറുകയും ചെയ്തു.
ഈ സ്വത്തുക്കളുടെ അവകാശമുള്ളവരില്‍ സാജിദയുടെ കൊച്ചുമകനായ സെയ്ഫ് അലി ഖാനും ഉള്‍പ്പെടുന്നു. എന്നാല്‍ ആബിദ സുല്‍ത്താന്റെ പാകിസ്ഥാനിലേക്കുള്ള കുടിയേറ്റമാണ് സര്‍ക്കാര്‍ സ്വത്തുക്കള്‍ കണ്ടെടുക്കുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.