മിച്ചെൽ സ്റ്റാർക്കിൻ്റെ തകർപ്പൻ പ്രകടനമാണ് ഹൈദരാബാദ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്
ഐപിഎല്ലിൽ ഞായറാഴ്ചത്തെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 7 വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്. ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദിനെ 18.4 ഓവറിൽ 163 റൺസിന് ഡൽഹി ബൗളർമാർ എറിഞ്ഞിട്ടിരുന്നു. മറുപടിയായി 16 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അക്സർ പട്ടേലിൻ്റെ ഡൽഹി ലക്ഷ്യം കണ്ടു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഹൈദരാബാദിനെ നിഷ്പ്രഭമാക്കിയാണ് ഡൽഹിയുടെ കുതിപ്പ്.
ഡൽഹിക്കായി ഫാഫ് ഡുപ്ലെസി (27 പന്തിൽ 50) അർധസെഞ്ച്വറി നേടി. ജേക്ക് ഫ്രേസർ മക്‌ഗുർക്ക് (38), അഭിഷേക് പോറൽ (34), ട്രിസ്റ്റൺ സ്റ്റബ്സ് (21), കെ.എൽ. രാഹുൽ (15) എന്നിവരും മികച്ച ഫോമിൽ ബാറ്റുവീശി.
നേരത്തെ ഡൽഹിയുടെ ഓസീസ് പേസറായ മിച്ചെൽ സ്റ്റാർക്കിൻ്റെ തകർപ്പൻ പ്രകടനമാണ് ഹൈദരാബാദ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. സ്റ്റാർക്ക് 3.4 ഓവറിൽ 35 റൺസ് വഴങ്ങി നിർണായകമായ അഞ്ച് വിക്കറ്റുകൾ പിഴുതെടുത്തു. ട്രാവിസ് ഹെഡ് (22), ഇഷാൻ കിഷൻ (2), നിതീഷ് റെഡ്ഡി (0), മുൾഡർ (9), ഹർഷൽ പട്ടേൽ (5) എന്നിവരാണ് സ്റ്റാർക്കിന് മുന്നിൽ തലകുനിച്ചത്.
ALSO READ: മാനം തിരിച്ചുപിടിക്കണം, വീണ്ടും ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം; സമ്പൂർണ വിവരങ്ങൾ ഇതാ
ഹൈദരാബാദിനായി അനികേത് വർമ (74) മാത്രമാണ് അർധസെഞ്ചുറി തികച്ചത്. ഹെൻറിച്ച് ക്ലാസൻ (32), ട്രാവിസ് ഹെഡ് (22) എന്നിവരും തിളങ്ങി. ഡൽഹിക്കായി കുൽദീപ് യാദവ് മൂന്നും മോഹിത് ശർമ ഒരു വിക്കറ്റും വീഴ്ത്തി.