സാമ്പത്തിക ബാധ്യതകൾ അന്വേഷിക്കാമെന്ന് കോൺഗ്രസ് നേതാക്കളുടെ ഉറപ്പിനെ തുടർന്നാണ് സിപിഐഎമ്മിനെതിരെ രംഗത്തുവന്നതെന്ന് വീഡിയോയിൽ വ്യക്തം.
കൂത്താട്ടുകുളത്തെ രാഷ്ട്രീയ വിവാദത്തില്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സിപിഎം. ഒപ്പം നില്‍ക്കാന്‍ യുഡിഎഫ് സഹായം വാഗ്ദാനം ചെയ്‌തെന്ന കലാ രാജുവിന്റെ വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കൂത്താട്ടുകുളത്ത് യുഡിഎഫ് കുതിരക്കച്ചവടത്തിനുള്ള ശ്രമം നടത്തിയെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. അതേസമയം പൊലീസുകാരെ ആക്രമിച്ച കേസില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ പ്രതി ചേര്‍ത്തു.
അവിശ്വാസപ്രമേയ ദിവസം കലാ രാജുവിനെ സിപിഎം ഏരിയാ കമ്മറ്റി ഓഫീസില്‍ എത്തിച്ചതിന് ശേഷമുള്ള കൂടുതല്‍ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പണം തരാമെന്ന് വാഗ്ദാനം ചെയ്തില്ലെങ്കിലും സഹായിക്കാമെന്ന് യുഡിഎഫ് ഉറപ്പ് നല്‍കിയതായി കലാ രാജു വനിതാ കൗണ്‍സിലര്‍മാരോട് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അന്വേഷിക്കാമെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍, അത് സെറ്റില്‍ ചെയ്യാമെന്ന് അറിയിച്ചു. പ്രതിസന്ധിഘട്ടത്തില്‍ സിപിഎം കൂടെ നിന്നില്ലെന്നും കലാ രാജു ആരോപിക്കുന്നുണ്ട്.
ബാങ്ക് വായ്പ സംബന്ധിച്ച കാര്യങ്ങളില്‍ കത്ത് നല്‍കിയിരുന്നുവെന്നും ഇതില്‍ ഇടപെടാന്‍ സാവകാശം ലഭിക്കും മുമ്പ് കലാ രാജുവിനെ കാണാതായതായും സിപിഎം ജില്ല സെക്രട്ടറി സി.എന്‍. മോഹനന്‍ പറഞ്ഞു.
കൂത്താട്ടുകുളത്ത് പൊലീസുകാരെ ആക്രമിച്ചെന്ന കേസില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെയും പൊലീസ് പ്രതി ചേര്‍ത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.