ആലുവ സ്വദേശിനിയായ നടിയെ ചെന്നൈയിലേക്ക് വിളിച്ചു വരുത്തി നിരവധി പേരുടെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി
നടന്മാർക്കെതിരെ പീഡന പരാതി നൽകിയ ആലുവ സ്വദേശിനിയായ നടി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടന്മാർക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് തനിക്കെതിരെ വിവിധ കേസുകൾ കെട്ടിച്ചമച്ചിട്ടുണ്ടെന്നും അറസ്റ്റിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.
പീഡന ആരോപണമുന്നയിച്ചതിന് പിന്നാലെ നിരന്തരം ജീവന് ഭീഷണിയുണ്ടെന്നും ഹർജിയിൽ പറയുന്നു.
Also Read: പോക്സോ കേസ്: മുൻകൂർ ജാമ്യത്തിനായി ഹർജി നൽകി ആലുവ സ്വദേശിനിയായ നടി
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ തനിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാനായി വിവരാവകാശ നിയമ പ്രകാരം പൊലീസിന് അപേക്ഷ നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്നും പരാതിക്കാരി ഹർജിയിൽ പറയുന്നു. നടിക്കെതിരെ ബന്ധുവായ യുവതി കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇതിൽ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
Also Read: സിദ്ദീഖിന്‍റെ അറസ്റ്റ്: സുപ്രീം കോടതി വിധി വന്ന ശേഷം മതിയെന്ന തീരുമാനവുമായി അന്വേഷണ സംഘം
ആലുവ സ്വദേശിനിയായ നടിയെ ചെന്നൈയിലേക്ക് വിളിച്ചു വരുത്തി നിരവധി പേരുടെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. നടി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറി. പരാതി നൽകിയ യുവതിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം വിശദമായി മൊഴിയെടുത്തിരുന്നു.