മുൻ ഇന്ത്യൻ താരങ്ങളുടെ വിൻ്റേജ് കൂട്ടുകെട്ടിൽ നിന്നാണ് ബാറ്റിങ്ങിൽ കത്തിക്കയറുകയായിരുന്ന റോയൽസ് താരം നിതീഷ് റാണ വീണത്.
രാജസ്ഥാൻ റോയൽസ്-ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ മത്സരത്തിൽ വലിയൊരു വഴിത്തിരിവായത് ധോണി-അശ്വിൻ കൂട്ടുകെട്ടിൽ വിരിഞ്ഞൊരു സ്റ്റംപിങ് അവസരമാണ്. മുൻ ഇന്ത്യൻ താരങ്ങളുടെ വിൻ്റേജ് കൂട്ടുകെട്ടിൽ നിന്നാണ് ബാറ്റിങ്ങിൽ കത്തിക്കയറുകയായിരുന്ന റോയൽസ് താരം നിതീഷ് റാണ വീണത്.
36 പന്തിൽ നിന്ന് അഞ്ച് സിക്സറും പത്ത് ഫോറും സഹിതം 81 റൺസെടുത്ത് നിൽക്കെയാണ് റാണയെ അശ്വിൻ വീഴ്ത്തിയത്. 12ാം ഓവറിലെ മൂന്നാം പന്തിൽ കൂറ്റനടിക്കായി ക്രീസ് വിട്ടിറങ്ങിയ ഇടങ്കയ്യൻ റാണയെ ഞെട്ടിച്ച് കൊണ്ട് ഓഫ് സൈഡിൽ വൈഡാണ് അശ്വിൻ എറിഞ്ഞത്. അശ്വിൻ്റെ പ്ലാൻ മനസിലാക്കാതെ മുന്നോട്ട് കയറിയ റാണയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കാൻ പോലും കഴിയുന്നതിന് മുമ്പ് സാക്ഷാൽ മഹേന്ദ്ര സിങ് ധോണി ബെയ്ൽ തെറിപ്പിച്ചു.
ഈ സമയം, 124/2 എന്ന നിലയിൽ ശക്തമായ നിലയിലായിരുന്നു സഞ്ജുവിൻ്റെ രാജസ്ഥാൻ. നാലോവറിൽ 46 റൺസ് വഴങ്ങിയെങ്കിലും റാണയെ പുറത്താക്കിയതിലൂടെ ചെന്നൈയ്ക്ക് ശക്തമായി മത്സരത്തിലേക്ക് തിരിച്ചുവരാൻ അശ്വിൻ വഴിയൊരുക്കി.
ALSO READ: സ്റ്റാറായി സ്റ്റാർക്കും ഡുപ്ലെസിസും; ഡൽഹി ക്യാപിറ്റൽസിന് ഏഴ് വിക്കറ്റ് ജയം
നേരത്തെ ടോസ് നേടിയ ചെന്നൈ നായകൻ രാജസ്ഥാനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ജയ്‌സ്വാൾ നാലു റൺസുമായി മടങ്ങിയപ്പോൾ സഞ്ജു സാംസണും (20) നിതീഷ് റാണയും (81) റിയാൻ പരാഗും (37) ചേർന്നാണ് രാജസ്ഥാനെ മികച്ച സ്കോറിലേക്ക് നയിച്ചത്. എന്നാൽ വാലറ്റത്ത് ഹെറ്റ്‌മെയർ (19) ഒഴികെ മറ്റാർക്കും കാര്യമായ സംഭാവനകൾ നൽകാനായില്ല.