പ്രഭ്ദേജ് സിങ് ഭാട്ടിയയാണ് പുതിയ ബിസിസിഐ ട്രഷറർ.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറിയായി മുൻ അസം താരം ദേവജിത് സൈകിയയെ നിയമിച്ചു. ഐസിസി ചെയർമാനായി ജയ് ഷാ ചുമതലയേറ്റതിനെ തുടർന്നാണ് നിയമനം. ക്രിക്കറ്റിനെ കൂടാതെ നിയമം, ഭരണം എന്നീ മേഖലകളിലും പ്രാവീണ്യമുള്ള വ്യക്തിയാണ് സൈകിയ. പ്രഭ്ദേജ് സിങ് ഭാട്ടിയയാണ് പുതിയ ബിസിസിഐ ട്രഷറർ.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കീപ്പറായിരുന്ന സൈകിയ 90കളിലാണ് അസമിന് വേണ്ടി കളിച്ചിരുന്നത്. ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം ഗുവാഹത്തി ഹൈക്കോടതി അഭിഭാഷകനായി പ്രവർത്തിച്ചു. 2016ലാണ് സൈകിയ ക്രിക്കറ്റ് ഭരണത്തിലേക്ക് പ്രവേശിച്ചത്. അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വാ ശര്‍മയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച അസം ക്രിക്കറ്റ് അസോസിയേഷന്റെ (എസിഎ) ആറ് വൈസ് പ്രസിഡന്റുമാരില്‍ ഒരാളായി ആയിരുന്നു ആദ്യ നിയമനം. പിന്നീട് 2019-ല്‍ എസിഎ സെക്രട്ടറിയായി. 2022-ല്‍ ബിസിസിഐ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നതുവരെ അദ്ദേഹം ആ സ്ഥാനം വഹിച്ചു. ഡിസംബർ ഒന്നുമുതൽ ബിസിസിഐ ഇടക്കാല സെക്രട്ടറിയുടെ ചുമതലയും സൈകിയയ്ക്ക് ആയിരുന്നു.
Also Read: IND vs ENG ടി 20 പരമ്പര: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവും ഇറങ്ങും, ഷമിയും
ചുമതലയേറ്റെടുത്ത ശേഷം ദേവജിത് സൈകിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തിയ ബോര്‍ഡ് യോഗത്തിൽ പങ്കെടുത്തു. ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീലകന്‍ ഗൗതം ഗംഭീർ എന്നിവരും മീറ്റിങ്ങിൽ പങ്കെടുത്തിരുന്നു.