സിഎജി കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണ ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പരാതി നൽകിയിട്ടുണ്ട്
കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടെന്ന സിഎജി റിപ്പോർട്ടിന് പിന്നാലെ പുതിയ ആരോപണവുമായി പ്രതിപക്ഷം. കുറഞ്ഞ വിലയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന തിരുപ്പൂർ ആസ്ഥാനമായ കമ്പനിയുടെ കത്ത് മറികടന്നാണ് കൂടിയ വിലയ്ക്ക് ഓർഡർ നൽകിയതെന്നാണ് ആരോപണം. സിഎജി കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പരാതി നൽകിയിട്ടുണ്ട്.
കോവിഡ് കാലത്ത് കൂടിയ തുകയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിൽ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ സിഎജി ഇപ്പോൾ ശരിവെച്ചെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. 1,550 രൂപയെന്ന നിരക്കിൽ ഓർഡർ ചെയ്യുന്നതിൻ്റെ തലേന്ന് കുറഞ്ഞ ചെലവിൽ കിറ്റ് നൽകാൻ തയ്യാറായ കമ്പനി നൽകിയ കത്തും പ്രതിപക്ഷനേതാവ് പുറത്തുവിട്ടു. ജിഎസ്ടിക്ക് പുറമെ 550 രൂപയ്ക്ക് പിപിഇ കിറ്റ് നൽകാൻ തയ്യാറാണെന്നാണ് കത്തിലുള്ളത്.
പിപിഇ കിറ്റ് കിട്ടാനുണ്ടായിരുന്നില്ലെന്നാണ് മുൻ ആരോഗ്യമന്ത്രി പറഞ്ഞത്, 550 രൂപയ്ക്ക് നൽകാമെന്ന് ഒരു കമ്പനി കത്ത് നൽകിയിരുന്നു, തിരുപ്പൂരിലുള്ള അനിതാ ടെസ്കോട്ട് ആണ് കത്ത് നൽകിയത്, അത് മറികടന്നാണ് കൂടുതൽ തുക നൽകി ഓർഡർ ചെയ്തതെന്നും പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണ് അഴിമതി നടന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശൻ നിയമസഭയിൽ ആരോപിച്ചു. കോവിഡ് കാലത്ത് നടന്ന സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കാൻ സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുമോയെന്ന് മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ ചോദിച്ചു.
പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേടുണ്ടെന്ന് സിഐജി കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പരാതി നൽകി. 10.23 കോടി രൂപയുടെ അധിക ബാധ്യത എങ്ങനെയെന്ന് അന്വേഷിക്കണമെന്നും മുഖ്യമന്ത്രിയെയും മുൻ ആരോഗ്യ മന്ത്രിയേയും പ്രതിചേർക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.