fbwpx
LGBTQ+ വിഭാഗങ്ങളോടും കുടിയേറ്റക്കാരോടും കരുണ കാണിക്കണം; ട്രംപിനോട് നേരിട്ട് അഭ്യര്‍ഥിച്ച് ബിഷപ്പ്
logo

ന്യൂസ് ഡെസ്ക്

Posted : 22 Jan, 2025 01:08 PM

പ്രാര്‍ഥനാ യോഗം വിചാരിച്ച അത്ര നന്നായില്ലെന്നും ഇനിയും മെച്ചപ്പെടുത്താമായിരുന്നു എന്നുമാണ് ട്രംപ് അറിയിച്ചത്

WORLD


ക്വീര്‍ വിഭാഗങ്ങളോടും കുടിയേറ്റക്കാരോടും കരുണ കാണിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അഭ്യര്‍ഥിച്ച് വാഷിംഗ്ടണിലെ ബിഷപ്പ്. യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ഔദ്യോഗിക പരിസമാപ്തി കുറിക്കുന്ന പ്രാര്‍ഥനാ ചടങ്ങിലാണ് വാഷിംഗ്ടണിലെ എപിസ്‌കോപ്പല്‍ ബിഷപ്പ് റൈറ്റ് റവ. മരിയാന്‍ എഡ്ഗര്‍ ബുഡ്ഡേ നേരിട്ട് ട്രംപിനോട് ഇക്കാര്യം അഭ്യര്‍ഥിച്ചത്.

'ദൈവത്തിന്റെ നാമത്തില്‍ രാജ്യത്തെ ഇപ്പോള്‍ പേടിച്ച് കഴിയുന്ന ജനതയോട് കരുണയുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുകയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും ഡെമോക്രാറ്റിക് പാര്‍ട്ടിയിലും സ്വതന്ത്രരിലുമെല്ലാം ഗേ ആയവരും ലെസ്ബിയന്‍ ആയവരും ട്രാന്‍സ്‌ജെന്‍ഡര്‍മാരും ജീവനില്‍ ഭയപ്പെട്ട് കഴിയുന്നുണ്ട്,' ബിഷപ്പ് പറഞ്ഞു.

പിന്നാലെ കുടിയേറ്റക്കാരെ കുറിച്ചും ബിഷപ്പ് പറഞ്ഞു. പലരും കൃഷി ചെയ്തും ആശുപത്രികളില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്തും ജീവിതം തള്ളി നീക്കുന്നവരാണ്. അവര്‍ ആരും തന്നെ ചിലപ്പോള്‍ അമേരിക്കന്‍ പൗരരായിക്കൊള്ളണമെന്നില്ല. കൃത്യമായ രേഖകള്‍ പോലും ഉണ്ടായിക്കൊള്ളണമെന്നില്ല. കുടിയേറ്റക്കാരില്‍ വരുന്ന ഭൂരിഭാഗം പേരും ക്രിമിനലുകളല്ലെന്നും ബിഷപ്പ് പറഞ്ഞു. അവരും നികുതി അടയ്ക്കുന്നുണ്ടെന്നും നല്ല അയല്‍ക്കാര്‍ ആണെന്നും കൃസ്ത്യന്‍ പള്ളികളിലും മുസ്ലീം പള്ളികളിലും സിനഗോഗുകളിലും ഗുരുദ്വാരകളിലും ക്ഷേത്രങ്ങളിലും വരുന്ന വിശ്വാസികളാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.


ALSO READ: ക്യാപ്പിറ്റോള്‍ അക്രമികള്‍ക്ക് മാപ്പ്, മെക്സിക്കോയില്‍ മതില്‍, WHOയില്‍ നിന്ന് പിന്മാറ്റം, LGBTQ+ എന്നൊന്നില്ല; പ്രസിഡന്‍റ് ട്രംപിന്‍റെ ഒന്നാം ദിന ഉത്തരവുകള്‍


ബിഷപ്പ് ഇക്കാര്യം അറിയിക്കുമ്പോള്‍ ട്രംപ് ഭാര്യ മെലാനിയയ്ക്കും ജെഡി വാന്‍സിനുമൊപ്പം മുന്‍ നിരയില്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഭാവഭേദമേതുമില്ലാതെയാണ് ട്രംപ് ബിഷപ്പിന്റെ അഭ്യര്‍ഥന കേട്ടത്. പരിപാടിക്ക് ശേഷം മാധ്യമങ്ങളെക്കണ്ട ട്രംപ് പ്രാര്‍ഥനാ യോഗം വിചാരിച്ച അത്ര നന്നായില്ലെന്നും ഇനിയും മെച്ചപ്പെടുത്താമായിരുന്നെന്നും അറിയിച്ചു.


മെക്സിക്കൻ മതിൽ-പൗരത്വം-കുടിയേറ്റം


മെക്സിക്കന്‍ അതിര്‍ത്തി വഴിയുള്ള കുടിയേറ്റത്തെ അടിയന്തരാവസ്ഥ പ്രഖ്യാപനം കൊണ്ടാണ് ട്രംപ് നേരിടാനൊരുങ്ങുന്നത്. ആദ്യപടിയെന്ന നിലയില്‍ യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ കുടിയേറ്റക്കാര്‍ ആശ്രയിക്കുന്ന സിബിപി വണ്‍ എന്ന പോര്‍ട്ടലിന്റെ പ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ചു. കുടിയേറ്റ നിയന്ത്രണത്തിന് ടാസ്‌ക് ഫോഴ്‌സിനെ നിയമിക്കുകയും യുഎസ് സൈന്യത്തിന്റെയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെയും സാന്നിധ്യം ശക്തമാക്കുകയും ചെയ്യും. കൂട്ടനാടുകടത്തലുണ്ടാകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിലേക്കുള്ള ആദ്യചുവടായാണ് ഈ നീക്കം നിരീക്ഷിക്കപ്പെടുന്നത്.

രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്ന ആളുകളുടെ കുട്ടികള്‍ക്ക് ജന്മാവകാശമായി പൗരത്വം നല്‍കുന്നത് നിര്‍ത്താനും ട്രംപ് ഫെഡറല്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതുവഴി, യുഎസിന്റെ മണ്ണില്‍ ജനിച്ചവര്‍ക്ക്, അവരുടെ മാതാപിതാക്കളുടെ കുടിയേറ്റ പദവി പരിഗണിക്കാതെ, പൗരത്വത്തിനുള്ള അവകാശം നല്‍കുന്ന ഭരണഘടനയുടെ 14-ാം ഭേദഗതി പുനര്‍ വ്യാഖ്യാനം ചെയ്യപ്പെടുകയാണ്.

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണം പുനരാരംഭിക്കാനും ട്രംപ് ഉദ്യോഗസ്ഥര്‍കര്‍ക്ക് നിര്‍ദേശം നല്‍കി. ആദ്യ ഭരണകാലത്ത് ട്രംപിന്റെ പിന്തുണയോടെ ആരംഭിച്ച കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണിത്. മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഈ പദ്ധതി നിര്‍ത്തിവച്ചിരുന്നു. 2017 നും 2021 ജനുവരി നും ഇടയില്‍ ട്രംപിന്റെ ഭരണകാലത്ത് തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഏകദേശം 450 മൈലിലാണ് മതില്‍ നിര്‍മിച്ചത്.

ALSO READ: ടിക്ടോക് നിരോധനം നടപ്പിലാക്കാനുള്ള സമയപരിധി 75 ദിവസത്തേക്ക് നീട്ടി ട്രംപ്; യുഎസില്‍ തുടരാന്‍ കമ്പനിയുടെ പകുതി ഓഹരി നൽകണം


ഇനി ആണും പെണ്ണും മാത്രം


തീവ്രയാഥാസ്ഥിതിക അനുകൂലികള്‍ക്കിടയില്‍ വലിയ ആരവമുണ്ടാക്കിയ ട്രംപിന്റെ മറ്റൊരു പ്രഖ്യാപനം ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായാണ്. എല്‍ജിബിറ്റിക്യു പ്ലസ് (ഘഏആഠഝ+) വിഭാഗങ്ങളുടെ അവകാശങ്ങളിലാണ് നയവ്യത്യാസം വന്നിരിക്കുന്നത്. രാജ്യത്ത് ആണും പെണ്ണുമായി രണ്ട് ലൈംഗികവിഭാഗങ്ങളെയുള്ളൂ എന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപ്രകാരം, ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകളെ വനിതാ കായിക വിഭാഗങ്ങളില്‍ നിന്നു പുറത്താക്കുമെന്നാണ് പ്രഖ്യാപനം. 'ക്രോമസോം നിര്‍വചനം' എന്നതിന് വിപരീതമായി 'പ്രത്യുല്‍പാദന പ്രവര്‍ത്തനം' വഴിയാകും ഇനി ലിംഗം നിര്‍ണയിക്കപ്പെടുക.

വൈവിധ്യം, തുല്യത, ഉള്‍ച്ചേരല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന എല്ലാ നയങ്ങളും പരിപാടികളും അവസാനിപ്പിക്കുന്നതിന് ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മാനേജ്മെന്റ് ആന്‍ഡ് ബജറ്റ് ഓഫീസിനോട് ട്രംപ് നിര്‍ദേശവും നല്‍കി.

Also Read
user
Share This

Popular

KERALA
KERALA
IMPACT| സിനിമാ ചിത്രീകരണത്തെ തുടര്‍ന്ന് ചികിത്സ വൈകിപ്പിച്ചെന്ന പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍