അപൂര്‍വ രോഗങ്ങള്‍, കാന്‍സര്‍ പോലുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് 36 ജീവന്‍ രക്ഷാ മരുന്നുകള്‍ കസ്റ്റം ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മോദി സര്‍ക്കാരിന്റെ മൂന്നാമൂഴത്തില്‍ ആദ്യത്തെ സമ്പൂര്‍ണ ബജറ്റ് ആണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സിതാരാമന്‍ അവതരിപ്പിച്ചത്. സക്ഷം അംഗന്‍വാടി ആന്‍ഡ് പോഷന്‍ 2.0, മെഡിക്കല്‍ ടൂറിസം, കാന്‍സര്‍ ഡേ സെന്ററുകള്‍ മെഡിക്കല്‍ കോഴ്‌സുകളിലേക്ക് അധിക സീറ്റുകള്‍, ജീന്‍ ബാങ്ക് തുടങ്ങിയവയാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിലെ ആരോഗ്യ മേഖലയിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍.
മെഡിക്കൽ കോഴ്സുകളിലേക്കുള്ള സീറ്റുകൾ
2014 ന് ശേഷം 1.1 ലക്ഷം മെഡിക്കല്‍ യുജി, പിജി സീറ്റുകള്‍ അനുവദിച്ചതായും അടുത്ത വര്‍ഷം ആശുപത്രികളിലും കോളേജുകളിലുമായി 10,000 അഡീഷണല്‍ സീറ്റുകള്‍ അനുവദിക്കുമെന്നും ബജറ്റില്‍ പറയുന്നു.
കാൻസർ 'ഡേ കെയർ'
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലാ ആശുപത്രികളിലും ഡേ കെയര്‍ കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കും. അപൂര്‍വ രോഗങ്ങള്‍, കാന്‍സര്‍ പോലുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് 36 ജീവന്‍ രക്ഷാ മരുന്നുകള്‍ കസ്റ്റം ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതില്‍ ആറ് മരുന്നുകള്‍ക്ക് പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്.
ALSO READ: UNION BUDGET 2025| നിര്‍മിത ബുദ്ധിക്ക് ഊന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്; AI വിദ്യാഭ്യാസത്തിന് 500 കോടി
പോഷകാഹാര പദ്ധതികള്‍
സക്ഷം അംഗന്‍വാടി ആന്‍ഡ് പോഷന്‍ 2.0 എന്ന പദ്ധതിയിലൂടെ 8 കോടി വരുന്ന കുട്ടികള്‍, 1 കോടി വരുന്ന ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, തെരഞ്ഞെടുത്ത ജില്ലകളിലെയും വടക്ക് കിഴക്കന്‍ മേഖലകളിലെയും കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് പോഷകാഹാരക്കുറവ് പരിഹരിക്കുന്ന നടപടി സ്വീകരിക്കും. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്നും ബജറ്റില്‍ പറയുന്നു.
മെഡിക്കല്‍ ടൂറിസം
സ്വകാര്യ മേഖലയോട് കൈകോര്‍ത്ത് ഇന്ത്യയില്‍ മെഡിക്കല്‍ ടൂറിസം വ്യാപിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. വിദേശികളായ രോഗികളെ മെഡിക്കല്‍ ടൂറിസത്തിലൂടെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയാണ് ഇതുവഴി ലക്ഷ്യംവെക്കുന്നത്. ഉയര്‍ന്ന നിലവാരം നല്‍കുന്ന തരം കുറഞ്ഞ ചെലവിലുള്ള ചികിത്സ നല്‍കുക എന്നതും ഇതുകൊണ്ട് ഉദ്ദേശിക്കുന്നു. ആയുര്‍വേദം അടക്കമുള്ള പരമ്പരാഗത ചികിത്സാ രീതിയെയും ഇതില്‍ ഉള്‍പ്പെടുത്തുന്നു.
ജീന്‍ ബാങ്ക്
ഭാവിയിലെ ഭക്ഷണം, പോഷകാഹാര സുരക്ഷിതത്വം എന്നിവയ്ക്കായി 10 ലക്ഷം ജേം പ്ലാസം ലൈന്‍സ് അടങ്ങുന്ന ജീന്‍ ബാങ്ക് എന്നിവ നിര്‍മിക്കുമെന്ന് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ പറയുന്നു. പൊതുരംഗത്തും സ്വകാര്യ രംഗത്തുമുള്ള ജെനറ്റിക് റോസോഴ്‌സസിനെ പിന്തുണയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്.