ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാര്‍ച്ച് 21 ന് ആരംഭിക്കും. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ, രാജീവ് ശുക്ല മാര്‍ച്ച് 23 എന്ന് തെറ്റായി തീയതി പ്രഖ്യാപിച്ചിരുന്നു, പിന്നീട് അദ്ദേഹം അത് മാര്‍ച്ച് 21 എന്ന് തിരുത്തിയതായാണ് റിപ്പോര്‍ട്ട്.
ഇന്ന് നടന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് തീയതി സംബന്ധിച്ച അന്തിമ തീരുമാനമായത്. മെയ് 25 നാകും ഫൈനല്‍ മത്സരം നടക്കുക. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ആദ്യ രണ്ട് യോഗ്യതാ മത്സരങ്ങളും കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ രണ്ടാം പ്ലേഓഫും ഫൈനലും നടക്കും.
Also Read: മുൻ അസം താരം ദേവജിത് സൈകിയ പുതിയ ബിസിസിഐ സെക്രട്ടറി
പതിവില്‍ നിന്ന് വ്യത്യസ്തമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും ഇത്തവണ ഐപിഎല്‍ നടക്കുക. ബിസിസിഐയില്‍ നിന്ന് ഐസിസിയിലേക്ക് ജയ് ഷാ എത്തിയതിനു പിന്നാലെയാണ് പുതിയ പരിഷ്‌കാരങ്ങള്‍.
ഐപിഎല്‍ മെഗാ ലേലത്തില്‍ 639.15 കോടി രൂപയ്ക്കാണ് 182 കളിക്കാരെ തെരഞ്ഞെടുത്തത്. നവംബര്‍ അവസാനത്തില്‍ സൗദി അറേബ്യയില്‍ വെച്ചായിരുന്നു മെഗാ താര ലേലം നടന്നത്.
അതേസമയം, ഒരു വര്‍ഷത്തേക്ക് പുതിയ കമ്മീഷണറെ നിയമിച്ചതായും അദ്ദേഹം അറിയിച്ചു. ജനുവരി 18-19 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ ചാമ്പ്യന്‍സ് ട്രോഫിയിലേക്കുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിക്കും.